ജയസൂര്യയ്ക്ക് പിന്നാലെ കേസിൽ കുടുങ്ങി എം ജി ശ്രീകുമാറും !

വെള്ളി, 28 ജൂണ്‍ 2019 (08:32 IST)
കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി പിന്നണി ഗായകന്‍ എം ജി. ശ്രീകുമാറും. ശ്രീകുമാര്‍ കായല്‍ കൈയ്യേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന് വിട്ടു. പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്‌സ്മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി.  
 
മുളവുകാടുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്. എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം.ജി. ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
  
2010ലാണ് എം.ജി. ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കായല്‍ക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം. കെട്ടിടം നിര്‍മിച്ചപ്പോള്‍ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിര്‍മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 
മുളവുകാട് പഞ്ചായത്തിലെ അസി. എന്‍ജീനിയറാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നുമാണു പരാതി. ഡിവൈ. എസ്.പി: ഡി. അശോക് കുമാറാണ് കേസ് അന്വേഷിച്ചത്. നേരത്തേ നടൻ ജയസൂര്യയും സമാനമായ സംഭവത്തിൽ കുടുങ്ങിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇരയായ മനുപ്രസാദിന് പേരുണ്ട്, വേട്ടക്കാരിയായ സ്ത്രീക്ക് പേരില്ല!- കപട സദാചാരബോധം മൂത്ത് മാനസിക രോഗിയായി മാറിയ ഒരു സ്ത്രീയാണ് അവരെന്ന് ജോമോൾ ജോസഫ്