'കരയുന്നത് കാണാതിരിക്കാന്‍ കൂളിങ് ഗ്ലാസ് വെക്കും, മനസ് പതറിയിട്ടുണ്ട്'; കുഞ്ഞില്ലാതിരുന്ന കാലത്തെക്കുറിച്ച് പ്രിയ പറഞ്ഞത്
2005ലാണ് കുഞ്ചോക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്.
മലയാള സിനിമയുടെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. കാലം കടന്നുപോയിട്ടും അദ്ദേഹത്തിന് മാത്രം മാറ്റമൊന്നുമില്ല. തിരിച്ചുവരവിൽ അടുത്തിടെയാണ് കുഞ്ചാക്കോ ബോബൻ പരീക്ഷണങ്ങൾക്ക് തയ്യാറായത്. അത് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു. പ്രിയ ആണ് നടന്റെ ഭാര്യ. അഞ്ച് വര്‍ഷക്കാലത്തെ പ്രണയത്തിന് ശേഷം 2005ലാണ് കുഞ്ചോക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്.
വിവാഹ ശേഷം ഇരുവരും ഒരു കുഞ്ഞിനായി കാത്തിരുന്നത് നീണ്ട 14 വര്‍ഷങ്ങളാണ്. ഇക്കാലമത്രയും കുടുംബക്കാരുടേയും അറിയുന്നവരുടേയും ഒരുപാട് ചോദ്യങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ കാലത്തെക്കുറിച്ച് പ്രിയ സംസാരിക്കുന്നുണ്ട്. എപ്പോഴും പോസിറ്റീവ് എനർജി നൽകി ചാക്കോച്ചൻ കൂടെയുണ്ടാകുമായിരുന്നുവെന്നും എന്നാൽ മനസ് തകർന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രിയ പറയുന്നു.
'കരഞ്ഞു പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്. ചില പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പോകുമ്പോള്‍ മനസിനെ എത്ര ശാന്തമാക്കി വയ്ക്കാന്‍ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേല്‍പ്പിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞു പോയിട്ടുണ്ട്. അപ്പോള്‍ വലിയ കൂളിങ് ഗ്ലാസ് വെക്കും. കരയുന്നത് മറ്റുള്ളവര്‍ കാണില്ലല്ലോ. പലപ്പോഴും പ്രായമായവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കുമായിരുന്നു. ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും നമ്മളെ എത്ര മുറിവേല്‍പ്പിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളില്‍ ചിലരുടെ പൊതു സ്വഭാവമാണിത്. മോളേ കുഞ്ഞുങ്ങളില്ലേ, ഇത്രയും പ്രായമായ സ്ഥിതിയ്ക്ക് ഇനി ഒരു കുഞ്ഞുണ്ടാകാന്‍ പ്രയാസമായിരിക്കും അല്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്', പ്രിയ പറയുന്നു.