SSMB 29: അപ്പോൾ അതങ്ങ് ഉറപ്പിക്കാം... പൃഥ്വിരാജിനെ ഇനി രാജമൗലി ചിത്രത്തിൽ കാണാം; മഹേഷ് ബാബുവിനൊപ്പം പൃഥ്വിയും
ചിത്രത്തിൽ പൃഥ്വിരാജ് ആണ് മഹേഷ് ബാബുവിന് വില്ലനാവുക.
എസ് എസ് രാജമൗലിയുടെ അടുത്ത ചിത്രത്തിൽ മഹേഷ് ബാബു ആണ് നായകൻ. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ആണ് മഹേഷ് ബാബുവിന് വില്ലനാവുക. താടിയെടുത്ത് പുതിയ ലുക്കിലുള്ള പൃഥ്വിയുടെയും താടിയുള്ള മഹേഷ് ബാബുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഒഡിഷയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. ഈ സെറ്റിൽ ജോയിൻ ചെയ്യാനായി നടൻ മഹേഷ് ബാബുവും പൃഥ്വിരാജും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും ആയിരുന്നു ഉണ്ടായിരുന്നത്.
ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ മാസം അവസാനം വരെ നീളുന്ന ഷെഡ്യൂളില്‍ പൃഥ്വിരാജും പങ്കെടുക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്.