Empuraan Trailer; എമ്പുരാൻ ട്രെയ്‌ലർ എവിടെയെന്ന് ചോദിച്ചവരോട്, 'രജനികാന്തിനെ കാണിക്കാൻ കൊണ്ട് പോയതാ' എന്ന് പൃഥ്വിരാജ്
എമ്പുരാന്റെ ട്രെയ്‌ലർ ആദ്യം കണ്ടിരിക്കുന്നത് രജനികാന്ത് ആണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന് ഇപ്പോൾ തന്നെ വമ്പൻ ഹൈപ്പ് വന്നിട്ടുണ്ട്. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് ഇന്നലെയാണ് വന്നത്. ഇപ്പോഴിതാ എമ്പുരാന്റെ ട്രെയ്‌ലർ ആദ്യം കണ്ടിരിക്കുന്നത് രജനികാന്ത് ആണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'എമ്പുരാൻ ട്രെയ്‌ലർ ആദ്യം കണ്ട ആൾ രജനികാന്ത്, ട്രെയ്‌ലർ കണ്ടതിനുശേഷം നിങ്ങൾ പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കും! അത് എനിക്ക് മറക്കാൻ സാധിക്കില്ല! ലോകം കീഴടക്കിയ സന്തോഷമുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകൻ! ' പൃഥ്വിരാജ് കുറിച്ചു. ഇന്ന് വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റേതായി അപ്ഡേറ്റ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇത് ട്രെയ്‌ലർ അപ്ഡേറ്റ് ആയിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
എമ്പുരാൻ മാർച്ച് 27ന് തന്നെ തിയേറ്ററുകളിലെത്തുകയാണ്. ഗോകുലം മൂവിസ് കൂടി നിർമാണ പങ്കാളിത്തം ഏറ്റെടുത്തുകൊണ്ടാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആശിർവാദും മറ്റ് സംസ്ഥാനങ്ങളിൽ പ്രമുഖ വിതരണക്കമ്പനികളുമാണ് എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.