“നിങ്ങള്‍ക്ക് പ്രതിഫലം തരാനുള്ള വക എനിക്കില്ലെ”ന്ന് രഞ്‌ജിത്; “പണം ചോദിച്ചില്ല” എന്ന് മമ്മൂട്ടി !

അനിരാജ് എ കെ

ശനി, 7 മാര്‍ച്ച് 2020 (16:44 IST)
മമ്മൂട്ടിയും രഞ്‌ജിത്തും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കും. അത് കൈയ്യൊപ്പും പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ നല്‍കുന്ന പ്രതീക്ഷയാണ്. രഞ്‌ജിത്ത് പലപ്പോഴും മമ്മൂട്ടിയോട് ഡേറ്റ് ചോദിക്കുകയല്ല, മമ്മൂട്ടി അങ്ങോട്ടുവിളിച്ച് ഡേറ്റ് നല്‍കുകയാണ് പതിവ്.
 
‘കയ്യൊപ്പ്’ എന്ന നല്ല സിനിമയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. ആ സിനിമയുടെ കഥയുടെ പൂര്‍ണരൂപം മമ്മൂട്ടിയുമായി പങ്കുവച്ചപ്പോള്‍ “ഈ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്രനാളത്തെ ഷൂട്ടിംഗ് വേണ്ടിവരും” എന്നാണ് മമ്മൂട്ടി രഞ്ജിത്തിനോട് ചോദിച്ചത്.
 
“നിങ്ങള്‍ക്ക് പ്രതിഫലം നല്‍കാനുള്ള വക എനിക്കില്ല” എന്ന് രഞ്ജിത് പറഞ്ഞപ്പോള്‍ “പണമല്ല, എന്‍റെ ഡേറ്റ് എത്ര വേണം എന്നാണ് ചോദിച്ചത്” എന്ന് മമ്മൂട്ടി മറുപടിയും നല്‍കി.
 
മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍റ് സ്റ്റൈലിനുവേണ്ടി മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പിലാണ് രഞ്ജിത് ഈ അനുഭവം പങ്കുവയ്ക്കുന്നത്.
 
കയ്യൊപ്പിന്‍റെ ചിത്രീകരണത്തിനായി വഴിച്ചെലവിന്‍റെ പണം പോലും ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കാതെ മമ്മൂട്ടി വരികയും, രഞ്‌ജിത് മമ്മൂട്ടിയുടെ ഭാഗങ്ങള്‍ വെറും 14 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്‌തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന ഹ്രസ്വചിത്രം, ദൈർഘ്യം വെറും 15 സെക്കൻഡ്