സെലിബ്രിറ്റികളെ സംബന്ധിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വരാറുണ്ട്. പറയാത്ത കാര്യം പറഞ്ഞുവെന്നതടക്കമുള്ള അപവാദ പ്രചാരണങ്ങൾ നടിമാർക്കെതിരെ നടക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എത്രയോ നടിമാർ അതൊന്നും കണ്ടില്ല എന്ന് നടിച്ച് മിണ്ടാതെ പോകുകയാണ് ചെയ്യാറുള്ളത്, എന്തുകൊണ്ടാണ് സായി പല്ലവി എല്ലാത്തിനോടും പ്രതികരിക്കുന്നത് എന്ന ചോദ്യം അടുത്തിടെ നടി സായ് പല്ലവി നേരിട്ടു. അതിന് നടി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു.
തനിക്ക് ചില ഉത്തരവാദിത്വമുണ്ട് എന്ന് സായി പല്ലവി വ്യക്തമാക്കി. ഞാൻ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം എന്റേതാണ്, മാത്രമല്ല എന്നെ സ്‌നേഹിക്കുന്നവരോടും എനിക്ക് ചില ഉത്തരവാദിത്വമുണ്ട്. അവരെ എന്തിന്റെ പേരിലായാലും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ പ്രസ്താവനകളിലോ വാക്കുകളിലോ എന്തെങ്കിലും തെറ്റിദ്ധാരണ തോന്നിയാൽ അത് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്.
അതിനപ്പുറം അറിഞ്ഞോ അറിയാതെയോ എനിക്കാരെയും വേദനിപ്പിക്കേണ്ട. അത് ആളുകളെ പ്രീതിപ്പെടുത്താനുള്ള തന്ത്രമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമാക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു- സായി പല്ലവി പറഞ്ഞു.