നടി ഷർമിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്റെയും മകനായ സെയ്ഫ് അലി ഖാൻ ചെറുപ്പം മുതലെ സെലിബ്രിറ്റി സ്റ്റാറ്റസ് അനുഭവിച്ചാണ് വളർന്നത്. പിന്നീട് സ്വന്തം പേരിലും താരം അറിയപ്പെടാൻ തുടങ്ങി. നടിയായ അമൃതയെ ആയിരുന്നു സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. അമൃതയുമായി വിവാഹബന്ധം പിരിഞ്ഞ സെയ്ഫ് എട്ട് വർഷങ്ങൾക്ക് ശേഷമാണ് നടി കരീന കപൂറിനെ വിവാഹം കഴിച്ചത്.
മോഷണ ശ്രമത്തിനിടെ മോഷ്ടാവിൽ നിന്നും കുത്തേറ്റ സെയ്ഫ് അലി ഖാൻ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ആറോളം കുത്താണ് സെയ്ഫിന്റെ ശരീരത്തിലേറ്റത്. സെലിബ്രിറ്റികളുടെ കേന്ദ്രമായ ബാന്ദ്രയിലാണ് സെയ്ഫും കുടുംബവും താമസിക്കുന്നത്. അതീവ സുരക്ഷയുള്ള വീട്ടിൽ എങ്ങനെയാണ് മോഷണം നടന്നത് എന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ് വീട്ടുകാർ. കോടികൾ മൂല്യമുള്ള വീട്ടിലാണ് സെയ്ഫ് അലി ഖാനും കരീന കപൂറും താമസിക്കുന്നത്.
സെയ്ഫും കരീന കപൂറും ബാന്ദ്രയിലെ ഫോർച്യൂൺ ഹൈറ്റ്സിലായിരുന്നു ഒരു പതിറ്റാണ്ടിലേറെ താമസിച്ചിരുന്നത്. പിന്നീട് മുംബൈയിലെ സത്ഗുരു ശരണിലെ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി. ദർശിനി ഷാ രൂപകൽപ്പന ചെയ്ത ഈ വീടിന്റെ മൂല്യം 55 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. വിശാലമായ ലൈബ്രറി, പുരാതന അലങ്കാര വസ്തുക്കൾ, മോഡേൺ ഫർണിച്ചറുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ വീട്. ഇത് കൂടാതെ താരദമ്പതികൾക്ക് സ്വിറ്റ്സർലൻഡിലെ ജിസ്റ്റാഡിൽ 33 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനവും ഉണ്ട്. സിഎൻബിസി ടിവി 18 റിപ്പോർട്ട് പ്രകാരം സെയ്ഫ് അലി ഖാന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുണ്ട്.