ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ഡിസംബറിലെ വമ്പന്‍ റിലീസാണ് 'സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയര്‍'. നടന്‍ പ്രഭാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. കേരളത്തില്‍ ഉടനീളം വലിയ പ്രമോഷന്‍ പരിപാടികള്‍ നിര്‍മാതാക്കള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ സന്തോഷം പൃഥ്വിരാജ് പങ്കുവെച്ചു.
അഞ്ചു ഭാഷകളിലാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഈ 5 ഭാഷകളിലും പൃഥ്വിരാജ് തന്നെ ഡബ്ബ് ചെയ്‌തെന്നും ആ സന്തോഷം പൃഥ്വിരാജ് പങ്കുവയ്ക്കുകയും ചെയ്തു. തന്റെ കരിയറിലെ ആദ്യ അനുഭവമാണിതെന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'അവസാന ഡബ്ബിംഗ് തിരുത്തലുകള്‍ നടത്തി. വര്‍ഷങ്ങളായി ഞാന്‍ ജോലി ചെയ്തിട്ടുള്ള വിവിധ ഭാഷകളിലുടനീളമുള്ള എന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും സ്വന്തം ശബ്ദം നല്‍കാനുള്ള പദവി എനിക്ക് ലഭിച്ചു. എന്റെ ചില കഥാപാത്രങ്ങള്‍ക്ക് ഞാന്‍ പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരേ കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളില്‍ ഒരേ സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് എനിക്ക് ആദ്യ അനുഭവമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, തീര്‍ച്ചയായും മലയാളം. പിന്നെ ഏത് സിനിമയ്ക്ക് വേണ്ടി ചെയ്യണം! 2023 ഡിസംബര്‍ 22-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ദേവയും വരദയും നിങ്ങളെ കാണും' ,-പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ എഴുതി.
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. കേരളത്തില്‍ മാത്രം മുന്നൂറിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്.