Select Your Language

Notifications

webdunia
webdunia
webdunia
webdunia

' ആ അഞ്ച് പേരില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?': സത്യൻ അന്തിക്കാടിനോട് മോഹൻലാൽ

സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം.

Sathyan Anthikkad

നിഹാരിക കെ.എസ്

, ബുധന്‍, 26 മാര്‍ച്ച് 2025 (13:03 IST)
നടൻ ഇന്നസെന്റിന്റെ രണ്ടാം ചരമവാർഷികമാണിന്ന്. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സഹപ്രവർത്തകർ. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഇന്നസെന്റിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി സംവിധായകൻ സത്യൻ അന്തിക്കാട്. അനുഭവങ്ങളുടെ കലവറയാണ് ഇന്നസെന്റ്. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാനെന്നും സത്യൻ അന്തിക്കാട് കുറിച്ചു. ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്;
 
ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.
 
സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ.
 
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു, "ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?". "അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി." എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ.
 
ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

48 വയസിലെ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമരണം, ഹൃദയം തകർന്ന് ഭാര്യയും നടിയുമായ നന്ദന