മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ ഫ്ളാറ്റുകാരോട് എന്തിനാണെന്ന് ഷമ്മി തിലകന്‍ ചോദിക്കുന്നു. നിയമലംഘനം നടത്തിയവർ അതിന്റെ അനുഭവിക്കട്ടെ എന്നും ഷമ്മി തിലകൻ പറയുന്നു.
ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം:
‘മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റുടമകളോട് കാട്ടണോ..? തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..!
‘സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വയ്ക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?
ഇത്തരം സാമൂഹ്യദ്രോഹികളുടെ നിര്‍മാണ അനുമതിക്കും, ഒക്യുപന്‍സിക്ക് വേണ്ടിയുമൊക്കെ ബഹു ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമനിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?ഒന്നും ചെയ്യാനാവില്ലെന്നറിയാം..!
കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.
‘പക്ഷേ ഇങ്ങനെ പോയാല്‍..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാവരും അറിയേണ്ടതുണ്ട് എന്നുമാത്രം തല്‍കാലം പറയുന്നു.’