വിവാഹമോചനം സംബന്ധിച്ച ചോദ്യങ്ങളിൽ കുഴങ്ങി സ്നേഹയും പ്രസന്നയും!
സ്‌നേഹയെയും പ്രസന്നയെയും കുഴക്കി മാധ്യമപ്രവർത്തകർ
തമിഴ് സിനിമയിലെ നിരവധി താരങ്ങൾ വേർപിരിഞ്ഞ വർഷമായിരുന്നു ഇത്. ജയം രവി - ആര്‍തി, ജിവി പ്രകാശ് - സൈന്ധവി, എആര്‍ റഹ്‌മാന്‍ - സൈറ ബാനു എന്നിങ്ങനെ ഓരോ വിവാഹ മോചനങ്ങളും ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുള്ള വാര്‍ത്തയായിരുന്നു. ധനുഷും ഐശ്വര്യയും നിയമപരമായി പിരിഞ്ഞതും ഈ വർഷം തന്നെയാണ്.
തമിഴില്‍ സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന വിവാഹ മോചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുകയാണ് ഇപ്പോള്‍ മാതൃകാ ദമ്പതികള്‍ എന്നറിയപ്പെടുന്ന സ്‌നേഹയും പ്രസന്നയും. സ്‌നേഹാലയം എന്ന പേരില്‍ സ്‌നേഹ പുതിയ സാരി ബിസിനസ് ആരംഭിച്ചിരുന്നു. പ്രസന്നന്റെ പൂര്‍ണ പിന്തുണയോടെ മുന്നോട്ട് പോകുന്ന ബിസിനസ്സിന്, അത് പ്രദര്‍ശിപ്പിക്കാനുള്ള നല്ല ഒരു അവസരം ലഭിച്ചു. ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ റാമ്പ് വാക്കിൽ ഇരുവരും പങ്കെടുത്തിരുന്നു.
പരിപാടിയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാഹ മോചനത്തെ സംബന്ധിച്ച ചോദ്യം താരദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത്. തമിഴില്‍ ഇപ്പോള്‍ കൂടിക്കൂടി വരുന്ന വിവാഹ മോചനങ്ങളെ കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു ചോദ്യം. ആദ്യം രണ്ടു പേരും ഒന്ന് ചിരിച്ചു, അതിന് ശേഷം മറുപടി പറഞ്ഞു.
അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. ലൈഫില്‍ അവര്‍ ഏതൊക്കെ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്കറിയില്ല. അതുകൊണ്ട് തന്നെ അതില്‍ അഭിപ്രായം പറയാനും നമ്മളാരുമല്ല എന്നായിരുന്നു പ്രസന്നന്റെ മറുപടി. സ്‌നേഹയും അതിനോട് യോജിച്ചു.