ബോളിവുഡ് താരം സോനാക്ഷി സിൻഹയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവന്റ് ഓർഗനൈസേഷൻ നൽകിയ പരാതിയിലാണ് താരത്തിനെതിരെ കട്ട്‌ഘർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വർഷം നവംബർ 24ന് നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കാമെന്നേറ്റ് 37 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സോനാക്ഷി ചടങ്ങില്‍ എത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവന്റ് ഓർഗനൈസേഷൻ പൊലീസില്‍ പരാതി നല്‍കിയത്.
സോനാക്ഷി ഉൾപ്പടെ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുംബൈ സ്വദേശികളായ അഭിഷേക്, മാളവിക ദൂമിൽ, എഡ്ഗർ എന്നിവർക്കെതിരെയാണ് കേസ്.
ചടങ്ങില്‍ പങ്കെടുക്കുമെന്ന് സോനാക്ഷി ഉറപ്പ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ലെന്നും ഇവന്റ് ഓർഗനൈസറായ പ്രമോദ് ശർമ്മ പറഞ്ഞു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ സോനാക്ഷി തയ്യാറായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ച സ്ഥിതിക്ക് നിലപടറിയിച്ച് താരം രംഗത്ത് എത്തുമെന്നാണ് സൂചന.