'അച്ഛൻ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ ഇത്രയും വലിയ പതനത്തിലെത്തിച്ചത്': സോണിയ
'അച്ഛൻ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ ഇത്രയും വലിയ പതനത്തിലെത്തിച്ചത്': സോണിയ
തിലകനെ സിനിമയിൽ നിന്ന് വിലക്കിയ കാലത്തുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് മകൾ സോണിയ. ‘താരസംഘടനയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ നേരത്തെ കരാറായ ഏഴു സിനിമകളില്‍ നിന്ന് അവര്‍ അച്ഛനെ പുറത്താക്കിയിരുന്നു. അഭിനയിക്കാന്‍ എത്തിയ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അപമാനിതനായി മടങ്ങേണ്ട അനുഭവം വരെ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്- സോണിയ പറയുന്നു.
അന്ന് ഫെഫ്‌കയും അച്ഛന് എതിരായിരുന്നു. ഇന്ത്യൻ റുപ്പിയിൽ സംവിധായകൻ രഞ്ജിത്ത് അച്ഛനെ അഭിനയിപ്പിക്കാൻ നോക്കിയപ്പോഴും വളരെ വലിയ എതിർപ്പായിരുന്നു ഉണ്ടായത്. ഇന്ത്യന്‍ റുപ്പി കാണാന്‍ അച്ഛനൊപ്പം തീയേറ്ററില്‍ പോയിരുന്നു. ഇരുനൂറിനടുത്ത് ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാല്‍ ആദ്യ ചിത്രത്തിനു പോകുന്ന സന്തോഷമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ആരും തിരിച്ചറിയാതിരിക്കാന്‍ തലയില്‍ ടവലിട്ടാണ് അന്ന് തീയേറ്ററില്‍ എത്തിയത്.
ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പൃഥ്വിരാജ് ചോദിക്കുന്ന ഒരു സീന്‍ സിനിമയിലുണ്ട്. അതില്‍ അച്ഛന്റെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു. ആ സീൻ കണ്ടപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ഞാന്‍ നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുകയാണ്. അന്ന് തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ ഇത്രയും വലിയ പതനത്തിലെത്തിച്ചിരിക്കുന്നത്- സോണിയ പറഞ്ഞു.