ആരാധികയെന്ന് പറഞ്ഞ് വിളിച്ചു, കഞ്ചാവ് വേണോന്ന് ചോദിച്ചപ്പോൾ കട്ട് ചെയ്തു: ശ്രീനാഥ് ഭാസി
ലഹരി കേസുമായി ബന്ധമില്ലെന്ന് ശ്രീനാഥ് ഭാസി
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമാ സുൽത്താനയുമായി ബന്ധമൊന്നുമില്ലെന്നും എന്നാൽ തസ്ലിമ തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്നും ശ്രീനാഥ് ഭാസി. താൻ ആരിൽ നിന്നും കഞ്ചാവ് വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്നും നടൻ ശ്രീനാഥ് ഭാസി. തനിക്ക് ഇവരുമായി യാതൊരു ബന്ധവുമില്ലെന്ന് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞു.
ക്രിസ്റ്റീന എന്ന പേരിൽ ആരാധികയാണെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാൽ സംഭാഷണത്തിനിടയിൽ കഞ്ചാവ് വേണോയെന്ന് ചോദിച്ചു. കളിയാക്കുന്നതാണെന്ന് കരുതി കോൾ കട്ട് ചെയ്യുകയായിരുന്നു. പ്രതിക്ക് ചാറ്റ് വഴി യാതൊരു മറുപടിയും നൽകിയിട്ടില്ല. താൻ അറിയപ്പെടുന്നൊരു സിനിമ നടനാണ്. അതുകൊണ്ട് തന്നെ ആരിൽ നിന്നും കഞ്ചാവ് വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.
അതേസമയം, രണ്ട് കോടി രൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന അറസ്റ്റിലായത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങിയ താരങ്ങളുടെ പേര് തസ്ലിമ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ നടന്മാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂവെന്ന് എക്സൈസ് സംഘം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്.