ലഹരി കേസ്; ശ്രീനാഥ് ഭാസിയെയും ഷൈൻ ടോമിനെയും ചോദ്യം ചെയ്യും? ഫോൺ രേഖകൾ പരിശോധിക്കും
പ്രതികളിൽ നിന്ന് നടന്മാർ ലഹരി വാങ്ങി ഉപയോഗിച്ചെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്.
ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ചോദ്യം ചെയ്യാൻ സാധ്യത. ഇവരുടെ ഫോൺ രേഖകളും ശേഖരിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും തുടർ നടപടി. ഇരുവരെയും വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചന. പ്രതികളിൽ നിന്ന് നടന്മാർ ലഹരി വാങ്ങി ഉപയോഗിച്ചെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്.
പിടിയിലായ തസ്ലിമ സുൽത്താനയ്‌ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാകും സിനിമ മേഖലയിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുക.
അതേസമയം, ആലപ്പുഴ ലഹരി കേസിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നുവെന്നുമായിരുന്നു ശ്രീനാഥ് ഭാസി പ്രതികരിച്ചത്. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ല എന്നും നടൻ പറഞ്ഞു.