സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെ ചിത്രങ്ങള്‍, ആടുജീവിതത്തിനൊപ്പം പിടിച്ച് കാതലും ഉള്ളൊഴുക്കും !
ആടുജീവിതത്തിനൊപ്പം മമ്മൂട്ടിയുടെ കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് രണ്ടാം ഘട്ടത്തില്‍. ആദ്യ ഘട്ടത്തില്‍ 160 ലേറെ സിനിമകളാണ് പുരസ്‌കാര നിര്‍ണത്തിനു എത്തിയത്. രണ്ടാം ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അത് അമ്പതില്‍ താഴെയായി. പൃഥ്വിരാജിന്റെ ആടുജീവിതമാണ് മിക്ക കാറ്റഗറികളിലും സ്ഥാനം പിടിച്ചിരിക്കുന്നത്.
ആടുജീവിതത്തിനൊപ്പം മമ്മൂട്ടിയുടെ കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു. ഉര്‍വശിയും പാര്‍വതി തിരുവോത്തും മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമയും മത്സരരംഗത്തുണ്ട്. മികച്ച നടനുള്ള പോരാട്ടത്തില്‍ പൃഥ്വിരാജിനാണ് മേല്‍ക്കൈ. കഴിഞ്ഞ തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയാണ് തൊട്ടുപിന്നില്‍. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിനു വേണ്ടി നടത്തിയ ആത്മസമര്‍പ്പണത്തെ പരിഗണിച്ച് പൃഥ്വിരാജിനു തന്നെ ഇത്തവണ മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മികച്ച നടിക്കുള്ള പോരാട്ടത്തില്‍ ഉര്‍വശിയോട് മത്സരിക്കാന്‍ പാര്‍വതി തിരുവോത്ത് ഉണ്ട്. എങ്കിലും ഉര്‍വശിക്ക് തന്നെയാണ് മേല്‍ക്കൈ. മികച്ച സിനിമകളുടെ കാറ്റഗറിയില്‍ ആടുജീവിതത്തിനൊപ്പം മത്സരിക്കുന്നത് കാതലും ഉള്ളൊഴുക്കുമാണ്. ഓഗസ്റ്റ് മൂന്നാം വാരത്തില്‍ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകും.