മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ വിവാദത്തിന് അവസാനമില്ല. ഉള്ളടക്കത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിന് കഥ അറിയില്ലായിരുന്നുവെന്ന മേജർ രവിയുടെ വാദവും ആന്റണി തള്ളി. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും താനും അദ്ദേഹം ആദ്യമുതലുള്ള കഥ കേട്ടതാണെന്നും റിലീസിന് മുന്നേ സിനിമ കണ്ടതാണെന്നും ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല എന്നും ആന്റണി കൂട്ടിച്ചേർത്തു.