ലബ്ബർ പന്ത് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി സ്വാസിക. തമിഴ്‌നാട്ടിൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലുണ്ടായ അനുഭവങ്ങളാണ് താരം പങ്കുവക്കുന്നത്. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക. പ്രമുഖ സംവിധായകർ അടക്കമുള്ളവർ സിനിമ കണ്ട് തന്നെ അഭിനന്ദിക്കാൻ വിളിച്ചിരുന്നുവെന്ന് സ്വാസിക പറയുന്നു.
'ലബ്ബർ പന്തിന് ആദ്യം മുതൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകൻ വെട്രിമാരൻ, മാരി സെൽവരാജൻ, പാ രഞ്ജിത്, വിജയ് സേതുപതി, ശിവകാർത്തികേയൻ ഇവരൊക്കെ വിളിച്ച് അഭിനന്ദനം അറിയിച്ചു. നിങ്ങളുടെ അഭിനയം നന്നായിരുന്നു, ആ കഥാപാത്രം മനോഹരമായി അവതരിപ്പിച്ചു എന്നൊക്കെ പറയുമ്പോൾ വലിയ സന്തോഷമാണ്. അവരൊക്കെ തിയേറ്ററിൽ പോയാണ് സിനിമ കണ്ടത്.
ചതുരം കണ്ടാണ് സിനിമയിലേക്ക് എന്നെ വിളിച്ചത്. പ്രിയാമണിയെ ആയിരുന്നു ആദ്യം സിനിമയിൽ വിചാരിച്ചിരുന്നതെന്ന് ഡയറക്ടർ എന്നോട് പറഞ്ഞു. സ്ത്രീകൾക്ക് പ്രാധാന്യമുള്ള സിനിമയാണിത്. ഫാമിലി എന്റർടെയിനറായാണ് തമിഴ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അഭിനയം നന്നായാൽ അഭിനന്ദിക്കുന്ന കാര്യത്തിൽ മലയാളികൾക്ക് പിശുക്കാണെന്നും സ്വാസിക പറഞ്ഞു.