Webdunia - Bharat's app for daily news and videos

Install App

‘എനിക്ക് നിങ്ങളുടെ അവാർഡ് കിട്ടിയല്ലോ, അതുമതി’- മമ്മൂട്ടി പറഞ്ഞു

നന്ദി മമ്മൂക്ക...

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (10:11 IST)
‘അടുത്ത ഒരു നാഷണൽ അവാർഡ് കൂടി വിഷ് ചെയ്തപ്പോൾ മമ്മൂക്ക മുകളിലേയ്ക്ക് നോക്കി ചിരിച്ചിട്ട് പറഞ്ഞു " അത് നമ്മുടെ കയ്യിലല്ലല്ലോ? പക്ഷെ നിങ്ങളുടെ ഒക്കെ അവാർഡ് ഇപ്പോൾ എനിക്ക് കിട്ടിയല്ലോ . എനിക്കത് മതി‘. പേരൻപിന് അനസ് കബീർ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
പേരൻപ്‌: അൽഫ കണ്ട പാപ്പയും അമുദവനും 
 
സെറിബ്രൽ പാൾസി കുട്ടിയും അതിന്റെ അച്ഛനും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ കഥ എന്ന നിലയിൽ അല്ഫയും ഞങ്ങളും ഏറെക്കാത്തിരുന്ന ഒരു സിനിമയായിരുന്നു പേരന്പ് എങ്കിലും റിലീസിന്റെ പിറ്റേ ദിവസം തന്നെ പോയിക്കാണാൻ നിർബന്ധിച്ചത് സുഹൃത്തും ഫോട്ടോഗ്രാഫറുമായ നാദിർഷായാണ്.
 
അൽഫയിലെ എല്ലാ മാതാപിതാക്കൾക്കും ഒപ്പം പോയി കാണണം എന്നാഗ്രഹിച്ച് വിളിച്ചെങ്കിലും പലർക്കും ഇത് കണ്ടിരിക്കാനുള്ള മനക്കരുത്തില്ല എന്നതിനാൽ കുറച്ച് പേരാണ് കൂടെ വന്നത്. കഴിഞ്ഞ 7 വർഷമായി ഇത്തരം 200-ലധികം അച്ഛനമ്മമാരുടെ വേദനകളിലൂടെ കടന്ന് പോയ അൽഫയ്ക്ക് അവരെ ഒരിക്കലും നിർബന്ധിക്കാനാവുമായിരുന്നില്ല..
 
"നീങ്കൾ എവ്വളവ് നല്ല ആശിർവദിക്കപ്പെട്ട ഒരു വാഴ്‌കൈ വാഴ്ന്തിട്ടിരിക്കേൻ എന്റ് നീങ്കൾ പുരിഞ്ചുക്കിറത്തുക്കാക നാൻ ഇത് എഴുതിറേൻ : ~പേരൻപോട് അമുദവൻ " എന്ന എഴുത്തുകാരനും സംവിധായകനുമായ റാമിൻറെ വരികൾ ആർദ്രമായതെങ്കിലും ഗാംഭീര്യമാർന്ന മമ്മൂട്ടിയുടെ ശബ്ദത്തിൽ തിരശീലയിൽ മുഴങ്ങുമ്പോൾ ഞാനിപ്പോൾ ഈ എഴുതുന്നത് പോലും ആ വാക്കുകളുടെ ആവിഷ്കാരമല്ലാതെ മറ്റൊന്നുമല്ല.
 
വസന്തങ്ങളും, നിറഭേദങ്ങളും, പ്രതീക്ഷകളും, ആഘോഷത്തിമര്‍പ്പുകളും നിറഞ്ഞ ജീവിതത്തിന്റെ ഒരു മറുപുറത്ത്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്‌ മനസ്സെത്തുന്നിടത്ത് ശരീരമെത്താനാവാതെ കിതയ്ക്കുന്ന കുറെ മനുഷ്യ ജന്മങ്ങളുണ്ടെന്നും സ്നേഹത്തിന്റെ, കരുതലിന്റെ നാരുകൾ കൊണ്ട് അവരെ കെട്ടിവരിഞ്ഞ അവരിൽ കുരുങ്ങിപ്പോയ ചില അപൂർവ്വ മനുഷ്യരുണ്ടെന്നും നമ്മിൽ എത്ര പേർ ഓർക്കുന്നുണ്ടെന്ന് അറിയില്ല.
 
നിലത്തുറയ്ക്കാത്ത കാലുകളെങ്കിലും, ആഗ്രഹത്തിനനുസരിച്ച്‌ വഴങ്ങാത്ത കയ്യുകളും ശരീരവുമെങ്കിലും അവരുടെ കണ്ണുകളിൽ ആഹ്ലാദത്തിന്റെ തിരയിളക്കമുണ്ട്‌. ആ മുഖത്ത്‌ സന്തോഷത്തിന്റെ വേലിയേറ്റങ്ങളുണ്ട്‌. ആ അച്ഛന്മാരുടെ ഇടനെഞ്ചിലെ നിശ്വാസങ്ങള്‍ക്ക്‌ പൊള്ളുന്ന ഊഷ്മളത ഉണ്ട്‌. ആ അമ്മമാരുടെ നിറചിരിയില്‍ കണ്ണീരിന്റെ നനവുണ്ട്‌.
 
അമുദന്റെ തൊണ്ടയിൽ കുരുങ്ങി നിൽക്കുന്ന വാക്കുകൾ കടമെടുത്താൽ "പാപ്പാ ഏൻ മറ്റ കൊളന്തകൾ മാതിരി നടക്കലേന്ന് പല വർഷമാ വരുത്തപ്പെട്ട എനക്ക് പാപ്പാ മാതിരി നടക്കറത് എവ്വളവ് പെരിയ കഷ്ടം എന്റു തെരിഞ്ചതുക്ക് അപ്പുറം താൻ ഒരുത്തൻ നീ ഏൻ മറ്റവുങ്ക മാതിരി ഇല്ലൈ എന്റു കേക്കറത് എവ്വളവ് വൻമുറൈ (Brutal) എന്റു പുരിഞ്ചത് "
 
അമുദവൻ തുടക്കത്തിൽ വിഷമിച്ചത് പോലെ പാപ്പായും അൽഫയിലെ നൂറിലധികം കുഞ്ഞുങ്ങളും മറ്റു കുഞ്ഞുങ്ങളെപ്പോലെ എന്ത് കൊണ്ട് നടക്കുന്നില്ല എന്ന് വെറും സിംപതിയോടെ ചിന്തിക്കുന്നവരാവും സമൂഹത്തിലധികവും, എന്നാൽ ഈ കുഞ്ഞുങ്ങളുടെ പരിമിതികളും കഴിവുകളും മനസ്സിലാക്കിക്കഴിയുമ്പോഴാണ് അവരിപ്പോൾ നടക്കുന്നത് പോലും എത്ര ബുദ്ധിമുട്ടിയാണ് എന്ന് അമുദവൻ തിരിച്ചറിയുന്നത് പോലെ സമൂഹവും തിരിച്ചറിയുന്നത്. അപ്പോഴാണ് ഒരുവനെ ചൂണ്ടി നീ എന്ത് കൊണ്ട് മറ്റവനെപ്പോലെ ആകുന്നില്ല എന്ന സമൂഹത്തിന്റെ ചോദ്യം എത്ര മാത്രം ക്രൂരവും ബ്രൂട്ടലുമാണെന്ന് അമുദവന്റെ ഒപ്പം നമ്മളും തിരിച്ചറിയുന്നത്. അപ്പോഴാണ് സമൂഹത്തിൽ നിന്നവരെ മാറ്റി നിർത്തി അടയാളപ്പെടുത്താൻ നമ്മൾ ഉപയോഗിക്കുന്ന "Disabled " , "Special", "Differently Abled" "ഭിന്നശേഷി", "പരിമിതശേഷി" എന്നിങ്ങനെയുള്ള പ്രയോഗങ്ങളിൽ നിറയുന്ന ക്രൂരതയുടെ ആഴമറിയുന്നത്. അടുത്തിടെ യു എ ഇ ഗവൺമെന്റ് അത് "People Of Determination" എന്ന് തിരുത്തിയിരുന്നു.
 
തെറപ്പി ചെയ്യുമ്പോൾ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് സ്വന്തം മനസ്സമാധാനം നഷ്ടപ്പെടുന്നു എന്ന പരിഭവിച്ച ആളുകളേയും സ്വന്തം വീട് അല്ഫയാക്കി മാറ്റി കുഞ്ഞുങ്ങൾക്ക് അത്താണിയാക്കി മാറ്റിയപ്പോൾ നിങ്ങൾക്ക് ഇത് കുറച്ച് കൂടി സൗകര്യം ഉള്ള സ്ഥലത്തേയ്ക്ക് ഇത് മാറ്റി നട്ട് കൂടെ എന്ന് "സ്നേഹത്തോടെ" ഉപദേശിച്ചവരെയും കണ്ട അല്ഫയ്ക്കും അതിലെ മാതാപിതാക്കൾക്കും ‘മനുഷ്യര്‍ ഇല്ലാത്ത, കുരുവികള്‍ ചാകാത്ത ഇടം’ തേടിയ അമുദവന്റെ നെഞ്ചിടിപ്പിന്റെ താളപ്പെരുക്കങ്ങൾ മറ്റാരേക്കാളും തിരിച്ചറിയാൻ കഴിയും.
 
ഇത്തരമൊരു കുഞ്ഞ് പിറന്നാൽ അതുണ്ടാക്കുന്ന സുനാമികളിൽ ആടിയുലയുലഞ്ഞ് വഴിപിരിയുന്ന കൂട്ട് കുടുംബങ്ങളെ, അതുണ്ടാക്കുന്ന അഗ്നിപർവ്വതങ്ങളിൽ കുടുംബങ്ങളിൽ നിന്ന് പൊട്ടിത്തെറിച്ച് ധൂളികളായി മാറുന്നവരെ, അതുണ്ടാക്കുന്ന ഭൂകമ്പങ്ങളിൽ വീടെന്ന മേൽക്കൂരയും തകർത്ത് മൂടോടെ നിലം പൊത്തുന്ന ദാമ്പത്യ ബന്ധങ്ങളെ, കണ്ടറിയുന്ന അൽഫയ്ക്ക് പാപ്പയുടെ അമ്മ തങ്കത്തിന്റെ മനസ്സും പ്രവാസത്തിന്റെ കാലത്ത് അമുദവനിൽ നിന്നവർക്ക് നഷ്ടമായ ആ താങ്ങിന്റെ വിലയും നല്ല പോലെ അറിയാൻ കഴിയും. ഒടുവിൽ നിസ്സഹായയായി മറ്റൊരു ജീവിതത്തിലേയ്ക്ക് ഇറങ്ങേണ്ടിവരുന്ന തങ്കത്തെക്കുറിച്ച് "അവൾ നല്ല അമ്മാ താൻ " എന്ന അമുദവന്റെ കുറ്റബോധം കൊണ്ടുള്ള നീറ്റലുകൾ മനസ്സിലാക്കാൻ കഴിയും. 
 
ഒടുവിൽ വർഷങ്ങൾക്ക് ശേഷം ദുബായിലെ പ്രവാസം നിർത്തി അയാളെത്തുമ്പോൾ " അപ്പാ.. ടാ " എന്ന് നിന്ന് പൊള്ളാനും "അവള്‍ ചന്ദ്രനാകുമ്പോള്‍ ഞാന്‍ സൂര്യനും അവള്‍ സൂര്യനാകുമ്പോള്‍ ഞാന്‍ ചന്ദ്രനു’മാകുന്നുവെന്ന് നമ്മളോട് പരിഭവിക്കാനുമേ അയാൾക്ക് കഴിയുന്നുള്ളു... പ്രകൃതിയും മനുഷ്യരും ക്രൂരരാകുന്ന അമുദവന്റെ അദ്ധ്യായങ്ങളിൽ മുറിയില്‍ അടച്ചുപൂട്ടിയിരിക്കുന്ന പാപ്പായെ കാണാന്‍ ഓടിളക്കി പാളിനോക്കുന്ന അമുദവന്‍റെ അച്ഛൻ ഒരു നീറുന്ന നോവാകുന്നു. ആ നേരം കട്ടിലിനടിയിലേക്ക് നിരങ്ങി നീങ്ങുന്ന പാപ്പയുടെ കാഴ്ചയും അച്ഛന്റെ നിസ്സഹായതയും പലർക്കും സിനിമാറ്റിക് ഭാവതീവ്രമെന്ന് തോന്നുമെങ്കിലും ജീവിതം നാടകത്തെക്കാളും സിനിമയെക്കാളും നാടകീയമാകുന്ന മുഹൂർത്തങ്ങളുണ്ടെന്ന് അൽഫയ്ക്കറിയാം.
 
ഉള്ളിൽപ്പേറുന്ന നോവുകളെയും ആധികളെയും വിനിമയം ചെയ്യാന്‍ അമുദവന് പക്ഷേ ആരുമില്ല. മകളുടെ മുന്നില്‍ കരയാന്‍ പോലുമാകാതെ വാതില്‍ മറവില്‍ ശബ്ദമില്ലാതെ പൊട്ടിപ്പോകുന്നു‍. ശബ്ദം കൊണ്ടും ഇടറുന്ന തൊണ്ടകൊണ്ടും ഗദ്ഗദങ്ങൾ നിറച്ച് മനുഷ്യന്റെ ഹൃദയത്തെ പൊള്ളിക്കുന്ന മമ്മൂട്ടിയനുഭവവും അമുദവന് കൂട്ടിനില്ല... ശബ്ദമില്ലാതെ അമുദവനെ മമ്മൂട്ടി എന്ന മഹാനടൻ അതിജീവിപ്പിക്കുന്ന നീറുന്ന ഒരു കലാസൃഷ്ടി. ഒരു നടൻ സ്വയം ഒരു കഥയിലെ വരികളായും, സ്വയം ഒരു തിരക്കഥയായും മാറുന്ന അവിശ്വസനീയ കാഴ്ച്ച ! കുട്ടി സാധന പാപ്പയായി ജീവിക്കുകയായിരുന്നു.
 
ഇണങ്ങാതെ നിൽക്കുന്ന മകളുടെ മുന്നില്‍ ആ ഇഷ്ടവും നോട്ടവും കിട്ടാനായി അമുദവന്‍ പാടുപെടുന്ന ആറുമിനിറ്റോളം നീളുന്ന രംഗം അൽഫയിലെ പ്ലേ തെറപ്പി സമയത്ത് സ്വന്തമായി ഒരു കഴിവുമില്ലെങ്കിലും പാട്ടുപാടിയും നൃത്തമാടിയും നായക്കുട്ടിയായി കുരച്ചുചാടിയും ശ്രമിക്കുന്ന അമുദവൻ അത്‌ ഞങ്ങൾ തന്നെയാണ് ! എല്ലാ ശ്രമങ്ങളും വെറുതെയാകുന്നിടത്ത് നെഞ്ചില്‍ കുരുങ്ങിയ ശബ്ദത്തിൽ "ഇനി ഞാനെന്തു ചെയ്യണം" എന്നു വിലപിക്കുന്ന അമുദവനാണ് അല്ഫയിലെ ഓരോ അച്ഛനുമമ്മയും. 
 
പാട്ടെഴുതാത്ത അമ്മമാർ കുഞ്ഞിന് വേണ്ടി പാട്ടെഴുതുന്നതും, ചുവടറിയാത്ത അമ്മമാർ പോലും കുഞ്ഞിനായി നൃത്തം ചെയ്യുന്നതും, എന്തിന് ഭാഷയറിയാത്ത മാലിക്കാരി 'അമ്മ നമ്മുടെ "കാക്കേ കാക്കേ കൂടെവിടെ" പോലും കഷ്ടപ്പെട്ട് പഠിച്ച് ഈണത്തിൽ പാടുന്നത് പോലും കണ്ടറിയുന്ന അൽഫ, തിയേറ്ററിലെ ഇരുളിൽ അടുത്ത സീറ്റുകളിൽ നിന്ന് നിറയുന്ന തേങ്ങലുകളും നിശ്വാസങ്ങളിലും കുതിർന്നു സിനിമക്ക്‌ കൂട്ടിക്കൊണ്ട് വന്നത് കുഴപ്പമായോ എന്ന് പോലും ആശങ്കപ്പെടാതിരുന്നില്ല.
 
എങ്കിലും വളർന്ന് കൊണ്ടിരിക്കുന്ന തങ്ങളുടെ മക്കൾക്ക് അവരുടെ കാര്യങ്ങൾ ചെയ്യുന്നതിലെങ്കിലും സ്വയം പ്രാപ്തിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത അവർക്ക് ബോധ്യപ്പെട്ടു. ചില മാസങ്ങൾക്ക് മുമ്പ് ചലനശേഷിയില്ലാത്ത 12 വയസ്സുള്ള ശിവാനി എന്ന പെൺകുഞ്ഞിന്റെ കാര്യവുമായി തൃശൂരിൽ നിന്നും ഒരച്ഛൻ വിളിച്ചിരുന്നു. 10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെയാണ് അൽഫയിൽ ചികിത്സിക്കുന്നത് എന്ന് പറഞ്ഞിട്ടും ഒന്ന് വന്ന് കുട്ടിയെ കാണിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ വന്നുകൊള്ളാൻ പറഞ്ഞു .12 വയസ്സുള്ള 50 കിലോ ശരീരഭാരമുള്ള ചലനശേഷിയില്ലാത്ത ശിവാനിയെയും തോളിലിട്ട് അൽഫയുടെ പടികയറി വന്ന അച്ഛനെയും അമ്മയെയും കണ്ട് നെഞ്ചൊന്ന് പിടഞ്ഞു. കുഞ്ഞിനെ സോഫയിൽ വാരിക്കൂട്ടിയിട്ട് ആ അച്ഛൻ ചങ്ക് പൊട്ടി നിന്നു .
 
ഇത്രയും കാലം ലക്ഷ്യമില്ലാതെയുള്ള ചികിത്സകൾ കൊണ്ട് ആ കുഞ്ഞിന് ഒരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടായില്ലെന്ന് മാത്രമല്ല സമയബന്ധിതമല്ലാത്ത ചികിത്സാ രീതികൾ കൊണ്ട് ആ കുട്ടിയുടെ പേശികൾ കണ്ട്രാക്ച്ചർ ആയി ഉറച്ച് പോവുകയും ചെയ്തു എന്ന് മനസ്സിലായപ്പോൾ നിങ്ങൾ ഇപ്പോൾ ഈ കുഞ്ഞിന്റെ അവസ്ഥ മനസ്സിലാക്കി അവളെ വീൽചെയർ പോലെയുള്ള അഡാപ്റ്റേഷനിലേയ്ക്ക് മാറ്റണം എന്ന് പറഞ്ഞപ്പോൾ ...3 വയസ്സുമുതൽ കൊണ്ടു പോകാത്ത സ്ഥലങ്ങളും ചെയ്യാത്ത ചികിത്സകളും ഇല്ലെന്ന് പറഞ്ഞ് ആർത്തനാദത്തോടെ ആ അച്ഛൻ നെഞ്ച് പൊട്ടിക്കരഞ്ഞു..
 
പൊട്ടാതെ നിന്ന അമ്മ കൂടി സങ്കടക്കടലായപ്പോൾ പതിവ് പോലെ അൽഫയുടെ കാർപോർച്ച് കണ്ണീരിന്റെ പ്രളയമറിഞ്ഞു.
 
ഒരു അഡാപ്റ്റീവ് വീൽചെയർ അവൾക്ക് വാങ്ങി നൽകി ശിവാനിയെ അൽഫ പറഞ്ഞയച്ചു. വളരെ നേരത്തെ തന്നെ ശിവാനിയുടെ രോഗാവസ്ഥ നിർണ്ണയിക്കാൻ കഴിയാതെ വരികയും കൃത്യമായ ചികിത്സകൾ ഫോക്കസ്ഡായി നൽകാൻ കഴിയാതെ വരികയും ചെയ്തിരുന്നത് മൂലമാണ് ശിവാനിയെ സ്വയം പര്യാപ്തതയുടെ ലോകത്തേയ്ക്ക് അവളുടെ മാതാപിതാക്കൾക്ക് കൂട്ടിക്കൊണ്ട് വരാൻ കഴിയാതെ ഇരുന്നത് . അൽഫ യുടെ ഒരു സുപ്രധാന ലക്ഷ്യം തന്നെ ഏർലി ഇന്റർവെൻഷനിലൂടെ ഇത്തരം കുഞ്ഞുങ്ങളെ നേരത്തെ കണ്ടെത്തി പുനരധിവാസ ചികിത്സാ പരിശീലനം തുടങ്ങുക എന്നുള്ളതാണ് ..
 
പേരന്പ് ഞങ്ങൾ അൽഫയ്ക്കും ഒരു പാഠമാണ്‌. തെറാപ്പികൾക്കും ചികിത്സകൾക്കും ഒപ്പം ഡെയ്‌ലി ലിവിങ് പരിശീലനങ്ങൾ നടത്തുന്നുണ്ടെങ്കിലും ചില സുപ്രധാന പരിശീലനങ്ങൾ കൂടി അവർക്ക് മുമ്പേ നൽകേണ്ടതിന്റെ ആവശ്യകത ഞങ്ങൾ തിരിച്ചറിയുന്നു. പ്രിയ റാം നിങ്ങളുടെ പേരന്പ് ഞങ്ങളുടേതാണ് . നിങ്ങളുടെ പാപ്പയും അമുദവനും മീരയും ഞങ്ങളാണ്. പ്രിയ മമ്മൂക്കാ നന്ദി അമുദവനെ ഞങ്ങൾക്ക് അനുഭവിപ്പിച്ചതിന് ! നന്ദി ഈ ഒരു താദാത്മ്യ അനുഭവത്തിന് !
 
-------------------------------------------------------
സിനിമ കഴിഞ്ഞിറങ്ങിയ ഉടൻ സുഹൃത്ത് നാദിർഷയെ വിളിച്ചു. എന്ത് വന്നാലും വേണ്ടില്ല മമ്മൂക്കയെ ഒന്ന് നേരിൽ കാണണം. കണ്ടേ പറ്റൂ എന്ന് സിനിമ കണ്ട അല്ഫയിലെ അച്ഛനമ്മമാരും. കണ്ട് ഒരഭിപ്രായം പറയണം. ചില സമയങ്ങളിൽ സൗഹൃദത്തിന്റെ ഒരു ശക്തി ഉണ്ടല്ലോ. അസാധ്യങ്ങളെ സാധ്യമാക്കാൻ നമ്മെ സഹായിക്കുന്നത്. അതാണ് അന്നും ഇന്നും എന്നും അല്ഫയെ അൽഫയാക്കി നിലനിർത്തുന്നത്.
 
മമ്മൂക്ക അടുത്തൊരിടത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടെന്നറിഞ്ഞു. ഒഫീഷ്യൽ വഴിയെ പോയാൽ സമയം എടുക്കും. നമുക്ക് വേണ്ടത് ഒരല്പം പേഴ്‌സണൽ നിമിഷങ്ങളാണ്. അല്ഫയുടെ വാനിൽ സിനിമ കണ്ട കുഞ്ഞുങ്ങളും മാതാപിതാക്കളുമായി ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. അവിടെ ഉഗ്രൻ സ്റ്റണ്ട് നടക്കുകയാണ്. മമ്മൂക്ക താഴെ സ്റ്റണ്ട് ചെയ്ത് ചേറിലും ചെളിയിലും കുളിച്ച് രൂപം തന്നെ തിരിച്ചറിയാൻ മേലാതെ നിൽക്കുകയാണെന്നും പെർമിഷനില്ലാതെ പറ്റില്ലെന്നും ഷൂട്ടിംഗ് കോർഡിനേറ്റേഴ്‌സിൽ നിന്ന് മറുപടി കിട്ടി.
 
എങ്കിലും ഞങ്ങൾ വന്ന വിവരം ഒന്നറിയിക്കാൻ മാത്രം പറഞ്ഞു. അൽപനേരം കാത്തിരുന്നിട്ടാണെങ്കിലും ഞങ്ങളെ അമ്പരപ്പിച്ച് കൊണ്ട് കുറച്ച് കഴിഞ്ഞ് ഷർട്ട് മാറ്റി ചേറു നിറഞ്ഞ മുണ്ടുമായി മമ്മൂക്ക കേറിവന്നു. കുട്ടികളെ വെയിൽ കൊള്ളിച്ചതിനായിരുന്നു ആദ്യ ശാസന. പ്ലാൻ ചെയ്യാതെ കുഞ്ഞുങ്ങളെയും കൂട്ടി എത്തിയതിന് നീരസപ്പെട്ടെങ്കിലും കുഞ്ഞുങ്ങളെ കണ്ടപ്പോൾ മമ്മൂക്ക ആർദ്രതയോടെ പേരമ്പിലെ അമുദവനായി. സെറിബ്രൽ പാൾസി വന്ന് അൽഫയിൽ നിന്ന് ആദ്യം നടന്ന 7-ആം ക്‌ളാസ്സുകാരി ആമിനയെ പരിചയപ്പെടുത്തി. ആമിന സിനിമ കണ്ടപ്പോൾ വിഷമം വന്നെന്നും സിനിമയിലെ മ മ്മൂക്കയെപ്പോലാണ് അവളുടെ വാപ്പച്ചി അവളെ നോക്കുന്നതെന്നും പറഞ്ഞപ്പോൾ "മോൾ വിഷമിക്കരുത് ട്ടോ . മോളുടെ വാപ്പച്ചി മോളെ നല്ല പോലെ ഇനിയും നോക്കും" എന്ന് പറഞ്ഞു ചേർത്ത് നിർത്തി മൂർദ്ധാവിൽ കൈകൾ വെച്ച് ഒരു നിമിഷം അമുദവനായി കണ്ണുകൾ അടച്ചു. 
 
മറിയവും, ഇവാനയും, സിയയും തക്കുവും അക്ഷയും അയിഷയും മമ്മൂക്കയെ കൗതുകത്തോടെ നോക്കി. ദുബായിൽ ജോലി ചെയ്യുന്ന ആയിഷയുടെ അച്ഛൻ അഫ്സൽ പേരമ്പിലെ രണ്ട് വരി മമ്മൂക്കയ്ക് വേണ്ടി പാടി. ഇത്തരം കുഞ്ഞുങ്ങളുള്ള എല്ലാ മാതാപിതാക്കളും പോയി ഈ സിനിമ കാണണം എന്ന് മമ്മൂക്ക ഓർമ്മപ്പെടുത്തി. ചേറിൽ കുളിച്ച് നിൽക്കുന്ന മുണ്ടാണെങ്കിലും ഒരു ഫോട്ടോ എടുത്തോളാൻ അനുവാദം തന്നു. അൽഫയിലെ കുഞ്ഞുങ്ങളെ ഇനിയും കാണാം എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. ജോലി സ്ഥലത്ത് എത്തി ബുദ്ധിമുട്ടിച്ചതിൽ സോറി പറഞ്ഞു അടുത്ത ഒരു നാഷണൽ അവാർഡ് കൂടി വിഷ് ചെയ്തപ്പോൾ മമ്മൂക്ക മുകളിലേയ്ക്ക് നോക്കി ചിരിച്ചിട്ട് പറഞ്ഞു " അതിപ്പോൾ നമ്മുടെ കയ്യിലല്ലല്ലോ". "പക്ഷെ നിങ്ങളുടെ ഒക്കെ അവാർഡ് ഇപ്പോൾ എനിക്ക് കിട്ടിയല്ലോ . എനിക്കത് മതി." അമുദവനെ കണ്ട് സംതൃപ്തരായി അല്ഫയും സംഘവും മടങ്ങിയപ്പോൾ ഒന്നോർത്തു.
 
അൽഫയുമായി ബന്ധപ്പെട്ട എന്തിലും സൗഹൃദത്തിന്റെ ഒരു നൂറ് ചെറു ചാറ്റൽമഴകളുണ്ട്, സ്നേഹം കൊണ്ട് , .... കരുതൽ കൊണ്ട്, .... മറ്റുള്ളവർക്ക് വേണ്ടി നനയുന്ന ഈറൻ മിഴികളുണ്ട് ... ഗദ്ഗദമില്ലാതെ പറഞ്ഞ് തീർക്കാനാവാത്ത കഥകളുണ്ട്, ... ദൂരത്ത്‌ നിന്ന്‌ പോലും അസമയത്ത് പാഞ്ഞെത്തുന്ന ദൈവത്തിന്റെ അദൃശ്യമായ കൈകളുണ്ട് ... മനുഷ്യരിലെ മാലാഖമാരുണ്ട് ... വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്ന നിമിഷങ്ങളുണ്ട് ... ഈ നിമിഷങ്ങളിലാണ്... നമ്മൾ ജീവിതത്തിൻറെ അർത്ഥമെന്തെന്ന് തിരിച്ചറിയുന്നത് .. .
 
അൽഫ പീഡിയാട്രിക് റിഹാബിലിറ്റേഷൻ & ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധന

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

അടുത്ത ലേഖനം
Show comments