Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതൊരു സിനിമയേയല്ല, മമ്മൂട്ടിയും സാധനയും മത്സരിച്ചു ജീവിച്ച പച്ചയായ ജീവിതമാണ്: വൈറലായി കുറിപ്പ്

ഇതൊരു സിനിമയേയല്ല, മമ്മൂട്ടിയും സാധനയും മത്സരിച്ചു ജീവിച്ച പച്ചയായ ജീവിതമാണ്: വൈറലായി കുറിപ്പ്
, ശനി, 2 ഫെബ്രുവരി 2019 (16:42 IST)
മമ്മൂട്ടി ചിത്രം പേരൻപ് പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ച് തിയേറ്ററുകൾ കീഴടക്കുകയാണ്. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത് മമ്മൂട്ടിയുടേയും മകളായി അഭിനയിച്ച സാധനയുടേയും അഭിനയത്തെക്കുറിച്ചാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലിക്കൊണ്ടിരിക്കുന്ന വിനീത അനിൽ എഴുതിയ കുറിപ്പാണ്.
 
മമ്മൂട്ടി ഫാൻ അല്ലാത്ത താൻ ഏട്ടന്റെ നിർബന്ധത്തിന് വഴങ്ങി പേരൻപ് കാണാൻ പോയ കഥയാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റ് വായിക്കാം:- 
 
ചെറുപ്പം മുതലേ മമ്മൂട്ടിയോട് വല്യ പ്രിയമില്ല.കാരണം ഏട്ടന്റെ മമ്മൂട്ടി പ്രാന്താണ്.. മമ്മൂട്ടിയെ കുറ്റം പറഞ്ഞതിനും സിനിമയെ കളിയാക്കിയതിനുമായി ഒരുപാട് അടി വാങ്ങുകയും അത് മാന്തായി തിരിച്ചുകൊടുക്കയും ചെയ്തിരുന്നു .
 
അതുകൊണ്ടുതന്നെ ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി വല്യ പ്രതീക്ഷയില്ലാതെയാണ് പേരൻപിന് കയറിയത്. സിനിമ തുടങ്ങുമ്പോൾ കൈകാലുകൾ പാരലൈസ്ഡ് ആയ ബുദ്ധിമാന്ദ്യമുള്ള മകളെയും കൊണ്ട് ഒരച്ഛൻ ഏകാന്തമായ വീട് വാങ്ങി അങ്ങോട്ടേക്ക് താമസം മാറ്റുകയാണ്.
 
കുട്ടിയുടെ ചലനങ്ങൾ നമ്മളിൽ ആദ്യം പേടിയും പിന്നീട് ദയയുമാണ് ജനിപ്പിക്കുന്നത്. മകളെ നോക്കിമടുത്തു എന്നൊരു കത്തെഴുതി വച്ചിട്ട് മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടുകയായിരുന്നു കുട്ടിയുടെ അമ്മ എന്ന തിരിച്ചറിവ് മുതൽ അറിയാതെ സിനിമയിലേക്ക് നമ്മളും ഇറങ്ങിപോകും.
 
ഗൾഫ് ജീവിതം മതിയാക്കി,ആർക്കും വേണ്ടാത്ത, അച്ഛനെ പരിചയമില്ലാത്ത മകളുമായി ജീവിതം തുടങ്ങുന്ന ഒരച്ഛന്റെ നിസ്സഹായാവസ്ഥ എത്രമേൽ ഭീകരമെന്നു മകൾ ഋതുമതിയായതിന് ശേഷമുള്ള കുറച്ചുനിമിഷങ്ങൾ കൊണ്ട് മമ്മൂട്ടി എന്ന മഹാത്ഭുതം നമുക്ക് മുന്നിൽ ജീവിച്ചുകാണിച്ചു.
 
വെറുമൊരു സിനിമാക്കഥ എന്നതിലുപരി സമൂഹത്തിനുള്ള ഒരു പാഠമാണ് പേരന്പ് നൽകുന്നത്.
വൈകല്യമുള്ള കുഞ്ഞുങ്ങൾ വളർച്ചയെത്തുമ്പോൾ ഏതൊരു സാധാരണ വ്യക്തിയെയും പോലെ കാമമടക്കമുള്ള എല്ലാ വികാരങ്ങളും അവർക്കുണ്ടാവുമെന്ന തിരിച്ചറിവ് മമ്മൂട്ടിയെന്ന അച്ഛൻ തിരിച്ചറിയുന്ന നിമിഷങ്ങൾ...ഹോ...വാക്കുകളിൽ വിവരിക്കാനാവില്ല, നിസ്സഹായനായി പൊട്ടിക്കരയുന്ന പിതാവിന്റെ വേദന.
 
പണ്ട് ഞങ്ങളുടെ നാട്ടിൽ ബുദ്ധിമാന്ദ്യമുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നു.സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ശേഖരിച്ചു ഒളിപ്പിച്ചുവെക്കലായിരുന്നു പ്രധാന ജോലി. അന്ന് ഒരുപാട് തവണ ആളുകൾ അയാളെ അടിക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ. ശരിക്കും അയാൾക്കല്ല അയാളെ അതിന്റെ പേരിൽ ക്രൂശിച്ച ഓരോരുത്തർക്കുമാണ് ബുദ്ധിമാന്ദ്യം എന്ന തിരിച്ചറിവാണ് എനിക്ക് പേരന്പ് സമ്മാനിച്ചത്.
 
മമ്മൂട്ടി എന്നും നമ്മളെ അതിശയിപ്പിച്ച പ്രതിഭ തന്നെയാണ്. ആ പ്രതിഭയോടൊപ്പം തന്നെ മത്സരിച്ചഭിനയിച്ച ആ പെൺകുട്ടി 
തീർച്ചയായും അവാർഡിന് അർഹയാണ്.. കാരണം അച്ഛൻ ഒരു പുരുഷൻ കൂടിയാണെന്ന് തിരിച്ചറിഞ്ഞു പെരുമാറുന്ന നിമിഷങ്ങളടക്കം പല സീനുകളും വളരെ മികച്ചരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ആ കുട്ടി.
 
വേശ്യാലയത്തിൽ വച്ച് മമ്മൂട്ടി നടത്തിപ്പുകാരിയുടെ അടി വാങ്ങുന്ന ഒറ്റരംഗം മതി, നെഞ്ച് പിടഞ്ഞു പോകാൻ. കണ്ടിറങ്ങിയിട്ടും നെഞ്ചിൽ വലിയൊരു ഭാരമായി അമർന്നുപോയിരിക്കുന്നു ഈ പേരന്പ്..
 
ഇതൊരു മാസ് എന്റർടൈനറല്ല. ഇതൊരു സിനിമയേയല്ല.. ഇത് ജീവിതമാണ്. നമ്മളിൽ പലരും നെഞ്ചുരുകി ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതം.. മമ്മൂട്ടിയും സാധനയും മത്സരിച്ചു ജീവിച്ച പച്ചയായ ജീവിതം..
 
ട്രാൻസ് വുമൺ ആയ അഞ്ജലി അമീർ ട്രാൻസ്‌വുമണായിത്തന്നെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.. മറ്റൊരു നായികയായ അഞ്ജലിയും കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തി.
 
(സിനിമയുടെ കഥയോ ട്വിസ്റ്റുകളോ ഇതിൽ ഞാൻ ചേർത്തിട്ടില്ല. ഒരു പ്രേക്ഷക എന്ന നിലയിൽ മനസ്സിൽ തട്ടിയ മൂന്ന് സീനുകളാണ് എഴുതിയത്.)
 
വിനീത അനിൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹീറോ എത്തിയോ? - റിസപ്‌ഷനിസ്‌റ്റിന്റെ അപ്രതീക്ഷിത ചോദ്യം; കിടിലൻ മറുപടി നൽകി പൃഥ്വിരാജ്