വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ദ ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ടൈറ്റില്‍ പുറത്തുവന്നതോടെ വിവാദങ്ങളും തലപൊക്കി തുടങ്ങി.തെലുങ്ക് സംവിധായകന്‍ നരേഷ് ടൈറ്റിലിന്റെ പേരിനെ ചൊല്ലി വിവാദങ്ങള്‍ക്ക് തിരികൊളുത്തി. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വിജയ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയുടെ ഇതിവൃത്തം സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു എന്നാണ് കേള്‍ക്കുന്നത്.
ടൈം ട്രാവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പുതിയ ടൈംലൈനില്‍ ഒരു പുതിയ ശാഖ സൃഷ്ടിച്ച് നായകനെ മള്‍ട്ടിവേഴ്സിലേക്ക് എത്തിക്കും. വിജയ് ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അത് അച്ഛനും മകനും അല്ല. വ്യത്യസ്ത കാലഘട്ടങ്ങളിലെ വിജയി കഥാപാത്രങ്ങള്‍ ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുന്നുണ്ട്. പ്രത്യേക സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ തന്നെ ചെറുപ്പത്തിലുള്ള വ്യക്തിയെ കണ്ടുമുട്ടുന്ന കുറ്റവാളിയായ കഥാപാത്രമാകും വിജയ്. റോ ഏജന്റാകാന്‍ ആഗ്രഹിക്കുന്ന യുവാവായും വിജയ് എത്തുന്നുണ്ട്.തന്റെ കാലത്തേക്ക് തിരിച്ചെത്തുന്നതിന് സഹായം ലഭിക്കാന്‍ മുതിര്‍ന്ന വിജയ് നുണ പറയുന്നു.
പോസ്റ്ററിലേത് പോലെ രണ്ട് വിജയ് ഉണ്ടാകും. എന്നാല്‍ വിജയ് മൂന്നില്‍ കുറയാത്ത ഗെറ്റപ്പിലും എത്തും. ഈ വേഷങ്ങളില്‍ ഭൂരിഭാഗവും ചെറിയ അതിഥി വേഷങ്ങളായിരിക്കും. എന്നാല്‍ ഇതിലൊരാള്‍ വില്ലനായിരിക്കും എന്നാണ് പുറത്തുവന്ന വിവരം. അതേസമയം പുറത്തുവന്ന പ്ലോട്ടിന്റെ വിവരങ്ങള്‍ ശരിയുള്ളതാണോ എന്നത് വ്യക്തമല്ല.