ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യിൽ തൃഷ നായിക. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് ഇത്. തൃഷയുടെ കഥാപാത്രത്തിന്റെ പേര് രമ്യ എന്നാണ്. വിടാമുയർച്ചിക്ക് ശേഷം വീണ്ടും അജിത്-തൃഷ കൂട്ടുകെട്ട് ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
തൃഷയ്ക്ക് പുറമെ തെന്നിന്ത്യൻ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഗുഡ് ബാഡ് അഗ്ലിയിൽ സിമ്രാൻ ഒരു കാമിയോ വേഷത്തിലെത്തുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 25 വർഷങ്ങൾക്കിപ്പുറം സിമ്രാനും അജിത്തും ഒരു സിനിമയിൽ വീണ്ടും ഒന്നിക്കുന്നത്. അവൾ വരുവാല (1998), വാലി (1999), ഉന്നൈ കൊടു എന്നൈ തരുവേൻ (2000) എന്നീ ചിത്രങ്ങളിലാണ് അജിത്തും സിമ്രാനും മുമ്പ് ഒന്നിച്ചത്.
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാർക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണിത്. ചിത്രത്തിൻറെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.