Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കുമ്പളങ്ങി നൈറ്റ്സ് കണ്ടു, ഒരു ഫീലും കിട്ടിയില്ല‘ - വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ പ്രതീക്ഷിച്ച കുമ്പളങ്ങി നൈറ്റ്സ് ഇതായിരുന്നില്ല...

‘കുമ്പളങ്ങി നൈറ്റ്സ് കണ്ടു, ഒരു ഫീലും കിട്ടിയില്ല‘ - വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
, വ്യാഴം, 7 മാര്‍ച്ച് 2019 (15:13 IST)
ഫഹദ് ഫാസിൽ, ഷെയിൻ നിഗം, സൌബിൻ ഷാഹിർ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ മിന്നിക്കുകയാണ്. മികച്ച അഭിപ്രായമാണ് നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് വ്യത്യസ്തമായ പല നിരൂപണങ്ങളും വരുന്നുണ്ട്. അതിലൊന്നാണ് രേഖ രഘുനാഥ് എഴുതിയ നിരൂപണം. സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു ഫീലും തോന്നിയില്ലെന്നും എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചിത്രത്തിലെ ഓരോരുത്തരും ചുറ്റിനും വന്ന് നിൽക്കുന്ന അവസ്ഥയായിരുന്നുവെന്നും രേഖ എഴുതുന്നു. 
 
രേഖയുടെ വേറിട്ട നിരൂപണം:
 
കുമ്പളങ്ങി നൈറ്റ്‌സ് കണ്ടു. സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലുയർന്ന ഏകചോദ്യം ഇത് കാണാനാണോ ഞാൻ ഇത്രയും ബഹളമുണ്ടാക്കി വന്നതെന്നു മാത്രമായിരുന്നു. ബെഡ് റെസ്റ്റ് പറഞ്ഞ ഒരു എട്ടുമാസ ഗർഭിണി രണ്ടര മണിക്കൂറോളം ഇരുന്നു സിനിമ കാണുന്നതിലെ അനൗചിത്യമോർത്തു കൊണ്ട് എന്നെ അതിൽ നിന്നും സ്നേഹപൂർവവും ദേഷ്യപ്പെട്ടും പിന്തിരിപ്പിക്കാൻ ശ്രമിച്ച കുടുംബാംഗങ്ങളെ എല്ലാവരെയും ആ നിമിഷത്തിൽ തെല്ലൊരു കുറ്റബോധത്തോടെ ഓർത്തുകൊണ്ടാണ് തീയേറ്റർ വിട്ടിറങ്ങിയത്. അവര് പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്നായിരുന്നു അപ്പോൾ ചിന്തകളിൽ മുഴുവൻ. (എന്റെ വാശി നടക്കട്ടേയെന്നു കരുതി, കൂടെക്കൂട്ടിയ ഭർത്താവിനെ ഈ സമയത്തു സ്നേഹപൂർവം സ്മരിക്കുന്നു).
 
സിനിമ കഴിഞ്ഞു തീയേറ്ററിന്റെ ഗേറ്റ് കടന്നപ്പോൾ ആത്മഗതമെന്ന പോലെ, ''ഞാൻ പ്രതീക്ഷിച്ച കുമ്പളങ്ങി നൈറ്റ്സ് ഇതായിരുന്നില്ല'', എന്ന വാക്കുകൾ പതിയെ പുറത്തു ചാടി. മറ്റുള്ളവർ ഈ സിനിമയെക്കുറിച്ചു പറഞ്ഞതൊന്നും എനിക്ക് അനുഭവിക്കാൻ പറ്റിയില്ല. ചിത്രം കണ്ട ഭൂരിപക്ഷം പേരും നല്ലതുപറയുന്ന ഒരു സിനിമ എനിക്ക് മാത്രം എന്തുകൊണ്ട് ഒരു ഫീലും നൽകിയില്ല എന്നതിനെക്കുറിച്ചായിരുന്നു പിന്നീടുള്ള ചിന്ത മുഴുവൻ. പക്ഷേ, അപ്പോഴും ഇടയ്ക്കിടെ സജി നെപ്പോളിയൻ എന്ന കഥാപാത്രം ചെറുതായി പിന്തുടരുന്നുണ്ടായിരുന്നു. അനിയനെ കൈ ഞൊടിച്ചു വിളിച്ച്, എനിക്ക് കരയാൻ പറ്റുന്നില്ലെന്നു പറയുന്ന സൗബിന്റെ കഥാപാത്രം ചെറുതല്ലാത്തൊരു നൊമ്പരം സമ്മാനിച്ചിരുന്നു, ആ സജിയേയും മനസ്സിലിട്ടു കൊണ്ടാണ് വീട്ടിലേക്കു കയറിയത്. രണ്ടര മണിക്കൂർ നേരത്തെ ഇരുപ്പ്, കാലിൽ നീരും നടുവിന് നല്ല വേദനയും സമ്മാനിച്ചതുകൊണ്ടു എത്രയും പെട്ടെന്ന് കട്ടിലിലേക്ക് കയറി കിടപ്പായി.
 
പിന്നീടായിരുന്നു ട്വിസ്റ്റ്, ആദ്യമേ സജി മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ സജിയ്ക്കു പുറകെ, ഷമ്മിയും ബോബിയും ബോണിയും ഫ്രാങ്കിയും മുരുകനും സതിയും പ്രശാന്തും ബേബിമോളുമൊക്കെ ഒക്കെ ചുറ്റിനും വന്നു നിൽപ്പായി. മനസിൽ കുമ്പളങ്ങി നൈറ്റ്‌സ് ഒന്നുകൂടി ആദ്യം മുതൽ അവസാനം വരെ ഓടി. ഷമ്മിയുടെ ഭാവമാറ്റങ്ങളും ബോബിയുടെ നിസഹായാവസ്ഥയും എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കണമെന്ന ഫ്രാങ്കിയുടെ സ്വപ്നവും അതിനു സംഭവിക്കുന്ന ആശാഭംഗവും കഥ തുടരുമ്പോൾ ജ്യേഷ്ഠനെ മനഃശാസ്ത്രജ്ഞന്റെ അടുത്തു കൊണ്ടുപോയി, ചേർത്തുപിടിച്ചു നടന്നുപോകുന്ന ആ സഹോദരങ്ങളുമൊക്കെ വളരെപ്പെട്ടെന്നാണ് പരിചിതരായത്. ''നിങ്ങൾക്കു എന്ന് പറഞ്ഞാൽ ചേച്ചിയ്ക്ക്'' എന്ന ഒറ്റ ഡയലോഗിൽ ഹൃദയം കീഴടക്കുന്ന ബോബിയും ആദ്യാവസാനം മനോഹരമായ ശബ്ദമായി സിനിമയുടെ ജീവനാകുന്ന ബോണിയും ഭാവമാറ്റങ്ങളിലൂടെ ഭയപ്പെടുത്തുന്ന ഷമ്മിയും ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്. അതുതന്നെയായിരികുമല്ലേ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്? കണ്ടു കഴിഞ്ഞിറങ്ങുമ്പോൾ തീയേറ്റർ ചുവരുകൾക്കുള്ളിൽ അവസാനിക്കാതെ പിന്നെയും കൂടെ പോരുന്ന കുറെ കഥാപാത്രങ്ങൾ, അതുതന്നെയാണ് ഈ സിനിമയുടെ വിജയം.
 
ഒരിക്കൽ കൂടി കുമ്പളങ്ങിയുടെ സൗന്ദര്യം ആസ്വദിക്കണമെന്ന മോഹം ബാക്കിയാക്കുന്നുണ്ട് ആ സിനിമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തുന്നു, കൂടുതല്‍ സെലക്‍ടീവാകാന്‍ മെഗാസ്റ്റാര്‍ !