Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറാം വയസ്സിലായിരുന്നു ആദ്യ വിവാഹം, മുകേഷുമായി അടുക്കുന്നത് പിന്നീട്; നടി സരിതയുടെ ജീവിതം

സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത

പതിനാറാം വയസ്സിലായിരുന്നു ആദ്യ വിവാഹം, മുകേഷുമായി അടുക്കുന്നത് പിന്നീട്; നടി സരിതയുടെ ജീവിതം
, ബുധന്‍, 6 ഡിസം‌ബര്‍ 2023 (11:43 IST)
മലയാള സിനിമാലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു അഭിനേതാക്കളായ മുകേഷിന്റെയും സരിതയുടെയും. തമിഴിലും കന്നഡയിലും മലയാളത്തിലുമായി അന്ന് സരിത തിളങ്ങി നില്‍ക്കുകയായിരുന്നു. കമല്‍ഹാസനുമായി ഒന്നിച്ചഭിനയിച്ച സരിത അതിവേഗമാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായത്. പിന്നീട് നടന്‍ മുകേഷുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ സരിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. 
 
സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസ്സുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്. ഈ ദാമ്പത്യത്തിനു വെറും ആറ് മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെങ്കട സുബ്ബയ്യയും സരിതയും വേര്‍പിരിഞ്ഞു. ആദ്യ വിവാഹബന്ധം തകര്‍ന്നത് സരിതയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഈ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സരിത സിനിമയില്‍ വളരെ സജീവമായി. 
 
എണ്‍പതുകളുടെ തുടക്കത്തിലാണ് മുകേഷ് സിനിമയിലെത്തുന്നത്. 1982 ല്‍ ബലൂണ്‍ എന്ന സിനിമയില്‍ മുകേഷ് നായകനായി. പിന്നീട് മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. പിസി 369 എന്ന സിനിമയിലൂടെയാണ് മുകേഷും സരിതയും തമ്മില്‍ അടുപ്പത്തിലാകുന്നത്. ആദ്യമൊക്കെ ഇരുവരും തമ്മില്‍ നല്ല സൗഹൃദമായിരുന്നു. പിന്നീട് അത് കടുത്ത പ്രണയമായി. തനിയാവര്‍ത്തനം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യയായി സരിതയും മമ്മൂട്ടിയുടെ അനിയനായി മുകേഷും ഒന്നിച്ചഭിനയിച്ചു. ഈ സിനിമയുടെ സെറ്റിലാണ് മുകേഷും സരിതയുമായുള്ള പ്രണയം തീവ്രതയിലേക്ക് എത്തിയത്. മമ്മൂട്ടിയും ഈ പ്രണയത്തിനു സാക്ഷിയാണ്. ഒടുവില്‍ മുകേഷും സരിതയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇരുവരുടെയും പ്രണയവും വിവാഹവും തെന്നിന്ത്യന്‍ സിനിമാലോകം വലിയ ആഘോഷമാക്കി. 
 
മുകേഷുമായുള്ള വിവാഹശേഷം സരിത സിനിമയില്‍ അത്ര സജീവമല്ലായിരുന്നു. സരിത കുടുംബിനിയായി ഒതുങ്ങികൂടി എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇരുവരുടെയും കുടുംബജീവിതം വളരെ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് ആരാധകരും കരുതി. മുകേഷിനും സരിതയ്ക്കും രണ്ട് ആണ്‍മക്കളുമുണ്ടായി. 
 
1987 ലാണ് മുകേഷ് സരിതയെ വിവാഹം കഴിച്ചത്. ഏതാണ്ട് 30 വര്‍ഷത്തിനുശേഷം ഇവരുടെ കുടുംബത്തിലെ താളപിഴകള്‍ പുറംലോകമറിഞ്ഞു. മുകേഷില്‍ നിന്ന് സരിത വിവാഹമോചനം ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ അക്കാലത്ത് സരിത ഉന്നയിച്ചത്. തന്റെ കരിയര്‍ മുകേഷ് നശിപ്പിച്ചെന്നും പലപ്പോഴും ശാരീരികമായി പോലും തന്നെ മര്‍ദിച്ചിട്ടുണ്ടെന്നും അന്ന് സരിത ആരോപിച്ചിരുന്നു. ഒടുവില്‍ ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. സരിത ഉന്നയിച്ച ആരോപണങ്ങളോടൊന്നും മുകേഷ് അക്കാലത്ത് കാര്യമായി പ്രതികരിക്കുക പോലും ചെയ്തിരുന്നില്ല. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇവിടെനിന്ന് രക്ഷപ്പെടുക മാത്രമേ വഴിയുള്ളൂ',അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹ