മമ്മൂട്ടിയെ നായകനാക്കി തിരക്കഥയെഴുതാന്‍ മുരളി ഗോപിക്ക് പ്ലാനില്ലേ?

അര്‍ജുന്‍ രാജേഷ്

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (18:31 IST)
മോഹന്‍ലാലിന് ലൂസിഫര്‍ സമ്മാനിച്ച തിരക്കഥാകൃത്ത് മുരളി ഗോപി എന്തുകൊണ്ടുകൊണ്ടാണ് മമ്മൂട്ടിയെ നായകനാക്കി തിരക്കഥയെഴുതാത്തത്? ഈ ചോദ്യം മമ്മൂട്ടി ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നതാണ്. എന്നാല്‍ വ്യക്തമായ ഒരുത്തരം മുരളി ഗോപി ഒരിക്കലും നല്‍കിയിട്ടില്ല.
 
ലൂസിഫറിന് ശേഷം പൃഥ്വിരാജ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നും ആ സിനിമയുടെ തിരക്കഥ മുരളി ഗോപി എഴുതുമെന്നും നേരത്തേ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ പിന്നീട് അതിനുള്ള സാധ്യത മങ്ങി. പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ലൂസിഫര്‍ 2 ആണ്. അതിന് ശേഷം ലൂസിഫര്‍ 3 ചെയ്യും. ഈ രണ്ടുസിനിമകളുടെയും തിരക്കഥ മുരളി ഗോപിയാണ്.
 
എന്തായാലും ഉടനെയൊന്നും മുരളിയുടെ തിരക്കഥയില്‍ ഒരു മമ്മൂട്ടിച്ചിത്രത്തിന് സാധ്യതയില്ലെന്നുതന്നെ പറയാം. എന്നാല്‍, മമ്മൂട്ടി നായകനാകുന്ന ‘വണ്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണില്‍ മമ്മൂട്ടി കേരളത്തിന്‍റെ മുഖ്യമന്ത്രിയായാണ് അഭിനയിക്കുന്നത്.
 
നേരത്തേ, ‘താപ്പാന’ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ മുരളി ഗോപി വില്ലനായി അഭിനയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൂടത്തായി സിനിമയാക്കുന്നത് നിയമവിരുദ്ധം, രൂക്ഷ വിമർശനവുമായി അഭിഭാഷകൻ