കിടന്നത് ജയിലിലെ വെറും തറയിൽ, ഭക്ഷണമൊന്നും കഴിച്ചില്ല; അല്ലു അർജുനെ ഒരു ദിവസമെങ്കിലും ജയിലിൽ കിടത്തണമെന്ന് ആരുടെ നിർബന്ധമായിരുന്നു?
അല്ലു അർജുന്റെ ഒരു ദിവസത്തെ ജയിൽ ജീവിതം ഇങ്ങനെ
പുഷ്പ 2 പ്രദർശനത്തിനിടെ തിയേറ്ററിൽ ഉണ്ടായ അപ്രതീക്ഷിത തിക്കും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തിൽ പുഷ്പയിലെ നായകൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്ത്, കോടതി റിമാൻഡിൽ വിട്ടിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യയാണ് നടനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിൽ റിമാന്റിലായ നടൻ അല്ലു അർജുൻ ഇന്ന് രാവിലെ ജയിൽ മോചിതനായി. ഇന്നലെ തന്നെ നടന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എന്നാൽ രാത്രി വൈകി നടപടി ക്രമങ്ങൾ ചെയ്യാനാകില്ലെന്ന് ജയിൽ സൂപ്രണ്ട് വ്യക്തമാക്കിയതോടെ നടന് ജയിലിൽ തുടരേണ്ടി വന്നു.
ജയിൽ മോചനം വെെകിപ്പിച്ചതിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് അല്ലു അർജുന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. ഒരു ദിവസമെങ്കിലും നടനെ ജയിലിൽ കിടത്തണമെന്ന് ആരുടെ വാശിയായിരുന്നു എന്നാണ് അല്ലുവിന്റെ ആരാധകർ ചോദിക്കുന്നത്. അല്ലുവിനെതിരെ ചരട് വലിച്ചത് ആരുടെ കൈകളാണെന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്. മരണം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം റിലീസ് ചെയ്തു.
തെലങ്കാന ചഞ്ചൽഗുഡ് ജയിലിലെ ബാരക്ക് ഒന്നിലാണ് ഇന്നലെ അല്ലു അർജുൻ കഴിഞ്ഞത്. ജയിലിന്റെ പിൻഗേറ്റ് വഴിയാണ് നടനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് മുൻ ഗേറ്റിലൂടെ പുറത്തിറക്കാതിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം പ്രിസണർ നമ്പർ 7697 ആയിരുന്നു അല്ലു അർജുൻ. രാത്രി മുഴുവൻ ജയിലിലെ തറയിൽ കിടന്നാണ് അല്ലു അർജുൻ ഉറങ്ങിയത്. ഭക്ഷണമൊന്നും കഴിച്ചില്ല.