മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയ ആക്രമണം - ആറ്റുകാലില്‍ വരാന്‍ മോഹന്‍ലാല്‍ 6 ലക്ഷം ചോദിച്ചെന്ന് പ്രചരണം; മമ്മൂട്ടിയെത്തിയത് പ്രതിഫലം വാങ്ങാതെയെന്നും പ്രചരിക്കുന്നു!
മോഹൻലാലിനെ ആരും ക്ഷണിച്ചില്ല...
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇക്കൊല്ലം നിർവഹിച്ചത് മമ്മൂട്ടിയാണ്. ആദ്യമായിട്ടായിരുന്നു മമ്മൂട്ടി ഇങ്ങനെയൊരു ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ, സംഘാടകർ ആദ്യം ക്ഷണിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ചില നിബന്ധനകൾ കാരണം സംഘാടകർ മമ്മൂട്ടിയെ സമീപിക്കുകയായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മെസ്സേജിൽ ഉള്ളത്. താരത്തിന്റെ വിശ്വസ്തന്‍ ട്രസ്റ്റിനോട് ആറ് ലക്ഷം രൂപയും ,ഷൂട്ടിംഗ് ലോക്കേഷനിൽ (അത് എവിടെ ആയാലും) നിന്ന് വരാനും പോകാനും ഉള്ള ഫ്ലൈറ്റ് ടിക്കറ്റും ,തിരുവനന്തപുരം താജ് വിവന്തയിൽ താമസ സൗകര്യവും ആവശ്യപ്പെട്ടു എന്നാണ് പ്രചരിക്കുന്നത്.
ഇതോടെ ഇത്രയും സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കാതെ വന്നതോടെ ഇവർ മമ്മൂട്ടി സമീപിക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്നത്. ഷൂട്ടിംഗിനിടയിൽ വളരെ സന്തോഷപൂർവ്വം അവരെ സ്വീകരിച്ച മമ്മൂട്ടി താൻ ചടങ്ങിൽ പങ്കെടുക്കാമെന്ന് ഒരു നിബന്ധനയും കൂടാതെ വാക്ക് നൽകുകയായിരുന്നുവത്രേ.
എന്നാൽ, സത്യം അതല്ല. എന്തിനേയും ഇപ്പോൾ രണ്ട് രീതിയിൽ കാണിക്കാനും വാർത്തയെ വളച്ചൊടിക്കാനും സോഷ്യൽ മീഡിയ്ക്ക് പെട്ടന്ന് കഴിയാറുണ്ട്. അത്തരത്തിലൊരു സംഭവമാണിതെന്നാണ് റിപ്പോർട്ട്. ഈ ആവശ്യമുന്നയിച്ച് ആരും തന്നെ മോഹൻലാലിനെ സമീപിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.
അതുകൊണ്ട് തന്നെ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിൽ ഒട്ടും കഴമ്പില്ല. ചടങ്ങിലേക്ക് മമ്മൂട്ടിയെയാണ് ഭാരവാഹികൾ ക്ഷണിച്ചത്. അദ്ദേഹം പ്രതിഫലം ഒന്നും വാങ്ങാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് അറിയാൻ കഴിയുന്നത്. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മമ്മൂട്ടിയെ കാണാനും പ്രസംഗം കേൾക്കാനും വൻ ജനാവലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.