Publish Date: Thu, 25 Jun 2020 (21:02 IST)
Updated Date: Thu, 25 Jun 2020 (21:04 IST)
നടൻ അനൂപ് മേനോനും സംവിധായകൻ വി കെ പ്രകാശും വീണ്ടും ഒന്നിക്കുന്നു. ‘ഒരു നാൽപതുകാരൻറെ ഇരുപത്തിയൊന്നുകാരി' - എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ഒരു അഡാർ ലവ്’ ഫെയിം പ്രിയ പ്രകാശ് വാരിയർ ചിത്രത്തിൽ നായികയായി എത്തുന്നു. മൂന്നാം തവണയാണ് അനൂപ് മേനോൻ വി കെ പ്രകാശിനുവേണ്ടി തിരക്കഥയൊരുക്കുന്നത്.
‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിനുശേഷം പ്രിയ വരിയർ ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടില്ല. അതിനാൽ തന്നെ അനൂപ് മേനോൻ, വി കെ പ്രകാശ് തുടങ്ങിയ മുതിർന്ന ചലച്ചിത്ര പ്രവർത്തകരോടൊപ്പമുളള പ്രിയാ വാര്യരുടെ പുതിയ സിനിമയ്ക്കായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ബ്യൂട്ടിഫുൾ, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾ അനൂപ് മേനോൻ വി കെ പ്രകാശൻ കൂട്ടുകെട്ടിൽ പിറന്നതാണ്. അതേസമയം അനൂപ് മേനോൻ സംവിധാനം ചെയ്‌ത ‘കിംഗ് ഫിഷ്’ റിലീസിനായി കാത്തിരിക്കുകയാണ്. ചിത്രം മെയ് മാസത്തിൽ പ്രദർശനത്തിനെത്തേണ്ടതായിരുന്നുവെങ്കിലും ലോക്ക് ഡൗൺ ആയതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു.