അന്‍‌വര്‍ റഷീദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു!

ബുധന്‍, 8 മെയ് 2019 (11:57 IST)
രാജമാണിക്യം എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തെ അമ്പരപ്പിച്ച സംവിധായകനാണ് അന്‍‌വര്‍ റഷീദ്. അതുവരെ മലയാളികള്‍ക്ക് പരിചയമില്ലാത്ത ഒരു പുതിയ മമ്മൂട്ടിയെ ആ സിനിമയിലൂടെ അന്‍‌വര്‍ സമ്മാനിച്ചു. രാജമാണിക്യം ചരിത്രവിജയമായി. പിന്നാലെ, അണ്ണന്‍‌തമ്പി എന്ന ചിത്രത്തിലൂടെ ആ വിജയം ആവര്‍ത്തിക്കാന്‍ മമ്മൂട്ടി - അന്‍‌വര്‍ റഷീദ് കൂട്ടുകെട്ടിന് കഴിഞ്ഞു.
 
ഇപ്പോഴിതാ പുതിയ വാര്‍ത്ത. മമ്മൂട്ടിയും അന്‍‌വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനല്ല അന്‍‌വറിന്‍റെ തീരുമാനം. ഒരു മമ്മൂട്ടിച്ചിത്രം നിര്‍മ്മിക്കുകയാണ് അന്‍‌വര്‍ റഷീദ്.
 
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാല്‍’ എന്ന ചിത്രമാണ് അന്‍‌വര്‍ റഷീദ് നിര്‍മ്മിക്കുന്നത്. അമല്‍ നീരദും ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ അന്‍‌വര്‍ റഷീദിന്‍റെ സഹനിര്‍മ്മാതാക്കള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ബിഗ്ബി എന്ന എക്കാലത്തെയും സ്റ്റൈലിഷ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ബിലാല്‍. അമല്‍ നീരദ് തന്നെയായിരിക്കും ക്യാമറ ചലിപ്പിക്കുക. തിരക്കഥ ഉണ്ണി ആര്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'മോഹൻലാലിന് അങ്ങനെ തന്നെ വേണം’ - സത്യൻ അന്തിക്കാട് ഇങ്ങനെ പറയാനുള്ള കാരണമെന്ത്?