Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മലയാള സിനിമയ്ക്ക് കെ.ജി.ജോര്‍ജ് ആരാണ്?' അറിയേണ്ടതെല്ലാം ഇവിടെയുണ്ട്, ഇന്നുമുതല്‍ നീസ്ട്രീമില്‍

'മലയാള സിനിമയ്ക്ക് കെ.ജി.ജോര്‍ജ് ആരാണ്?' അറിയേണ്ടതെല്ലാം ഇവിടെയുണ്ട്, ഇന്നുമുതല്‍ നീസ്ട്രീമില്‍
, വ്യാഴം, 22 ഏപ്രില്‍ 2021 (10:54 IST)
മലയാള സിനിമയ്ക്ക് പുതിയൊരു മുഖം നല്‍കിയ വിഖ്യാത സംവിധായകനാണ് കെ.ജി.ജോര്‍ജ്. യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലൂടെ മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനെന്ന് ജോര്‍ജിനെ വിശേഷിപ്പിക്കാം. എന്നാല്‍, ഈ കാലഘട്ടത്തില്‍ പലര്‍ക്കും അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ കുറിച്ച് അറിയില്ല. അങ്ങനെയുള്ളവര്‍ക്കായി ഇതാ ഒരു സുവര്‍ണാവസരം. കെ.ജി.ജോര്‍ജിനെ കുറിച്ച് സംവിധായകന്‍ ലിജിന്‍ ജോസ് ഒരുക്കിയ ഡോക്യുമെന്ററി ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ഇന്നുമുതല്‍ നീസ്ട്രീം പ്ലാറ്റ്‌ഫോമില്‍ ഡോക്യുമെന്ററി കാണാന്‍ അവസരമുണ്ട്. സംവിധായകന്‍ ലിജിന്‍ ജോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
webdunia


ലിജിന്‍ ജോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: 

പ്രീ-ഡിഗ്രിക്ക് ആലപ്പുഴ SD കോളേജില്‍ ചേര്‍ന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് അവിടെ ഷൂട്ട് ചെയ്ത സിനിമകളെ കുറിച്ചാണ്. അങ്ങനെയാണ്  VHS ഇല്‍ 'ഈ കണ്ണി  കൂടി' എന്ന സിനിമ കാണുന്നതും  കെ.ജി ജോര്‍ജ് എന്ന പേര് ആദ്യം ശ്രദ്ധിക്കുന്നതും. ബുദ്ധി ഉറക്കാത്ത പ്രായം ആയതിനാലാവും അതിനും മുന്നേ ദൂരദര്‍ശനില്‍  കണ്ട ആദാമിന്റെ വാരിയെല്ലും പഞ്ചവടിപ്പാലവും യാത്രയുടെ അന്ത്യവും ഒക്കെ അപ്പോള്‍ ഒരു സംഭവമായി തോന്നിയിരുന്നില്ല.  'ഈ കണ്ണി  കൂടി'യിലൂടെ തുടങ്ങിയതാണ്  കെ.ജി.ജോര്‍ജ് എന്ന സംവിധായകനോടുള്ള ഇഷ്ടം. 
 
സുഹൃത്തും സഹപാഠിയുമായ സൈജുവിന്റെ ചേട്ടന്റെ വീഡിയോ ലൈബ്രറിയില്‍ ഉണ്ടായിരുന്ന എല്ലാ കെ.ജി.ജോര്‍ജ് സിനിമകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടു തീര്‍ത്തു. അതുവരെ കണ്ട സിനിമകളൊന്നും തരാത്ത എന്തോ ഒന്ന്  അവശേഷിപ്പിച്ചു ഓരോ കെ.ജി.ജോര്‍ജ് സിനിമയും. സിനിമ പഠനത്തിനിടയിലും, സ്വന്തം സിനിമ എന്ന പരിശ്രമങ്ങള്‍ക്കിടയിലും പിന്നീട് പല തവണ ആ സിനിമകള്‍ കണ്ടു. പ്രിയപ്പെട്ട പല ലോക സിനിമകള്‍ക്കും, എണ്ണം പറഞ്ഞ സംവിധായകര്‍ക്കും ഒപ്പം നില്‍ക്കുന്നതല്ലേ  ഈ മനുഷ്യന്റെ സിനിമകള്‍ എന്ന് അഭിപ്രായങ്ങള്‍ പങ്കുവെക്കാവുന്നിടത്തൊക്കെ ചോദിച്ചു. പലരും അതെ എന്ന് നിസ്സംശയം പറഞ്ഞു.  പക്ഷെ മലയാളത്തിലെ മികച്ച സംവിധായകരുടെ പേരുകള്‍ക്കൊപ്പം ഒരിക്കലും കെ.ജി.ജോര്‍ജ് എന്ന പേരോ അദ്ദേഹത്തിന്റെ സിനിമകളോ എന്തുകൊണ്ടോ എവിടെയും പറയപ്പെട്ടില്ല, എഴുതപ്പെട്ടില്ല. 
 
2012 എന്റെ ആദ്യ സിനിമ 'ഫ്രൈഡേ' റിലീസ് ചെയ്തു. നല്ല അഭിപ്രായം, IFFK സെലക്ഷന്‍ ഒക്കെ ഉണ്ടായി പക്ഷെ  'പ്രൊജക്റ്റ്' ഉണ്ടാക്കുന്നതില്‍ അത്ര മിടുക്കില്ലാത്തതു കൊണ്ട് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിട്ടും  അടുത്ത സിനിമയുടെ കാര്യങ്ങള്‍ ഒന്നും തീരുമാനം ആവാതെ എറണാകുളത്തു കറങ്ങി തിരിയുന്ന സമയം. ഒരു ദിവസം മനോരമ പത്രത്തിന്റെ കൂടെ കിട്ടുന്ന മെട്രോ മനോരമയില്‍ ജോര്‍ജ് സാറിന്റെ അര  പേജ്  ഇന്റര്‍വ്യൂ. അവസാനത്തെ ചോദ്യം- അടുത്ത് കണ്ടതില്‍ ഇഷ്ടപ്പെട്ട സിനിമ? ഉത്തരമായി രണ്ടു സിനിമകളുടെ  പേരുകള്‍ ഉണ്ടായിരുന്നു എന്നാണ് ഓര്‍മ്മ. മറ്റേ സിനിമയുടെ പേര് ഇപ്പൊ ഓര്‍മ്മയില്ല (ഉണ്ടെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ല- ഇതിപ്പോ ഞാന്‍ എന്നെ പുകഴ്ത്താന്‍ എഴുതുന്നതാണല്ലോ, സൊ.)  രണ്ടാമത്തേത് ലിജിന്‍ ജോസിന്റെ ഫ്രൈഡേ എന്നായിരുന്നു. നമുക്കിഷ്ടപ്പെട്ട ചില ആളുകള്‍ നമ്മള്‍/ നമ്മള്‍ ചെയ്തത്  കൊള്ളാം  എന്ന് പറയുമ്പോ ഉള്ള ആ പ്രത്യേക സുഖം ഉണ്ടല്ലോ...അത് അപ്പൊ  അറിഞ്ഞു. 
 
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഫ്രൈഡേ സ്‌ക്രീനിംഗ്. ഷാഹിനയും സിദ്ധാര്‍ത്ഥനും രോഷിനിയും ഒന്നിച്ചു ചായ കുടിച്ചിരിക്കുമ്പോ കെ.ജി ജോര്‍ജ് നെ പറ്റി ആയി സംസാരം. ഷാഹിന ഷാഹിന കെ.ജി ജോര്‍ജ് നെ പറ്റി എഴുതാന്‍  ആലോചിച്ച പുസ്തകത്തെ പറ്റി പറഞ്ഞു. കൂടെ ഒരു ഡോക്യുമെന്ററി എന്ന ആഗ്രഹവും.   അതൊരു നീണ്ട ചര്‍ച്ചയായി . കെ.ജി ജോര്‍ജ്  ആര്‍ട്ടും അല്ല കൊമ്മേര്‍ഷ്യലും  അല്ല എന്ന അഭിപ്രായം ആരോ പറഞ്ഞു. ആയിരിക്കാം പക്ഷെ വെള്ളം ചേര്‍ക്കാത്ത സിനിമകളാണെന്നു മറ്റാരോ. പഴയ ആ സംശയം ഞാന്‍ ആവര്‍ത്തിച്ചു. മലയാളത്തിലെ മികച്ച സംവിധായകര്‍ക്കൊപ്പം  എന്തുകൊണ്ട് കെ.ജി ജോര്‍ജ് എന്ന പേര് പറയപ്പെടുന്നില്ല? എഴുതപ്പെടുന്നില്ല? കെ.ജി ജോര്‍ജ് നെ പറ്റി ഒരു ഡോക്യുമെന്ററി എന്ന  ആശയം ആദ്യം പറഞ്ഞത് ഷാഹിനയാണ്. അന്ന് അതത്ര കാര്യമാക്കാതെ വിട്ടു. എഴുതാതെ പോയ ബുക്ക് നു വേണ്ടി  ശേഖരിച്ച റിസര്‍ച്ച് മെറ്റീരിയല്‍ എല്ലാം ഷാഹിന പിന്നെ മെയിലില്‍ അയച്ചു തന്നു. (ജോര്‍ജ് സാറിനോട് സംസാരിക്കു എന്ന് പറഞ്ഞു അന്ന്  തുടങ്ങിയ വെറുപ്പിക്കല്‍,  ഇതിന്റെ റിലീസായിട്ടു ഒരു പോസ്റ്റ് ഇട്ടൂടെ  എന്ന്  ഇന്നലെ വൈകിട്ട് ഫോണ്‍ വിളിച്ചു ചോദിക്കുമ്പോളും തുടരുന്നു. )
 
ഒടുവില്‍ നമ്പര്‍ സംഘടിപ്പിച്ചു  ജോര്‍ജ് സാറിനെ വിളിച്ചു. വീട്ടില്‍ പോയി നേരില്‍ കണ്ടു. ഫ്രൈഡേ യെ പറ്റി 'എനിക്കെടുക്കാന്‍ ഇഷ്ടമുള്ള തരം  സിനിമ' എന്ന് സാര്‍  പറഞ്ഞപ്പോ കിട്ടിയ ആത്മവിശ്വാസത്തില്‍, ഒരു ഡോക്യുമെന്ററി ചെയ്യാന്‍ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു. ഒരു മിനിറ്റ് മൗനം. വേണ്ട എന്ന ഉത്തരം പ്രതീക്ഷിച്ചിരിക്കുമ്പോ സാര്‍ പറഞ്ഞു 'ചെയ്യുന്നെങ്കില്‍ നന്നാവണം.'  പിന്നെ കടുപ്പിച്ച്  ഒരു നോട്ടം. പുറത്തിറങ്ങി ആദ്യം  വിളിച്ചത് എഡിറ്റര്‍ അജിത്തിനെ ആണ്. കാര്യം പറഞ്ഞു. 'ഇത് ചെയ്തില്ലെങ്കില്‍ പിന്നെ നമ്മള്‍ ഒക്കെ എന്തിനാ ഈ പണീം കൊണ്ട് നടക്കുന്നെ' എന്ന് അജിത്തിന്റെ മറുപടി. ഫ്രൈഡേ യുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഷിബു ജി സുശീലനോട് അടുത്ത സിനിമക്ക് പ്രൊഡ്യൂസര്‍നെ  കിട്ടുമോ എന്ന് നോക്കാന്‍ പറഞ്ഞിരിക്കുന്ന സമയമാണ്. ഷിബുവിനെ  തന്നെ വീണ്ടും വിളിച്ചു. ജോര്‍ജ് സാറിനെ പറ്റി  ഒരു ഡോക്യുമെന്ററി ചെയ്യണം പ്രൊഡ്യൂസര്‍ നെ കിട്ടുമോ എന്ന് ചോദിച്ചു. ഷിബുവിന്റെ വക വീണ്ടും ഒരു മിനിറ്റു മൗനം. പിന്നെ 'ഡോക്യുമെന്ററി ഒക്കെ ആര് പ്രൊഡ്യൂസ് ചെയ്യാന്‍?'  എന്ന മറുപടി. നടക്കാത്ത മറ്റൊരു പ്രൊജക്റ്റ് എന്ന് വിചാരിക്കാന്‍ തുടങ്ങുമ്പോ ഷിബു പറഞ്ഞു 'വേണേ നമുക്ക് തന്നെ ചെയ്യാം' അങ്ങനെ തുടങ്ങിയതാണ് 2013 മാര്‍ച്ചില്‍. തീരുന്നതു 2017 മാര്‍ച്ചില്‍. 
 
കാശും , ക്യാമറയും, വേണ്ട ആളുകളും ഉള്ളപ്പോള്‍ മാത്രം ഷൂട്ടിംഗ്. ഇടയില്‍ 'ലോ പോയിന്റ്' സംഭവിച്ചു.  പ്രൊഡ്യൂസര്‍  ഡേവിഡ് കാച്ചപ്പള്ളി കാശ് തരില്ല എന്ന് പലരും പറഞ്ഞെങ്കിലും. പറഞ്ഞ പൈസയും, ഒരുപാട് കെ ജി ജോര്‍ജ് കഥകളും തന്നു ഡേവിഡ് സാര്‍. കയ്യിലെ കാശ് തീരും മുന്നേ പോസ്റ്റ് പ്രൊഡക്ഷന്‍ തീര്‍ക്കാം എന്നാലോചിക്കുമ്പോ   അജിത്തിന് എഡിറ്റ് ചെയ്യാന്‍ തുടരെ  സിനിമകള്‍. മറ്റൊരാളെ വച്ച് ചെയ്തുകൂടെ എന്ന് ഷാഹിനയുടെ വക വെറുപ്പിക്കല്‍ വീണ്ടും. പറ്റില്ലന്ന് ഞാന്‍.  എഡിറ്റിനിരിക്കുന്ന ഞാനും അജിത്തും പലപ്പോഴും ജോര്‍ജ് സാറിന്റെ ഓരോ സിനിമയും ആദ്യാവസാനം വീണ്ടും  കണ്ടു, അദ്ഭുതപ്പെട്ടു... എഡിറ്റിന് എന്ന് പറഞ്ഞു നാലാം വര്‍ഷവും തിരുവനന്തപുരത്തേക്ക് വണ്ടി കേറുമ്പോ ഭാര്യ പറയും 'കൂട്ടുകാര്‍ മൊത്തം അവിടാണല്ലോ അവരെ ഇടയ്ക്കു കാണാന്‍ ഇതൊരു കാരണം!' അറിയുന്നവരില്‍ പലര്‍ക്കും  ഈ ഡോക്യുമെന്ററി ഒരു തമാശ ആയി. ഇത് ഒരിക്കലും  തീരില്ല എന്ന് വരെ പറഞ്ഞു പലരും. 
 
കമല്‍ സര്‍ അക്കാദമി ചെയര്മാന്‍  ആയപ്പോള്‍ ഒരിക്കല്‍  ജോര്‍ജ് സാറിനെ പറ്റിയുള്ള ഡോക്യുമെന്ററി എന്തായി എന്ന് തിരക്കി. എഡിറ്റ് കഴിഞ്ഞു, ഫൈനല്‍ ഔട് എടുക്കും മുന്നേ  പൂനെ ആര്‍ക്കൈവ്സ് ഇല്‍ ഉള്ള ജോര്‍ജ്  സാറിന്റെ സിനിമകളുടെ 2K ഫൂട്ടേജ് വേണം എന്ന ആവശ്യം പറഞ്ഞു. അവര്‍ക്കു കത്തയച്ചിട്ടു മറുപടി ഇല്ല.  അക്കാദമി സഹായിക്കാം പക്ഷെ അക്കാദമി നടത്തുന്ന ഫെസ്റ്റിവലില്‍ കോമ്പറ്റിഷന്‍ സെക്ഷന്‍ ഇല്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല എന്ന മുന്നറിയിപ്പ്. ഓക്കേ പറഞ്ഞതോടെ    കമല്‍ സാറും ബീന പോളും അക്കാദമി യും കട്ട സപ്പോര്‍ട്. ആര്‍ക്കൈവ്സ് ലെ മൂവിയോളയില്‍ ലേഖയുടെ മരണവും, കോലങ്ങളും യവനികയും ഒക്കെ  35 mm print കണ്ടത് ഇപ്പോളും കണ്മുന്നിലുണ്ട്...  എഡിറ്റ് ലോക്ക് ചെയ്തു. ആവശ്യമുള്ള  മ്യൂസിക്  'ലോ പോയിന്റ്' റീ റെക്കോര്‍ഡിങ് സമയത്തു പറഞ്ഞ വാക്കു പാലിച്ചു ബിജിബാല്‍ ചെയ്തു തന്നു. 
 
2017 ബിനാലെയില്‍ ജോര്‍ജ് സാറിനൊപ്പമുള്ള ആദ്യ സ്‌ക്രീനിംഗ്, അടുത്തിരിക്കുമ്പോള്‍ ചിലപ്പോളൊക്കെ സാറിന്റെ കണ്ണ് നിറയുന്നത് കാണാമായിരുന്നു. 'എന്നെ പറ്റി നിങ്ങള്‍ക്ക് പറയാനുള്ളത് അതിലുണ്ട്, അത് നന്നായി വന്നിട്ടുണ്ട്' എന്ന് സാറിന്റെ വാക്കുകള്‍.     IIFI, IDSFFK, ഹാബിറ്റാറ് അങ്ങനെ കുറെ സ്‌ക്രീനിങ്ങുകള്‍.ആരും മോശം എന്ന് പറഞ്ഞില്ല. കണ്ടവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ട് ഇതെവിടെ കാണാം എന്ന് ചോദിച്ചവരോട് പറയാന്‍ ഉത്തരമില്ലായിരുന്നു. OTT  പ്ലാറ്റുഫോമുകള്‍ സജീവമായപ്പോള്‍ പല വഴികളില്‍ ശ്രമിച്ചു പക്ഷെ, ഇങ്ങു കേരളത്തിലെ, ആരും കേള്‍ക്കാത്ത ഒരു ഫിലിംമേക്കറെ  കുറിച്ചുള്ള ഡോക്യൂമെന്ററിയില്‍ ആര്‍ക്കു താല്പര്യം? ഒരു പ്രോപ്പര്‍ റിലീസ് എന്ന അത്യാഗ്രഹം... പിന്നെയും നാല് വര്‍ഷങ്ങള്‍... 
 
നീസ്ട്രീമില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ടിട്ട് ജിയോ ബേബിയോട് സംസാരിക്കുമ്പോള്‍  ജിയോ ഡോക്യുമെന്ററി യെ പറ്റി  ചോദിക്കുന്നു. നീസ്ട്രീമുമായി ആദ്യം സംസാരിച്ചതും ജിയോ ആണ്.   അങ്ങനെ ഒടുവില്‍ ജോര്‍ജ് സാറിനെയും, സാറിന്റെ സിനിമകളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നിലേക്ക് ഈ ഡോക്യുമെന്ററി എത്തുന്നു..
 
ഇത് ജോര്‍ജ് സാറിനെയും സാറിന്റെ സിനിമകളെയും കുറിച്ചുള്ള അവസാന വാക്കല്ല. ഇങ്ങനെ ഒരു ഫിലിം മേക്കറും, അദ്ദേഹത്തിന്റേതായി ഇങ്ങനെ കുറെ സിനിമകളും ഇവിടെ ഉണ്ട് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. കെ ജി ജോര്‍ജ് എന്ന സംവിധായകനെയും, അദ്ദേഹത്തിന്റെ സിനിമകളെയും, നമ്മള്‍ ഇനിയും കണ്ടെത്താനും, ആഴത്തില്‍ പഠിക്കാനും, ആഘോഷിക്കാനും ഇരിക്കുന്നേയുള്ളു എന്ന ഓര്‍മ്മപ്പെടുത്തല്‍. 

ഈ ചിത്രം നിങ്ങള്‍ക്കു മുന്നില്‍ എത്തുമ്പോള്‍ ഉള്ള ഏറ്റവും വലിയ സങ്കടം എംജെ എന്ന് ഞങ്ങള്‍ വിളിക്കുന്ന എംജെ രാധാകൃഷ്ണന്‍ ചേട്ടന്‍  നമുക്കൊപ്പം ഇല്ല എന്നതാണ്. 'ജോര്‍ജേട്ടനെ പറ്റിയുള്ള പടമല്ലേ ലിജിനേ' എന്ന് പറഞ്ഞു ഒരു രൂപ പോലും വാങ്ങാതെ സ്വന്തം ക്യാമറയുമായി സ്വന്തം വണ്ടിയില്‍  പല തവണ ഷൂട്ട് നു വന്ന  എംജെയെ പറ്റി കണ്ണ് നിറയാതെ ഓര്‍ക്കാനാവില്ല... We really really miss you MJ... and we will always miss you...
 
എംജെയെ പോലെ, കെ ജി ജോര്‍ജ് എന്ന ഇഷ്ടം കൊണ്ട് പ്രതിഫലം പോലും വാങ്ങാതെ കൂടെ നിന്ന കുറെ പേരുടെ പരിശ്രമം ആണ് ഈ ചിത്രം. ആദ്യാവസാനം കൂടെ ഉണ്ടായിരുന്ന Shibu G Suseelanlan, Shahina Rafiq,  ക്യാമറയിലും എഡിറ്റിലും VFX  ലും  Neil Dcunha, Sanjai Suresh Razi Muhammed Itz Karthik Ajay Kuyilur, Rinju Rv Sameer Haq @rajkumar, Seena Panoli,  സൗണ്ട് കൈകാര്യം ചെയ്ത Prince, Jithen, Sanu, Ajayan Adat, Pramod Thomas... സബ്ടൈറ്റില്‍സ്  കുഴക്കിയപ്പോള്‍ സഹായിച്ച Archana Vasudev.  John, Priya Abhi...Mega media, Media Mill, Collective Phase എന്നീ സ്റ്റുഡിയോകള്‍... നീ സ്ട്രീം ലെ മനു, ചാള്‍സ്, ശ്രീജിത്ത്, ശ്രേയ...എല്ലാത്തിനും മേലെ, ജോര്‍ജ് സാറിന്റെ കുടുംബം... ഇവിടെ പറയാന്‍ വിട്ടു പോയവരടക്കം  ഒരുപാടു പേരുടെ സ്‌നേഹവും, പിന്തുണയും ഉണ്ടായിട്ടുണ്ട് ഈ നീണ്ട യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം... എല്ലാവര്‍ക്കും  നന്ദി, സ്‌നേഹം...
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു,മാമാങ്കത്തിന് ശേഷം സംവിധായകന്‍ എം പദ്മകുമാറിന്റെ ചിത്രം ഇന്ന് തുടങ്ങും