ദിലീപിന് 2 വർഷത്തെ വിലക്ക്, കൂടെ വലിയ തർക്കവും; മീശമാധവൻ നേരിട്ട പ്രതിസന്ധികൾ
ദിലീപിനെ സൂപ്പർസ്റ്റാർ ആക്കിയ സിനിമയാണ് മീശമാധവൻ.
ദിലീപിനെ സൂപ്പർസ്റ്റാർ ആക്കിയ സിനിമയാണ് മീശമാധവൻ. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ബ്ലോക്ബസ്റ്റർ ആയിരുന്നു. ദിലീപ് അന്ന് വരെ ചെയ്തിട്ടില്ലാത്ത ഒരു വേഷപ്പകർച്ച അദ്ദേഹത്തിൽ നിന്നും ഈ ചിത്രത്തിൽ കണ്ടു. 2002-ലെ ഏറ്റവും വലിയ വാണിജ്യ വിജയമായ ചിത്രം ദിലീപിന്റെ താരമൂല്യം കുത്തനെ ഉയർത്തി. മീശമാധവനിലെ ഡയലോഗുകളും ഗാനങ്ങളും ഇന്നും പ്രേക്ഷകർക്കിടയിൽ ജനപ്രിയമായി തുടരുന്നു. ദിലീപ്-കാവ്യ ജോഡി പ്രേക്ഷകരുടെ പ്രിയ ജോഡി ആയത് ഈ സിനിമയിലൂടെയാണ്.
ചിത്രം വൻ വിജയമായി മാറിയെങ്കിലും മീശമാധവൻ ചിത്രീകരണ സമയത്ത് സമാനതകളില്ലാത്ത വെല്ലുവിളികളായിരുന്നു നേരിട്ടതെന്ന് സംവിധായകൻ ലാൽ ജോസ് തന്നെ നേരത്ത പലവട്ടം വ്യക്തമാക്കിയിരുന്നു. അതിൽ ഏറ്റവും വലിയ പ്രതിസന്ധി ആ സമയത്ത് ദിലീപിന് നേരിടേണ്ടി വന്ന വിലക്കായിരുന്നു.
'നമ്മൾ കയ്യും കാലും ഇട്ടടിച്ച് കരിയർ തിരിച്ച് പിടിക്കാനുള്ള ശ്രമം നടത്തുന്നതിന് ഇടയിലാണ് ഓരോ ഏടാകൂടങ്ങൾ കയറി വരുന്നത്. സിനിമ ഷൂട്ടിങ് തുടങ്ങിയ സമയത്താണ് ദിലീപിനെതിരായുള്ള രണ്ട് വർഷത്തെ വിലക്ക് വരുന്നത്. ഒരാൾ ഒരു ചെക്ക് കൊടുത്തു, അത് മടങ്ങി. രണ്ടാമതും മൂന്നാമതും ചെക്ക് മടങ്ങിയപ്പോൾ അത് കേസാകുകയായിരുന്നു. ഒടുവിൽ അത് വാറന്റുമായി' സഫാരി ടിവിയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ലാൽ ജോസ് പറയുന്നു.
കേസിൽ പിടിക്കുന്നത് ശനിയാഴ്ച ആയതുകൊണ്ട് ഞായാറാഴ്ച ലോക്കപ്പിൽ കിടക്കേണ്ടി വന്നു. ആ വിഷയം സിനിമ രംഗത്ത് വലിയ പ്രശ്നമായി. ഒടുവിൽ കിട്ടേണ്ട പണം ചോദിച്ച വ്യക്തി പ്രതിയാകുകയും അയാളെ രണ്ട് കൊല്ലത്തേക്ക് വിലക്കുകയും ചെയ്തു. ഈ വിഷയങ്ങൾ ബാധിക്കുന്നത് ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്റെ സിനിമയേയാണ്. വിലക്ക് വാർത്ത വന്നതോടെ ദിലീപ് ആകെ ഡിപ്രസ്ഡ് ആയി. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ട് എടുക്കുന്ന സമയത്താണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് വരുന്നത്. ജീവിതത്തിൽ നമ്മൾ ഒരുപാട് അഗ്നിപരീക്ഷകളെ നേരിടേണ്ടി വരും. രണ്ട് കൊല്ലം കഴിഞ്ഞിട്ടാണ് ഇറങ്ങുന്നതെങ്കിൽ ആ സമയത്ത് ഇറക്കാം. എന്തായാലും ഷൂട്ടിങ് നിർത്തിവെക്കാൻ പറ്റില്ലെന്ന് പറഞ്ഞു. നിർമ്മാതാക്കൾ എവിടെ നിന്നെല്ലാമാണ് കടം വാങ്ങിച്ചിരിക്കുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയാമായിരുന്നുവെന്നും ലാൽ ജോസ് പറയുന്നു.
ഒടുവിൽ ഡബ്ബിങ് കഴിഞ്ഞ് ഡബിൾ പോസിറ്റീവ് ആയ സമയത്ത് അത് കാണാൻ വേണ്ടി രഞ്ജൻ പ്രമോദിനെ വിളിച്ചു. പടം കണ്ട് കഴിഞ്ഞതോടെ അദ്ദേഹത്തിന് എന്തോ ഒരു അപകടം മണത്തു. വീണ്ടും ഒരു രണ്ടാംഭാവം ആകുമോയെന്ന ഭീതി അദ്ദേഹത്തിനുണ്ടായി. എങ്കിലും ഞാൻ വിചാരിച്ചത് പോലെ ആയില്ലെന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ചിത്രം റീലിസിനെത്തി. ന്യൂൺ ഷോ കാണാൻ എനിക്ക് ധൈര്യം ഇല്ല. ഫസ്റ്റ് ഷോ കാണാൻ ഞാൻ എത്തിയതോടെ ന്യൂൺ ഷോ കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നത് കേൾക്കുന്നുണ്ട്.
തിയേറ്ററിന്റെ അടുത്ത് ഒരു ടെലഫോൺ ബൂത്തുണ്ട്. അവിടെ പോയി ദിലീപിനെ വിളിച്ച് കാര്യം തിരക്കാം എന്ന് വിചാരിച്ചപ്പോൾ അതിനോടകം ചിത്രം കണ്ടു കഴിഞ്ഞ ഒരു സംവിധായകൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഞാൻ പുറത്ത് നിന്നും കേട്ടു. ആളുടെ പേര് ഞാൻ പറയുന്നില്ല. അദ്ദേഹം സംസാരിക്കുന്നത് ദിലീപിനോടാണെന്ന് എനിക്ക് മനസ്സിലായി. സിനിമയിൽ ഒരുപാട് ലാഗ് ഉണ്ട്. ഒരു ആക്ഷൻ രംഗം കുറച്ച് ഓവറാണ്, അതൊക്കെ കട്ട് ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്.
സാധാരണക്കാരായ ആളുകൾ നല്ല റിപ്പോർട്ട് പറഞ്ഞിരിക്കേയാണ് ആ സംവിധായകൻ അത് പറയുന്നത് കേട്ടത്. എനിക്ക് വലിയ വിഷമം ആയി. എന്തായാലും അപ്പോൾ തന്നെ ഞാൻ ദിലീപിന്റെ ഒരു കോൾ പ്രതീക്ഷിച്ചു. സംവിധായകൻ ബൂത്തിൽ നിന്നും ഇറങ്ങി എന്നെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം വിറളിപ്പോയി. പടം ഇഷ്ടമായില്ലേയെന്ന് ഞാൻ ചോദിച്ചപ്പോൾ പോര ലാലു എന്നായിരുന്നു മറുപടി. ദിലീപിനെ വിളിച്ചപ്പോൾ അദ്ദേഹം പറയുന്നത് എല്ലാ തിയേറ്ററിൽ നിന്നുമുള്ള റിപ്പോർട്ട് സൈക്കിൾ ഫൈറ്റിന്റേയും മറ്റും സ്ഥലങ്ങൾ ലാഗ് ആണെന്നും കൂവൽ ഉണ്ടെന്നുമായിരുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ രണ്ട് മൂന്ന് ഭാഗങ്ങൾ വെട്ടണമെന്നും അദ്ദേഹം പറയുന്നു.
എന്തായാലും ഞാൻ സിനിമ കണ്ടതിന് ശേഷം നോക്കാം എന്ന് പറഞ്ഞു. ഞാൻ പടം കാണാൻ കയറിയപ്പോൾ തുടക്കം മുതൽ അവസാനം വരെ ചിരിയും കയ്യടിയും ബഹളവുമാണ്. ഈ പറഞ്ഞ ഒരിടത്തും കൂവലുമില്ല. പുറത്തിറങ്ങിയ ഉടനെ ദിലീപിനെ വിളിച്ച് ആരാണ് കൂവലുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചു. ഉടനെ ദിലീപ് പറഞ്ഞത് എറണാകുളത്ത് നല്ല കൂവലാണെന്നാണ്. എറണാകുളത്ത് കൂവലുണ്ടെങ്കിൽ അത് ആരോ മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് പറഞ്ഞു. എന്ത് പറഞ്ഞിട്ടും ദിലീപ് സമ്മതിക്കുന്നില്ല. വിജയിക്കേണ്ട ഒരു സിനിമ എന്തിനാണ് ഇതിന്റെ പേരിൽ പരാജയപ്പെടുത്തുന്നത്. നിനക്ക് ഇത് അങ്ങനെ പറഞ്ഞാൽ മതി. എനിക്ക് ഈ സമയത്ത് ഒരു സിനിമ വിജയിക്കുക എന്ന് പറയുന്നത് വളരെ പ്രധാനാപ്പെട്ടതാണെന്നായിരുന്നു ദിലീപിന്റെ വാദങ്ങൾ. സിനിമ വിജയിക്കേണ്ടത് നിന്നേക്കാൾ എനിക്കാണ് പ്രധാനം എന്നായിരുന്നു എന്റെ മറുപടി. എന്റെ കഴിഞ്ഞ സിനിമ പരാജയമായിരുന്നു. സിനിമ പരാജയപ്പെടുകയാണെങ്കിൽ എൻ്റെ സുഹൃത്തുക്കളും നിർമ്മാതാക്കളുമായ സുധീഷും സുബൈറും കടത്തിൽ മുങ്ങി താണുപോകും. അങ്ങനെ ചെറിയൊരു വാക്കു തർക്കത്തിലേക്ക് ഫോണിലൂടെ പോയി. എന്തായാലും കട്ട് ചെയ്യണമെങ്കിൽ കട്ട് ചെയ്യാം എന്ന് തീരുമാനിച്ച് സെക്കൻഡ് ഷോയുടെ സമയത്ത് ഞാൻ ശ്രീകുമാർ തിയേറ്ററിൽ എത്തി. അന്ന് ഫിലിം ആയതിനാൽ ഓരോ തിയേറ്ററിലും പോയി കട്ട് ചെയ്യണം.
ഞാൻ അവിടെ എത്തിയപ്പോൾ തിയേറ്ററിലെ ഓപ്പറേറ്റർ എന്നോട് ചോദിച്ചു. എന്തിനാണ് സാറെ ഇത് കട്ട് ചെയ്യുന്നതെന്ന്. ലാഗ് കാരണമാണ് കട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ച് ചോദിച്ചത് ആരാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു. എത്രയോ വർഷങ്ങളായി ഈ പ്രൊജക്ടർ റൂമിലെ ഹോളിൽ കൂടെ സിനിമ കാണുന്നതാണ്. ആ അനുഭവത്തിൽ പറയുകയാണ് ഈ സിനിമ 100 ദിവസം ഓടും. അതുകൊണ്ട് കട്ട് ചെയ്യല്ലേ. കട്ട് ചെയ്താലും ഓടും, പക്ഷെ എന്തിനാണ് കട്ട് ചെയ്ത് പ്രിന്റിന്റെ ഐശ്വര്യം കളയുന്നത്.
പത്ത് മിനുട്ട് കുറഞ്ഞ് കിട്ടിയാൽ അതിന്റെ ഏറ്റവും വലിയ ഗുണം അനുഭവിക്കുന്നത് ഞാനാണ്. എനിക്ക് അത്രയും നേരത്തെ വീട്ടിൽ പോകാലോ. പക്ഷെ ഈ സിനിമയിൽ കളയാൻ ഒന്നുമില്ല. ആളുകൾ വളരെ സന്തോഷിച്ചാണ് സിനിമ കാണുന്നതെന്നും ഓപ്പറേറ്റർ പറഞ്ഞു. അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടതോടെ എനിക്ക് വല്ലാത്തൊരു ഊർജ്ജം കിട്ടി. ഇനി ദിലീപ് അല്ല ആരു പറഞ്ഞാലും കട്ട് ചെയ്യാൻ പോണില്ലെന്ന് തീരുമാനിച്ചു. ആ സിനിമ പിന്നീട് 202 ദിവസം ഓടി. വലിയ തരംഗമായി. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ മീശമാധവനാണെന്നും ലാൽ ജോസ് കൂട്ടിച്ചേർക്കുന്നു.