മമ്മൂട്ടിയുടെ മാസ് ക്രൈം ത്രില്ലര്‍, എഴുതുന്നത് ഡെന്നിസ് ജോസഫ് !

തിങ്കള്‍, 22 ഏപ്രില്‍ 2019 (14:13 IST)
ഡെന്നിസ് ജോസഫ് എന്ന പേര് മമ്മൂട്ടി എന്നാ മെഗാതാരത്തിന്‍റെ കരിയറില്‍ ഏറ്റവും നിര്‍ണായകമായ ഒരു പേരാണ്. ‘ന്യൂഡല്‍ഹി’ എന്ന എക്കാലത്തെയും വലിയ വിജയചിത്രത്തിന്‍റെ എഴുത്തുകാരന്‍. മാത്രമല്ല, മമ്മൂട്ടിയുടെ വമ്പന്‍ ഹിറ്റുകളായ നിറക്കൂട്ട്, ശ്യാമ, നായര്‍സാബ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ ഒട്ടേറെ ഹിറ്റുകളും എഴുതിയത് ഡെന്നിസാണ്. മമ്മൂട്ടിയുടെ താന്ത്രിക് ഹിറ്റായ ‘അഥര്‍വ്വം’ സംവിധാനം ചെയ്തതും ഡെന്നിസ് ജോസഫാണ്.
 
വലിയ ഇടവേളയ്ക്ക് ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഇതൊരു മാസ് ക്രൈം ത്രില്ലറായിരിക്കും എന്നാണ് വിവരം. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രമോദ് പപ്പനാണ്.
 
രാഷ്ട്രീയവും അധോലോകവുമെല്ലാം വിഷയമാകുന്ന സിനിമയുടെ എഴുത്തുജോലികളിലാണ് ഇപ്പോള്‍ ഡെന്നിസ് ജോസഫ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. 2020 ആദ്യം പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകും.
 
മമ്മൂട്ടിയുടെ വജ്രം, തസ്കരവീരന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് പ്രമോദ് പപ്പനാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിലാൽ - പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ബാല!