60 ലക്ഷം മുടക്കി എടുത്ത ആ മോഹൻലാൽ ചിത്രം അമ്പേ പരാജയപ്പെട്ടു; പ്രൊഡക്ഷൻ കമ്പനി പൂട്ടി നിർമാതാവ്
മോഹൻലാലിന്റെ അസാധ്യ പ്രകടനം ചിത്രത്തെ രക്ഷിച്ചില്ല
മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ ചെയ്ത പ്രൊഡക്ഷൻ കമ്പനിയാണ് ജൂബിലി പ്രൊഡക്ഷൻസ്. ജൂബിലി പ്രൊഡക്ഷൻസിന്റെ അവസാന ചിത്രമായിരുന്നു പവിത്രം. മോഹൻലാൽ-ശോഭന-പി ബാലചന്ദ്രൻ- രാജീവ് കുമാർ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ഇന്നും ക്ലാസിക് സിനിമയായിട്ടാണ് സിനിമാ പ്രേമികൾ കാണുന്നത്. എന്നാൽ, ചിത്രം തിയേറ്ററിൽ വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ചേട്ടച്ഛന്റെ സ്നേഹവും വാത്സല്യവും ആവോളം പകർന്നു നൽകിയ ചിത്രം ഇന്ന് കണ്ടാലും മനം നിറയും. മോഹൻലാലിന്റെ അവിസ്മരണീയമായ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ പ്ലസ് പോയിന്റ്. എന്നാൽ ഇതിനും ചിത്രത്തെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. പവിത്രം പരാജയപ്പെട്ടതോടെയാണ് താൻ സിനിമാ നിർമാണം അവസാനിപ്പിച്ചതെന്ന് ജൂബിലി പ്രൊഡക്ഷൻസിന്റെ അമരക്കാരൻ ജോയ് പറയുന്നു.
'വലിയ തിരക്കിനിടയിൽനിന്ന് മോഹൻലാൽ ഡേറ്റ് നൽകി 60 ലക്ഷം രൂപയോളം മുടക്കി നിർമിച്ച സിനിമയാണ് പവിത്രം. മണിച്ചിത്രത്താഴ് റിലീസായിട്ട് അപ്പോൾ മൂന്നാഴ്ചയേ ആയിരുന്നുള്ളു. തിരൂരിലെ ഖയാം എന്ന തിയറ്ററിൽ പവിത്രം എട്ടു ദിവസം മാത്രമേ പ്രദർശിപ്പിച്ചുള്ളു. മികച്ച ഗാനങ്ങളുമൊക്കെയായി നല്ല അഭിപ്രായം നേടിയെങ്കിലും ഉദ്ദേശിച്ച രീതിയിൽ കലക്ഷൻ വന്നില്ല.അതെനിക്ക് ഒരു ഷോക്കായിരുന്നു. നഷ്ടം സഹിക്കാനായി എന്തിനിങ്ങനെ സിനിമയെടുക്കണം എന്ന ചിന്ത ഉണ്ടായി. ആ ചിന്ത കൂടി വന്നപ്പോൾ സിനിമാ നിർമാണം നിർത്താനുള്ള തീരുമാനം ഞാനെടുത്തു.
തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആദ്യമായി തിരക്കഥ എഴുതിയതും ജൂബിലിക്കു വേണ്ടിയായിരുന്നു. ജോഷി സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ നിറക്കൂട്ട് ആയിരുന്നു ആ സിനിമ.രാജാവിന്റെ മകന്റെ വിജയത്തെ തുടർന്നു ജൂബിലിയുടെ അടുത്ത ചിത്രവും തമ്പി കണ്ണന്താനത്തെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ഇറങ്ങിയതാണ് രാജാവിന്റെ മകൻ . റിലീസ് വൈകാതെ കൃത്യസമയത്ത് തിയറ്ററിൽ എത്തിയിരുന്നുവെങ്കിൽ കുറച്ചു കൂടി വലിയ വിജയം ആകേണ്ടിയിരുന്ന സിനിമ ആയിരുന്നു ഭൂമിയിലെ രാജാക്കന്മാർ', ജൂബിലി ജോയ് പറഞ്ഞു.