കാര്‍ബണ്‍ മികച്ച സിനിമ, ഫഹദ് ഉജ്ജ്വലം! - നിരൂപണം

ബോബി

വെള്ളി, 19 ജനുവരി 2018 (17:53 IST)
അസാധാരണമായ കഥകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കും. പതിവില്ലാത്ത കാഴ്ചകള്‍ക്കായാണ് അവര്‍ എപ്പോഴും കാത്തിരിക്കുന്നത്. വേണു സംവിധാനം ചെയ്ത ‘കാര്‍ബണ്‍’ അത്തരത്തില്‍ പതിവില്ലാത്ത ഒരു കാഴ്ചയാണ്.
 
വേണുവിന്‍റെ മുന്‍‌ചിത്രങ്ങളായ ദയയും മുന്നറിയിപ്പും പോലെ ഔട്ട് ഓഫ് ദി ബോക്സ് കണ്‍‌സെപ്ട് കൈകാര്യം ചെയ്യുന്നതുകൊണ്ടുതന്നെ മാസ് സിനിമയോ കോമഡിയോ പ്രതീക്ഷിച്ചുപോയിട്ട് കാര്യമില്ല. കാര്‍ബണ്‍ അനുഭവിച്ച് അറിയേണ്ട സിനിമയാണ്.
 
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന സിബി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. പെട്ടെന്ന് എങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയാണ് സിബി. അയാള്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഒരു വനത്തില്‍ എത്തിപ്പെടുന്നു. അവിടെ അയാളെ കാത്ത് ഒരു നിധിയിരിപ്പുണ്ട്. 
 
റിയാലിറ്റിയും ഫാന്‍റസിയും ഇടകലര്‍ന്ന രീതിയിലുള്ള ആഖ്യാനമാണ് വേണു ഈ സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്. സിബി എന്ന കഥാപാത്രം ചെന്നുപെടുന്ന സവിശേഷമായ സാഹചര്യങ്ങളെ കവിതാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് ക്യാമറാമാന്‍ കെ യു മോഹനന്‍. ബോളിവുഡിലെ തലപ്പൊക്കമുള്ള ക്യാമറാമാനായ മോഹനന്‍റെ ആദ്യ മലയാള ചിത്രമാണ് കാര്‍ബണ്‍. കാടിന്‍റെ വന്യതയും സൌന്ദര്യവും അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു മോഹനന്‍.
 
എടുത്തുപറയേണ്ട മറ്റൊരു കാര്യം ഈ സിനിമയുടെ സംഗീതമാണ്. ബോളിവുഡിലെ വിഖ്യാത സംഗീത സംവിധായകനായ വിശാല്‍ ഭരദ്വാജാണ് കാര്‍ബണിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം.
 
അതീവരസകരമായ ഒരു കഥയെ വ്യത്യസ്തമായ ഭൂമികയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കാന്‍ വേണുവിന് കഴിഞ്ഞു. അതിന് പ്രധാന സഹായം ലഭിച്ചത് എഡിറ്റര്‍ ബീന പോളില്‍ നിന്നാണ്. കഥയിലെ സാഹസികതയും സംഗീതവും എല്ലാം അനുഭവിപ്പിക്കാന്‍ ബീനയുടെ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
 
മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലില്‍ നിന്ന് ലഭിച്ച ഒരു മികച്ച സിനിമയാണ് കാര്‍ബണ്‍. സിബി എന്ന കഥാപാത്രമായി ഫഹദ് ജീവിച്ചു. മം‌മ്ത, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്ജ്, കൊച്ചുപ്രേമന്‍, വിജയരാഘവന്‍, മണികണ്ഠന്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മഞ്ജുവാര്യര്‍, കാവ്യ, റിമ, മംമ്ത... ഇവരില്‍ ആര് നായികയാകണം; ധര്‍മ്മജന്റെ കിടിലന്‍ മറുപടി - വീഡിയോ