ബെന്‍സ് കാര്‍ വിവാദത്തില്‍ ഉദ്യോഗസ്ഥരുടെ വിരട്ടലേറ്റു; കടുത്ത തീരുമാനവുമായി ഫഹദ് - അടുത്തത് അമലാപോളും സുരേഷ് ഗോപിയും
ബെന്‍സ് കാര്‍ വിവാദത്തില്‍ ഉദ്യോഗസ്ഥരുടെ വിരട്ടലേറ്റു; കടുത്ത തീരുമാനവുമായി ഫഹദ്
പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് നടന്‍ ഫഹദ് ഫാസില്‍ മറുപടി നല്‍കി.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. പോണ്ടിച്ചേരിയില്‍നിന്ന് എന്‍ഒസി ലഭിച്ചാലുടന്‍ രജിസ്‌ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ താരത്തിന് നോട്ടീസ് നല്‍കിയത്.
ഫഹദ് 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പോണ്ടിച്ചെരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വിലാസത്തിലുള്ള വ്യക്തി ഫഹദിനെ അറിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്‌ച ഫഹദിന് നോട്ടീസ് നല്‍കാന്‍ എത്തിയപ്പോള്‍ കാറിന്റെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കിമാറ്റിയതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത നടിപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നടി അമലാപോള്‍, നടനും എംപിയുമായ സുരേഷ് ഗോപി എന്നിവരുടെ വാഹനങ്ങളും നികുതി ഇളവു ലഭിക്കാന്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു.
അതേസമയം, വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്‌തെന്ന കേസില്‍ അമലാപോളിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം രേഖകളുമായി കൊച്ചിയിലെ ഓഫീസിൽ ഹാജരാവാനാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.