Select Your Language

Notifications

webdunia
webdunia
webdunia
webdunia

Identity Movie Review: മികച്ച മേക്കിങ് ക്വാളിറ്റിയിലും പ്രേക്ഷകരെ മടുപ്പിക്കുന്ന തിരക്കഥ; ശരാശരിയില്‍ ഒതുങ്ങിയ 'ഐഡന്റിറ്റി'

പ്രേക്ഷകരെ കഥയുമായി മെന്റലി കണക്ട് ചെയ്യാന്‍ സാധിക്കാത്തതാണ് സിനിമയുടെ പ്രധാന പോരായ്മ

Identity Movie Review: മികച്ച മേക്കിങ് ക്വാളിറ്റിയിലും പ്രേക്ഷകരെ മടുപ്പിക്കുന്ന തിരക്കഥ; ശരാശരിയില്‍ ഒതുങ്ങിയ 'ഐഡന്റിറ്റി'

Nelvin Gok

, വെള്ളി, 3 ജനുവരി 2025 (06:57 IST)
Identity Movie

Identity Movie review: അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത 'ഐഡന്റിറ്റി' മേക്കിങ് ക്വാളിറ്റി കൊണ്ട് ബിഗ് ബജറ്റ് ചിത്രമെന്ന ലേബലിനോടു നീതി പുലര്‍ത്തുമ്പോഴും തിരക്കഥയിലെ അലസമായ സമീപനം തിരിച്ചടിയാകുന്നു. സാധാരണ പ്രതികാര കഥ പോലെ തുടങ്ങി പിന്നീട് വളരെ സങ്കീര്‍ണമായ കഥ പറച്ചിലിലേക്ക് സിനിമ നീങ്ങുന്നു. അതിനൊപ്പം തിരക്കഥയിലെ പാളിച്ചകള്‍ പ്രേക്ഷകരെ പലപ്പോഴും മുഷിപ്പിക്കുന്നു. ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ സംഭവങ്ങളെ ഡീകോഡ് ചെയ്‌തെടുക്കാന്‍ സാധിക്കാത്ത വിധം പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുന്നുണ്ട് തിരക്കഥ. 
 
തന്റെ രണ്ട് സഹോദരിമാര്‍ക്കൊപ്പം കൊച്ചിയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഹരണ്‍ ശങ്കര്‍ എന്ന നായകകഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. ഈ ഫ്‌ളാറ്റിലെ അയല്‍പ്പക്കക്കാരായി കര്‍ണാടക പൊലീസില്‍ നിന്നുള്ള സിഐ അലന്‍ ജേക്കബ് എത്തുന്നു. അലിഷ എന്ന യുവതിയും അലനൊപ്പം ഉണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് അലനെ കൊച്ചിയില്‍ എത്തിക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ഒബ്‌സെസീവ് കംപള്‍സീവ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (OCPD) ഉള്ളയാളാണ് നായകന്‍ ഹരണ്‍ ശങ്കര്‍. സ്‌കെച്ച് ആര്‍ട്ടിസ്റ്റ് കൂടിയായ ഹരണ്‍ അപ്രതീക്ഷിതമായി സിഐ അലന്‍ ജേക്കബ് അന്വേഷിക്കുന്ന കേസിന്റെ ഭാഗമാകുന്നു. പിന്നീട് ഉണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളും കേസന്വേഷണവുമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
പ്രേക്ഷകരെ കഥയുമായി മെന്റലി കണക്ട് ചെയ്യാന്‍ സാധിക്കാത്തതാണ് സിനിമയുടെ പ്രധാന പോരായ്മ. ടെക്‌നിക്കലി വളരെ സമ്പന്നമാക്കാന്‍ ശ്രമിക്കുമ്പോഴും തിരക്കഥയിലും സംഭാഷണത്തിലും ഒട്ടേറെ ന്യൂനതകള്‍ ഉണ്ട്. പ്രേക്ഷകരെ മൊത്തം കണ്‍ഫ്യൂഷന്‍ സ്റ്റേജിലേക്ക് എത്തിക്കാന്‍ തിരക്കഥാകൃത്തുക്കളും സംവിധായകരുമായ അഖില്‍ പോളും അനസ് ഖാനും ബലമായി ശ്രമിക്കുന്നു. ആ ഉദ്യമമാകട്ടെ പ്രേക്ഷകര്‍ക്ക് കഥയോടും കഥാപാത്രങ്ങളോടും യാതൊരു അടുപ്പവും തോന്നാത്ത വിധം പരാജയപ്പെടുകയും ചെയ്യുന്നു. തിരക്കഥയെ സങ്കീര്‍ണമാക്കിയ ശേഷം പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചില സ്പൂണ്‍ ഫീഡിങ് ശ്രമം ചില സംഭാഷണങ്ങളില്‍ കാണാം. അതെല്ലാം ഏച്ചുകെട്ടലായാണ് തോന്നുന്നത്. ഈ ന്യൂനതകള്‍ക്കിടയിലും വിഷ്വല്‍ ക്വാളിറ്റിയില്‍ അണിയറ പ്രവര്‍ത്തകര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടില്ല. ചേസിങ് രംഗങ്ങളും ക്ലൈമാക്‌സിലെ ഫ്‌ളൈറ്റ് സീനുകളും വിഷ്വലി റിച്ച് ആണ്. അതാണ് സിനിമയെ തീര്‍ത്തും മോശം എക്‌സ്പീരിയന്‍സ് ആകാതെ താങ്ങി നിര്‍ത്തിയതും. 
 
കഥാപാത്രങ്ങളുടെ പ്രകടനത്തിലേക്ക് വന്നാല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ള ഹരണ്‍ ശങ്കര്‍ എന്ന നായക കഥാപാത്രത്തെ ടൊവിനോ തോമസ് മോശമാക്കിയിട്ടില്ല. ആദ്യ സീനുകളില്‍ ഈ കഥാപാത്രത്തെ അല്‍പ്പം അതിശയോക്തിയോടെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും മുന്നോട്ടു പോകും തോറും ആ പോരായ്മ നികത്താന്‍ ടൊവിനോയ്ക്കു സാധിച്ചു. ആക്ഷന്‍ രംഗങ്ങളിലും ടൊവിനോയുടെ പ്രകടനം മികച്ചുനിന്നു. ബിഗ് ബജറ്റ് ചിത്രത്തിലെ തട്ടിക്കൂട്ട് വിഗ് ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ കണ്‍വിന്‍സിങ് ആയി ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഷമ്മി തിലകന്‍ ആണ്. വളരെ പ്രധാനപ്പെട്ട കഥാപാത്രം ആണെങ്കിലും എക്‌സ്ട്രാ ഓര്‍ഡിനറിയായി പെര്‍ഫോം ചെയ്യാനുള്ളതൊന്നും തൃഷയുടെ അലിഷയ്ക്കും ഇല്ല. വിനയ് റായ്, അര്‍ച്ചന കവി, ഗോപിക രമേശ്, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 


കഥയോ തിരക്കഥയോ തൃപ്തിപ്പെടുത്തിയില്ലെങ്കിലും വിഷ്വലി റിച്ചായ, ആക്ഷന്‍ രംഗങ്ങളുടെ ഒരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ 'ഐഡന്റിറ്റി'ക്ക് ടിക്കറ്റെടുക്കാം. അതല്ല മുകളില്‍ പറഞ്ഞ ന്യൂനതകള്‍ നിങ്ങളുടെ സിനിമാ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തും. 
 
Rating : 2.5/5 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്പോൾ മമ്മൂക്ക ഒറ്റയ്ക്കല്ല, ശോഭനയും ദൃശ്യം നിരസിച്ചു, പക്ഷേ കാരണമുണ്ട്