Maareesan Review: പ്രകടനങ്ങൾ കൊണ്ട് അമ്പരപ്പിച്ച് ഫഹദ് ഫാസിലും വടിവേലുവും, തമിഴിലെ ഇൻസ്റ്റൻ്റ് ക്ലാസിക്കായോ മാരീസൻ- റിവ്യൂ വായിക്കാം
തമിഴിലെ ഇതിഹാസ ഹാസ്യതാരമായ വടിവേലുവാണ് സിനിമയില്‍ ഫഹദിനോളം പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത് എന്നതും സിനിമയുടെ മേലുള്ള കൗതുകം ഉയര്‍ത്തിയിരുന്നു.
മലയാളത്തിലും തമിഴിലുമെല്ലാമായി ഒട്ടേറെ മികച്ച സിനിമകള്‍ ചെയ്തത് വഴി ഇന്ത്യയാകെ വലിയ ആരാധകരുള്ള താരമാണ് മലയാളികളുടെ ഫഹദ് ഫാസില്‍. തമിഴില്‍ മാമന്നന്‍ എന്ന മാരി സെല്‍വരാജ് സിനിമയ്ക്ക് ശേഷം മാരീസന്‍ എന്ന ഒട്ടും കൊമേഴ്ഷ്യലല്ലാത്ത സിനിമ ഫഹദ് തിരെഞ്ഞെടുത്തപ്പോള്‍ തന്നെ സിനിമയെ പറ്റിയുള്ള ആകാംക്ഷ പ്രേക്ഷകരില്‍ വര്‍ധിച്ചിരുന്നു. തമിഴിലെ ഇതിഹാസ ഹാസ്യതാരമായ വടിവേലുവാണ് സിനിമയില്‍ ഫഹദിനോളം പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത് എന്നതും സിനിമയുടെ മേലുള്ള കൗതുകം ഉയര്‍ത്തിയിരുന്നു. എന്തായിരുന്നോ ഇത്തരമൊരു കോമ്പിനേഷനില്‍ നിന്നും സിനിമാ ആരാധകര്‍ പ്രതീക്ഷിച്ചത് അത് അങ്ങനെ തന്നെ നല്‍കുന്ന സിനിമയാണ് സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത മാരീസന്‍.
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കള്ളന്റെ കഥാപാത്രമായ ധായയേയും അല്‍ഷിമേഴ്‌സ് രോഗം മൂലം കഷ്ടപ്പെടുന്ന പ്രായാധിക്യം ബാധിച്ച വേലായുധം എന്ന വടിവേലു കഥാപാത്രത്തെയും പിന്‍പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. ഫഹദിന്റെ കള്ളന്‍ കഥാപാത്രം വേലായുധത്തില്‍ നിന്നും കാശ് മോഷ്ടിക്കാനായി നടത്തുന്ന ശ്രമങ്ങളിലൂടെ പതുക്കെ വലിയ ലോകത്തിലേക്ക് കടക്കുന്ന ത്രില്ലര്‍ രൂപമാണ് സിനിമയ്ക്കായി സുധീഷ് ശങ്കര്‍ സ്വീകരിച്ചിട്ടുള്ളത്. സിനിമയിലുടനീളം ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് അതിനാല്‍ വലിയ പ്രാധാന്യമാണ് സിനിമ നല്‍കിയിട്ടുള്ളത്. ഒരു മലയാളം സിനിമയുടെ പേസിങ്ങിന് സമാനമായി പോകുന്ന ആദ്യപകുതി ചിലര്‍ക്കെങ്കിലും കല്ലുകടിയ്ക്കാമെങ്കിലും മികച്ച 2 അഭിനേതാക്കളുടെ സാന്നിധ്യം അത് പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നില്ല.
ഇടവേളയ്ക്ക് ശേഷം സിനിമ അതിന്റെ ജോണര്‍ തന്നെ മാറി ത്രില്ലര്‍ രൂപത്തിലേക്ക് വരുന്നു. തിരക്കഥയിലെ ചില ഭാഗങ്ങളില്‍ വൈകാരികമായ ഭാരം പ്രേക്ഷകന് അനുഭവഭേദ്യമാകുന്നില്ല എന്നത് പോരായ്മയാണ്. എന്നാല്‍ യുവാന്‍ ശങ്കര്‍ രാജയുടെ പശ്ചാത്തലത്തല സംഗീതം പലപ്പോഴും സിനിമയെ ഉയര്‍ത്തുന്നുണ്ട്. പാട്ടുകള്‍ പലതും മികച്ച് നില്‍ക്കുന്നതല്ലെങ്കിലും പശ്ചാത്തല സംഗീതം സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. കലൈ സെല്‍വന്റെ സിനിമറ്റോഗ്രാഫിയും എടുത്തുപറയേണ്ടതാണ്. പതിയെ തുടങ്ങി കഥാപാത്രങ്ങളിലൂടെ വലിയ കാന്വാസിലേക്ക് മാറുന്ന സിനിമ തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം തരുന്നു. കോമഡി ഫീല്‍ഗുഡില്‍ നിന്നും ത്രില്ലറിലേക്ക് മാറുന്ന സിനിമ അടുത്തിടെ വന്ന സിനിമകളില്‍ മികച്ച് നില്‍ക്കുന്ന സിനിമ തന്നെയാണ്. ത്രില്ലര്‍ ഡ്രാമകളും കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് മാരീസന് ഉടനെ തന്നെ ടിക്കറ്റെടുക്കാം.