Maareesan: 'ഗംഭീര ക്രാഫ്റ്റ്', കയ്യടിച്ച് കമൽ ഹാസനും; ഫഹദ് ഫാസിൽ- വടിവേലു ചിത്രം 'മാരീസ'ന്റെ പ്രിവ്യൂ കണ്ട് താരങ്ങൾ
ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ഫഹദ് ഫാസിൽ, വടിവേലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്ത മാരീസൻ നാളെ തിയേറ്ററുകളെത്തും. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98-ാമത് ചിത്രമാണിത്. കോമഡി, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നിരുന്നു. ഗംഭീര പ്രതികരണമാണ് പ്രിവ്യു ഷോയിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. പ്രിവ്യു ഷോ റിപ്പോർട്ടുകൾ പറയുന്നത് ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ ഗംഭീര പ്രകടനങ്ങളും, മനോഹാരമായ കഥാപാത്ര രൂപീകരണവും നിറഞ്ഞ ഒരു മികച്ച സിനിമാനുഭവമാണ് 'മാരീസൻ' നൽകുന്നത് എന്നാണ്. ചിത്രത്തിന്റെ ഇന്റർവെൽ ട്വിസ്റ്റ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുമെന്നും ഷോ കണ്ടവർ ഒന്നടങ്കം പറയുന്നു.
കമൽ ഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രം കണ്ട് പ്രശംസയുമായി മുന്നോട്ട് വന്നിട്ടുണ്ട്. സമൂഹത്തിനു മികച്ച ഒരു സന്ദേശം കൂടി നൽകുന്ന ചിത്രമാണ് ഇതെന്നും പ്രതികരണങ്ങൾ പറയുന്നു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് 'മാരീസൻ' എന്നാണ് കമൽ ഹാസൻ അഭിപ്രായപ്പെട്ടത്.
ചിത്രത്തിലെ നർമ്മത്തിന് താഴെ മനുഷ്യ വികാരങ്ങളെയും സമൂഹത്തിന്റെ ഇരുണ്ട നിഴലുകളെയും കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ സൂചിപ്പിച്ചു. കാഴ്ചക്കാരൻ എന്ന നിലയിലും ഫിലിം മേക്കര്‍ എന്ന നിലയിലും തന്നെ ഏറെ ആകർഷിച്ച ചിത്രമാണ് ഇതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.