AMMA Election: 'അമ്മ'യുടെ തലപ്പത്തേക്ക് ജഗദീഷ് എത്തിയേക്കുമെന്ന് സൂചന, ജയൻ ചേർത്തലയ്ക്കും സാധ്യത
ജൂലൈ 31-ാം തിയതിയാണ് സ്ഥാനാർഥി പട്ടിക അന്തിമമായി അറിയുക.
AMMA Election: താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് മുതിർന്ന നടൻ ജഗദീഷ് എത്തിയേക്കുമെന്ന് സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ജഗദീഷിനാണ് മുൻതൂക്കം.
ജഗദീഷ്, ജയൻ ചേർത്തല, ദേവൻ, രവീന്ദ്രൻ, ശ്വേത മേനോൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, ബാബുരാജ്, അനൂപ് ചന്ദ്രൻ എന്നിവരാണ് പത്രിക നൽകിയിരിക്കുന്നത്. ജൂലൈ 31-ാം തിയതിയാണ് സ്ഥാനാർഥി പട്ടിക അന്തിമമായി അറിയുക.
താരങ്ങൾക്കിടയിൽ ജഗദീഷിനു കൂടുതൽ പിന്തുണയുണ്ട്. നിലപാടുകൾ പരസ്യമായി പറയാനും സംഘടനയെ നയിക്കാനും ജഗദീഷിനു സാധിക്കുമെന്നാണ് പലരും കരുതുന്നത്. അതേസമയം ജഗദീഷിനോടു പൂർണമായി വിയോജിപ്പുള്ള മറ്റൊരു ഗ്രൂപ്പും സംഘടനയിൽ ഉണ്ട്. അവരുടെ പിന്തുണ ജയൻ ചേർത്തലയ്ക്കാണ്.
വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകൾ എത്താനാണ് സാധ്യത. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്തിയേക്കും. ഓഗസ്റ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുക.