ജൂൺ- വാക്കുകളിൽ ഒതുങ്ങാത്ത ഫീൽ‌ഗുഡ് മൂവി, പ്രണയവും സ്വപ്നവും ഒരു കുടക്കീഴിൽ!

വെള്ളി, 15 ഫെബ്രുവരി 2019 (16:40 IST)
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നായികയാണ് രജിഷ വിജയൻ. എലിസബത്ത് എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടി 2018ല്‍ ബ്രേക്ക് എടുത്തിരുന്നു. എന്നാൽ അതിന് ശേഷം വൻതിരിച്ചുവരവാണ് ജൂൺ എന്ന ചിത്രത്തിലൂടെ രജിഷ നടത്തിയിരിക്കുന്നത്.
 
ഇന്ന് റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്. നവാഗതനായ അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രജിഷയുടെ ഗെറ്റപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നീണ്ട മുടിയുള്ള രജിഷ മുടി മുറിച്ചതായിരുന്നു ഏറ്റവും വലിയ ട്വിസ്‌റ്റ്.
 
ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജൂണിൽ കേന്ദ്രകഥാപാത്രമായി തിളങ്ങി നിൽക്കുന്നത് രജിഷ തന്നെയാണ്. ജൂൺ എന്ന പെൺകുട്ടിയുടെ കൗമാരം മുതൽ യൗവനം വരെയുള്ള ജീവിത കാലഘട്ടമാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചിത്രത്തില്‍ 17 വയസുമുതല്‍ 25 വരെയുളള പ്രായമാണ് രജിഷ അവതരിപ്പിക്കുന്നത്.
 
ജോജുവാണ് മറ്റൊരു പ്രധാന കഥാപാത്രം. ജൂണിന്റെ അച്ഛനായെത്തുന്ന താരവും മികച്ച രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി. ഇതിന് പുറമേ ഈ ചിത്രത്തിലൂടെ പതിനാറ് പുതുമുഖങ്ങളേയാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. രജിഷയുടെ ജോഡിയായി എത്തുന്നത് സര്‍ജാനോ ഖാലിദാണ്.  
 
സ്ത്രീ കേന്ദ്രീകൃത കഥയിലൂടെ തന്നെ സംവിധായകൻ തന്റെ അരങ്ങേറ്റം വ്യത്യസ്‌തമാക്കിയിരിക്കുകയാണ്. ജൂണിന്റെ പ്ലസ്‌ടു കാലത്തിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ആദ്യ പകുതിയിൽ കുട്ടിക്കളിയും പ്ലസ് ടു പ്രണയവുമൊക്കെയായി ചിത്രം നീങ്ങുന്നു. ചെറുപ്രായത്തിൽ തുടങ്ങിയ പ്രണയം വീട്ടുകാരുടെ ആവശ്യപ്രകാരം (അത് പെൺകുട്ടിയുടേയോ ആൺകുട്ടിയുടേയോ) പകുതിയിൽ അവസാനിപ്പിക്കുന്ന പതിവ് ശൈലി തന്നെ സംവിധായകൻ ഇവിടേയും സ്വീകരിച്ചിരിക്കുന്നുണ്ട്. നമ്മുടെ പ്രതീക്ഷകൾക്കുമപ്പുറമുള്ള ചില കാര്യങ്ങളാണ് ജീവിതം നമുക്ക് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
 
എന്നാൽ രണ്ടാം പകുതിയിൽ സിനിമ ഇതിൽ നിന്നെല്ലാം മാറി നിൽക്കുന്നു. യൗവനയുക്തയായ പെണ്‍കുട്ടി തന്റെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കുന്നതാണ് രണ്ടാം പകുതിയിൽ പറയുന്നത്. തികച്ചും ലളിതമായ പ്ളോട്ടില്‍ ഒരുക്കിയിരിക്കുന്ന സിനിമ, അത് പ്രേക്ഷകർക്ക് പ്രത്യേകിച്ച് ​കുടുംബ പ്രേക്ഷകർക്ക് ഫീൽ‌ ഗുഡ് മൂവി തന്നെ ആയിരിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിനിമയുടെ ബജറ്റ് പറഞ്ഞല്ല അതിനെ മാർക്കറ്റ് ചെയ്യേണ്ടതെന്ന് വിജയ് ബാബു; ഒടിയനെ ‘കൊട്ടി‘യതാണോയെന്ന് സോഷ്യൽ മീഡിയ