Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീ ആർ ഇൻ ലവ് വിത്ത് മമ്മൂക്ക, പത്തരമാറ്റാണ് അമുദവൻ! - അൻപോടെ പ്രേക്ഷകർ

വീ ആർ ഇൻ ലവ് വിത്ത് മമ്മൂക്ക, പത്തരമാറ്റാണ് അമുദവൻ! - അൻപോടെ പ്രേക്ഷകർ

എസ് ഹർഷ

, വ്യാഴം, 31 ജനുവരി 2019 (13:05 IST)
'വീ ആർ ഇൻ ലവ് വിത്ത് മമ്മൂക്ക’. യേസ്, പേരൻപ് കണ്ടിറങ്ങുന്ന ആരും പറഞ്ഞ് പോകുന്ന വാക്കുകൾ. റാമിന്റെ മനോഹരമായ സിനിമ. എല്ലാം കൊണ്ടും മികച്ച ഒരു അനുഭവം. വല്ലപ്പോഴും മാത്രമാണ് ഇങ്ങനെ കൺ നിറഞ്ഞ്, മനം നിറഞ്ഞ് ഒരു സിനിമ കാണാൻ കഴിയുക. 
 
ആരെയാണ് അഭിനന്ദിക്കേണ്ടത്? മമ്മൂട്ടിയെയോ, അതോ പാപ്പയെ അവതരിപ്പിച്ച സാധനയെയോ? അതുമല്ലെങ്കിൽ യുവൻ ശങ്കർ രാജയെയോ? എന്നാൽ, എല്ലാത്തിനും ഉപരി മികച്ചൊരു ജീവിതം (പലപ്പോഴും സിനിമ പലരുടെയും ജീവിതമാണെന്ന് നമുക്ക് തോന്നുമല്ലോ) നമുക്ക് മുന്നിലേക്ക് എടുത്തുവെച്ച സംവിധായകൻ റാമിനെ തന്നെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. 
 
മമ്മൂട്ടിയെന്ന നടനെ അതിവിദഗ്ധമായി തന്നെ ഉപയോഗിച്ചിരിക്കുകയാണ് റാം. എന്നാൽ, ചിത്രത്തിൽ ഒരിടത്ത് പോലും അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നുകയില്ല. അമുദവന്റെ കണ്ണ് നിറയുമ്പോൾ അതുവരെ അവരോടോപ്പം സഞ്ചരിച്ച നമ്മുടെയും കണ്ണുകൾ നിറയും. അദ്ദേഹത്തിന്റെ കൺ‌ഠമിടറിയാൽ നാമറിയാതെ നമ്മളും വിതുമ്പും. 
 
webdunia
മമ്മൂട്ടിയെന്ന മഹാനടന്റെ മഹാനടനം തന്നെയാണ് പേരൻപ്. ആന്തരികമായി ആഴത്തിൽ വേദനിപ്പിക്കുകയാണ് അമുദവൻ. മകളുടെ മനസ്സിൽ ഇടം‌നേടാനായി അവളെ സന്തോഷിപ്പിക്കാനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്ന അമുദവന്റെ ഒരു ഷോട്ടുണ്ട്. ആറുമിനിറ്റോളം നീളമുള്ള ഒരു ഷോട്ട്. ആ ഷോട്ടിൽ കരയാതെ പിടിച്ച് നിൽക്കണമെങ്കിൽ നമ്മുടെ മനസ് കല്ലായിരിക്കണം.  
 
അമ്മ ഉപേക്ഷിച്ച് പോയ, കൌമാരക്കാരിയായ, സ്പാസ്റ്റിക് പരാലിസിസ് എന്ന അപൂർവ്വ രോഗം കീഴ്പ്പെടുത്തിയ മകളാണ് പാപ്പായെന്ന സാധന. അവളേക്കാൾ ആ രോഗം തളർത്തുന്നത് അമുദവനെയാണ്. അമുദവൻ പാപ്പായെ നന്നായി കെയർ ചെയ്യുന്നുണ്ട്. എന്നാൽ, അവളെ എല്ലാം ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. അമുദവൻ അടുത്തുണ്ടെങ്കിൽ അവൾ ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാറില്ല. ഒന്നും നിയന്ത്രിക്കാൻ കഴിയാത്ത, ഒന്നും വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയാത്ത കുട്ടിയാണ് പാപ്പ. 
 
webdunia

 
പപ്പായുടെ അവസ്ഥ കണ്ട് ഒരിക്കലെങ്കിലും നമ്മൾ ആഗ്രഹിച്ച് പോകും, ഈ കുട്ടിയുടെ അസുഖം നേരെയാകണേ എന്ന്. അത്രമേൽ ആഴത്തിൽ അവൾ നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കും. ഇലക്ട്രിസിറ്റി ഇല്ലാത്ത, മൊബൈൽ ഇല്ലാത്ത, മരം കൊണ്ട് നിർമിച്ച ശാന്തസുന്ദരമായ വീട്ടിലേക്ക് എത്തുമ്പോഴാണ് പാപ്പ അമുദവനെ വിശ്വസിച്ചു തുടങ്ങുന്നത്. വളരെ ആശയക്കുഴപ്പം നിറഞ്ഞ ഒരു രക്ഷിതാവാണ് അമുദവൻ. 
 
ഭിന്നശേഷിയുള്ള കുട്ടികളുള്ള അച്ഛന്മാരോ അമ്മമാരോ തീയേറ്ററിൽ പോയി അമുദവനെ നോക്കിയാൽ അത് സിനിമയല്ല, തങ്ങളുടെ ജീവിതമാണെന്ന് തോന്നും. അമുദവനു പകരും തന്നെ തന്നെ അവർ അവിടെ പ്രതിഷ്ഠിക്കും. മമ്മൂട്ടിയല്ലാതെ ഈ കഥാപാത്രം ചെയ്യാൻ മറ്റൊരാളില്ലെന്ന് ഡയറക്ടർ റാം പറഞ്ഞത് വെറുതേയല്ല. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ‘എന്തിനാണിവർ ഇത്രയധികം കരയുന്നത്? ഇത്രയധികം ആഴത്തിൽ എന്തിനാണ് അഭിനയിക്കുന്നത്?’ എന്ന് ചിന്തിച്ച് പോയേക്കാം. അവിടെയാണ് റാം എന്തിന് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തു എന്ന് വ്യക്തമാകുന്നത്. 
 
webdunia
പ്രകൃതിയുമായി കണക്റ്റ് ചെയ്ത് 12 അധ്യായങ്ങളായാണ് റാം കഥ പറയുന്നത്. അതിൽ ചിലത് ഇങ്ങനെ വേർതിരിച്ചിരിക്കുന്നു - ‘ പ്രകൃതി ക്രൂരമാണ്, പ്രകൃതി സ്നേഹമാണ്, പ്രകൃതി അത്ഭുതങ്ങൾ നിറഞ്ഞതാണ്, പ്രകൃതി പ്രവചനാതീതമാണ് , പ്രകൃതി എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ്’. ചുരുക്കി പറഞ്ഞാൽ പ്രകൃതിക്കൊപ്പമുള്ള യാത്ര തന്നെ. എല്ലാവരും അവനവനിലേക്ക് ചുരുങ്ങുമ്പോൾ ബന്ധങ്ങളുടെ കൂട്ടില്ലാത്ത അമുദവനും പാപ്പായ്ക്കും തുണയാകുന്നത് പ്രകൃതിയുടെ മറ്റ് ചില ഘടകങ്ങളാണ്. 
 
റാമിന്റെ സ്ഥിരം കഥാപാത്രത്തെ പോലെയല്ല അമുദവൻ. കട്രത് തമിഴിലെ ദേഷ്യമടക്കാൻ കഴിയാത്ത പ്രഭാകറിനെ (ജീവ) പോലെയോ തരമണിയിലെ പ്രഭുനാഥിനെ (വസന്ത് രവി) പോലെയോ അല്ല അയാൾ. മകളേയും തന്നേയും ഉപേക്ഷിച്ച് പോയ ഭാര്യയെ ഒരിക്കൽ പോലും അയാൾ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്തതിനു അവൾക്ക് അവളുടേതായ കാരണമുണ്ടാകുമെന്നാണ് അമുദവൻ പറയുന്നത്. 
 
webdunia
വളരെ സ്വാഭാവികമായ അഭിനയം കാഴ്ച വെച്ചിരിക്കുകയാണ് മമ്മൂട്ടി. അഭിനയത്തോടുള്ള തന്റെ ആസക്തി സൂപ്പർസ്റ്റാർ എന്ന പദവിയിലിരിക്കുമ്പോൾ തന്നെ ഇത്രയും വെല്ലുവിളി ഉയർത്തുന്ന ഒരു സ്ക്രിപ്റ്റ് എറ്റെടുക്കാൻ അദ്ദേഹം കാണിച്ച താൽപ്പര്യത്തിലൂടെ വ്യക്തമാകുകയാണ്. പാപ്പായായി സാധന ചിത്രത്തിൽ നിറഞ്ഞു നിന്നു. സാധനയ്ക്ക് ദേശീയ അവാർഡ് നൽകിയില്ലെങ്കിൽ മറ്റാർക്കും നൽകരുതെന്ന് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു. 
 
സിനിമ കണ്ടിറങ്ങിയാലും പാപ്പായുടെ നിഷ്ക്കളങ്കമായ മുഖവും അമുദവന്റെ നിസഹായ മുഖവും നിങ്ങളെ പിന്തുടർന്നു കൊണ്ടേയിരിക്കും. ട്രാൻസ്‌ജെൻഡർ സെക്സ് വർക്കറായി എത്തുന്ന മീര (അഞ്ജലി അമീർ) എങ്ങനെയാണ് അമുദവന്റെ ജീവിതത്തിന്റെ പങ്കാകുന്നതെന്ന് വളരെ മൂർച്ഛയോട് കൂടെ റാം വരച്ചു കാട്ടുന്നു. തമിഴ് സിനിമ ചിരിത്രത്തിലെ മികച്ച ക്ലൈമാക്സ് പേരൻപിലേതാണെന്ന് ഏവരും ഒന്നടങ്കം പറയുന്നു.   
 
webdunia
പറയാതിരിക്കാൻ കഴിയാത്ത മറ്റ് രണ്ട് വലിയ ഘടകങ്ങളാണ് യുവൻ ശങ്കർ രാജയുടെ പശ്ചാത്തല സംഗീതവും തേനി ഈശ്വറിന്റെ സിനിമാട്ടോഗ്രഹിയും. നഗരവും മഞ്ഞും കാടും മരവും പ്രകൃതിയേയുമെല്ലാം അതിമനോഹരമായി പകർത്തിയ തേനി ഈശ്വർ. അത്രമേൽ ഭംഗിയാണ് ഓരോ സീനിനും. സിനിമയോട് അത്രമേൽ അലിഞ്ഞു ചേർന്നിരിക്കുന്ന പശ്ചാത്തല സംഗീതത്തിനു പോലും നമ്മളെ കരയിക്കാനുള്ള ശക്തിയുണ്ട്. അഭിമാനിക്കാം റാമിനെയോർത്ത്. മമ്മൂട്ടിയെ ഓർത്ത്, സാധനയെ ഓർത്ത്.  
 
(റേറ്റിംഗ്: 5/5)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഉണ്ട'യിലെ ഗംഭീര ആക്ഷൻ രംഗങ്ങൾ, ഡ്യൂപ്പില്ലാതെ ചെയ്‌തിരിക്കുന്നത് മമ്മൂട്ടി തന്നെ!