വ്യത്യസ്തമായ കഥകളുടെ മാലകൾ കൊരുത്തുള്ള പരീക്ഷണങ്ങൾ മലയാള സിനിമയിൽ റിസ്കാണ്. പെട്ടെന്ന് ആരും ഉൾക്കൊള്ളില്ല. അത്തരം സിനിമയിൽ അഭിനയിക്കുന്നത് സൂപ്പർതാരമാണെങ്കിൽ പോലും നിർമ്മാതാക്കൾക്ക് പേടിയാണ്. എന്നാൽ അങ്ങനെയൊരു സിനിമ നിർമ്മിക്കാൻ ഒരു സൂപ്പർതാരം തന്നെ തയ്യാറാകുന്നു എന്നുവരുമ്പോൾ കാര്യം മാറുന്നു. അത്തരത്തിൽ മമ്മൂട്ടി ധൈര്യപൂർവം ഏറ്റെടുത്ത ഒരു സിനിമയാണ് വെള്ളിയാഴ്ച പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ സ്ട്രീറ്റ് ലൈറ്റ്സ്. ഒരു മികച്ച ചലച്ചിത്രാനുഭവമാണ് ഷാംദത്തിന്റെ ആദ്യ സംവിധാന സംരംഭം.
നമ്മുടെ പ്രേക്ഷകർക്ക് സിനിമ രസിക്കണമെങ്കിൽ ഡാൻസും പാട്ടുമെല്ലാം തിരുകിക്കയറ്റണമെന്ന മിഥ്യാബോധം മനസിലുറപ്പിച്ചാണ് പല സംവിധായകരും പരീക്ഷണ സംരംഭങ്ങൾക്ക് പോലും ആദ്യചുവട് വയ്ക്കുന്നത്. എന്നാൽ ഇവിടെ സംവിധായകൻ അത്തരം ഗിമ്മിക്‌സുകൾക്കൊന്നും മുതിരുന്നില്ല. പറയാനുള്ള കാര്യം പറയുക മാത്രം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഭാവതീവ്രമായ ഒരു ത്രില്ലറായി സ്ട്രീറ്റ് ലൈറ്റ്സ് നിൽക്കുന്നു.
ഒരു വജ്രമാല മോഷണത്തിന്റെ കാര്യം പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് മറ്റ് ചില പ്രശ്നങ്ങളിലേക്ക് ക്യാമറ തിരിയുന്നു. ഒരുഘട്ടത്തിൽ ഈ പ്രശ്നങ്ങളെല്ലാം ഒരു മാലപോലെ കോർത്തുകൊണ്ട് സംവിധായകൻ യാത്ര ആരംഭിക്കുന്നു. എഡ്‌ജ് ഓഫ് ദി സീറ്റ് ത്രില്ലർ എന്ന വിശേഷണം അന്വർത്ഥമാക്കും വിധം ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തി മുന്നേറുന്നു.
മമ്മൂട്ടിയുടെ ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ അമാനുഷനല്ല. ആ കഥാപാത്രം ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ ആ കഥാപാത്രം ചെയ്യുന്നുള്ളൂ എന്നതുകൊണ്ടുതന്നെ കഥപറച്ചിലിൽ വിശ്വസനീയമായ ഒരു തലം സൃഷ്ടിക്കാൻ ഷാംദത്തിന് കഴിയുന്നു.
സാദത്തിന്റെ ക്യാമറയും ആദർശിന്റെ സംഗീതവും മികച്ചുനിൽക്കുന്നു. അഭിനേതാക്കളിൽ മമ്മൂട്ടി കഴിഞ്ഞാൽ തിളങ്ങിയത് സ്റ്റണ്ട് സിൽവയാണ്. മുരുകൻ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കാൻ സിൽവയ്ക്കായി. ധർമ്മജൻ, സൗബിൻ, ഹരീഷ് എന്നിവരും മികച്ചുനിന്നു.