Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക മാന്ദ്യം പിടിച്ചുകുലുക്കിയ 2019

സാമ്പത്തിക മാന്ദ്യം പിടിച്ചുകുലുക്കിയ 2019

അഭിറാം മനോഹർ

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (15:40 IST)
2019 ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് ഒരുപാട് ആഘാതങ്ങൾ ഏൽപ്പിച്ച വർഷമായിരുന്നു. തൊഴിലില്ലായ്മ പ്രശ്നങ്ങൾ രാജ്യത്തിന്റെ ഓട്ടോമൊബൈൽ രംഗത്തിലെ മാന്ദ്യത, അവശ്യവസ്തുക്കളുടെ വിലക്കയറ്റം തുടങ്ങി വലിയ പ്രതിസന്ധികൾ നേരിട്ട സാമ്പത്തിക രംഗം ബാങ്കിങ് മേഖലയിലെ പെരുകുന്ന കിട്ടാകടങ്ങളുടെ പേരിലും വിമർശനങ്ങൾ ഏറ്റുവാങ്ങി.
 
ഇതിനിടയിൽ ഇന്ത്യൻ ബാങ്കിങ് രംഗത്തെ അടിമുടി പരിഷ്കരിക്കുന്ന നടപടികളും ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനവും 2019ൽ ഉണ്ടായി. ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകളാക്കി ഇവയെ പുനർനിർമിക്കുകയാണ് ലക്ഷ്യം എന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
 
ജെറ്റ് എയർ വൈസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിൽക്കാനൊരുങ്ങുന്നതിനും ഓട്ടോമൊബൈൽ രംഗത്തെ പ്രതിസന്ധിയെ പറ്റി ഓട്ടോമൊബൈൽ രംഗത്തെ പ്രധാനികളായ മാരുതി, ബാജാജ് എന്നിവർ ആശങ്കകൾ പ്രകടിപ്പിക്കുന്നതിനും 2019 സാക്ഷിയായി. രാജ്യത്തുടനീളമായി 30 ശതമാനത്തിന് മുകളിലാണ് യാത്ര വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞത്. കൊമേഴ്ഷ്യൽ വാഹനങ്ങളുടെ വിൽപ്പനയിൽ 25 ശതമാനം കുറവുണ്ടായി. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 16 ശതമാനം കുറഞ്ഞു. ഇതോടെ വാഹനങ്ങളുടെ നിർമ്മാണം കുറക്കാൻ കമ്പനികൾ നിർബന്ധിതരായി. 2.30 ലക്ഷം പേർക്കാണ് ഈ കാലയളവിൽ ജോലി നഷ്ടമായത്. 300ഓളം ഡീലർഷിപ്പുകൾ നഷ്ടം താങ്ങാനാവാതെ അടച്ചുപൂട്ടുകയും ചെയ്തു.
 
രാജ്യത്തെ അവശ്യവസ്തുവായ ഉള്ളിയുടെ വില 2019 അവസാനത്തോടെ ഇരുനൂറിലേക്ക് കുതിക്കുന്നതിനും സാമ്പത്തികരംഗം സാക്ഷിയായി. രാജ്യത്തെ കർഷകരുടെ ആത്മഹത്യയും കിട്ടാകടങ്ങൾ വർധിക്കുകയും തൊഴിലില്ലായ്മ പെരുകുകയും ചെയ്തപ്പോൾ രാജ്യം സാമ്പത്തിക പ്രതിസന്ധിയൊന്നും നേരിടുന്നില്ല എന്നതായിരുന്നു നിർമല സീതാരാമന്റെ മറുപടി.
 
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിരക്കിലെത്തിയതും കഴിഞ്ഞ വർഷമായിരുന്നു. രാജ്യത്തെ ജനങ്ങളില്‍ 6.1 ശതമാനം പേരും തൊഴില്‍ രഹിതരാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. 5.8 ശതമാനം മാത്രം വളർച്ച നിരക്ക് കൈവരിച്ചുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും മോശം ജിഡിപി അടയാളപെടുത്തിയതും കഴിഞ്ഞ വർഷമായിരുന്നു. പെട്രോകെമിക്കൽ രംഗത്ത് ലാഭകരമായി പ്രവർത്തിക്കുന്ന ബി പി സി എൽ സ്വകാര്യവത്കരിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിചതും 2019ലാണ്.
 
ടെലികോം രംഗത്ത് സ്വകാര്യകമ്പനികളെ പ്രവേശിപ്പിച്ചതിന്റെ ഫലമായി മത്സരം വർധിച്ചത് പോലെ അനുകൂലമായ മാറ്റം ബി പി സി എൽ സ്വകാര്യവത്കരണം വഴി സംഭവിക്കുമെന്നാണ് കേന്ദ്രം സ്വകാര്യവത്കരണത്തെ പറ്റി പ്രതികരിച്ചത്. എന്നാൽ രാജ്യത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ കൂടി സ്വകാര്യവത്കരിക്കുന്ന നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് കഴിഞ്ഞ വർഷം നേരിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാർട്ട്‌ഫോണുകൾ പകുതിവിലക്ക് വാങ്ങാം, ഫ്ലിപ്കാർട്ടിൽ വിറ്റഴിക്കൽ മേള !