ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സെമി ഫൈനൽ പോരാട്ടത്തിൽ ചിരവൈരികളായ അർജൻ്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ. ഇതിഹാസതാരമായ ലയണൽ മെസ്സിയുടെ അവസാനലോകകപ്പായതിനാൽ കിരീടനേട്ടത്തിൽ കുറഞ്ഞ ഒന്നിലും അർജൻ്റീന തൃപ്തരാകില്ല. മറുവശത്ത് ബ്രസീലാകാട്ടെ ഏതൊരു ടീമിനെയും അസൂയപ്പെടുത്തുന്ന ഒത്തിണക്കമാണ് മൈതാനത്ത് പ്രകടിപ്പിക്കുന്നത്.
ലോകകപ്പിൽ വീണ്ടുമൊരു ബ്രസീൽ- അർജൻ്റീന പോരാട്ടത്തിന് സാധ്യതകൾ തെളിയുമ്പോൾ ലോകകപ്പിൽ ഇതിന് മുൻപ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എന്ത് സംഭവിച്ചന്ന് നോക്കാം. നാല് തവണയാണ് ഇരുടീമുകളും ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 2 കളികളിൽ ബ്രസീലും ഒന്നും അർജൻ്റീനയും വിജയിച്ചു. ഒരു മത്സരം സമനിലയിലും പിരിഞ്ഞു. 1974ലെ ലോകകപ്പിൽ ബ്രസീൽ അർജൻ്റീനയെ തോൽപ്പിച്ചപ്പോൾ 1978 ലോകകപ്പിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു.
1982ലെ ലോകകപ്പിൽ അർജൻ്റീനയെ ബ്രസീൽ 3-1ന് പരാജയപ്പെടുത്തി. ഇതിഹാസതാരങ്ങളായ സീക്കോ, സോക്രട്ടീസ് എന്നിവർ മത്സരത്തിൽ ബ്രസീലിനായി ഗോൾ കണ്ടെത്തി. 1990ലായിരുന്നു ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. മത്സരത്തിൽ മറഡോണയുടെ മികവിൽ ഒരു ഗോളിനായിരുന്നു അർജൻ്റീനയുടെ വിജയം. ഇതിന് ശേഷം നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പിൽ വീണ്ടുമൊരു ബ്രസീൽ- അർജൻ്റീന പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്.