Argentina vs Brazil: ബ്രസീലിന്റെ നെഞ്ചത്ത് നാല് 'ഓട്ട'; രാജകീയമായി ലോകകപ്പ് യോഗ്യത നേടി അര്‍ജന്റീന
മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഹൂലിയന്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്
Argentina vs Brazil: ചിരവൈരികളായ ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന 2026 ലോകകപ്പിനുള്ള യോഗ്യത നേടി. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത നേട്ടം. ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന തുടക്കം മുതല്‍ ബ്രസീലിനെ പ്രതിരോധത്തിലാക്കി.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഹൂലിയന്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. പിന്നീട് 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. 26-ാം മിനിറ്റില്‍ ബ്രസീലിന്റെ മറുപടിയെത്തി മത്തേയൂസ് കുന്‍ഹയിലൂടെ. എന്നാല്‍ 37-ാം മിനിറ്റില്‍ അലക്‌സിസ് മക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ കരസ്ഥമാക്കി.
3-1 എന്ന നിലയിലാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയുടെ ആദ്യ 25 മിനിറ്റ് ഗോളുകളൊന്നും പിറന്നില്ല. 71-ാം മിനിറ്റില്‍ സിമ്മിയോണയിലൂടെ അര്‍ജന്റീന നാലാം ഗോള്‍ സ്വന്തമാക്കി.