ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ബാഴ്‌സലോണയും ഇന്റര്‍മിലാനും തമ്മിലുള്ള ത്രില്ലര്‍ പോരാട്ടം സമനിലയില്‍. ബാഴ്‌സലോണയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമി 3-3 എന്ന സ്‌കോറില്‍ സമനിലയിലാണ് പിരിഞ്ഞത്. സീസണിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നായി ഇന്നലെ നടന്ന ബാഴ്‌സ- ഇന്റര്‍മിലാന്‍ പോരാട്ടം മാറി. കളി തുടങ്ങി ആദ്യ 30 സെക്കന്‍ഡിനുള്ളില്‍ തന്നെ മാര്‍ക്കസ് തുറാമിന്റെ ഗോളിലൂടെ സന്ദര്‍ശകര്‍ ഞെട്ടിച്ചിരുന്നു. പിന്നാലെ രണ്ടാം ഗോളുമടിച്ച് മത്സരം സ്വന്തമാക്കിയെന്ന നിലയില്‍ നിന്നാണ് ബാഴ്‌സലോണ അതിശക്തമായ തിരിച്ചുവരവ് നടത്തിയത്.
മത്സരത്തിന്റെ 21മത്തെ മിനിറ്റില്‍ ഡംഫ്രിസായിരുന്നു ഇന്ററിലായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ ഈ നിരാശ ബാഴ്‌സ ക്യാമ്പില്‍ അധികനേരം നീണ്ടുനിന്നില്ല. 24 മത്തെ മിനിറ്റില്‍ 17കാരനായ ലാമിന്‍ യമാലിന്റെ വ്യക്തിഗത മികവില്‍ നേടിയ ഗോളോടെ ബാഴ്‌സലോണ മത്സരത്തിലേക്ക് തിരികെയെത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ഫെറാന്‍ ടോറസ് നേടിയ ഗോളോടെ മത്സരം 2-2 എന്ന നിലയിലായി.
രണ്ടാം പകുതിയില്‍ 63മത്തെ മിനിറ്റില്‍ ഡംഫ്രിസിലൂടെ ഗോള്‍ നേടി ഇന്റര്‍ ലീഡെടുത്തു. എന്നാല്‍ വെറും രണ്ടേ രണ്ട് മിനിറ്റിന്റെ ആയുസ് മാത്രമെ ഇതിനുണ്ടായിരുന്നുള്ളു. റാഫീഞ്ഞ എടുത്ത ലോംഗ് റേഞ്ചര്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടി ഇന്റര്‍ ഗോള്‍കീപ്പര്‍ യാന്‍ സോമ്മറില്‍ തട്ടി വലയില്‍ തന്നെ കയറി. ഇതോടെ സ്‌കോര്‍ 3-3 എന്ന നിലയിലായി. അവസാന നിമിഷങ്ങളില്‍ ഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും ലീഡ് നേടാന്‍ ഇരുടീമുകള്‍ക്കുമായില്ല.