Publish Date: Sun, 11 Jul 2021 (06:29 IST)
Updated Date: Sun, 11 Jul 2021 (06:30 IST)
ഫുട്ബോൾ ലോകം കാത്തിരുന്ന സ്വപ്‌നഫൈനലിൽ അർജന്റീന ഒരു ഗോളിന് മുന്നിൽ. ഇതിഹാസ കഥകൾ ഒട്ടേറെ പറയാനുള്ള ബ്രസീലിലെ മറാക്കാനയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ അർജന്റീന ഒരു ഗോളിന് മുൻപിലാണ്.
22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. ടൂർണമെന്റിലെ സൂപ്പർ സബ് എന്നറിയപ്പെട്ട എയ്‌ഞ്ചൽ ഡി മരിയ മുഴുവൻ സമയം കളിക്കാനിറങ്ങിയപ്പോൾ അർജന്റൈൻ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. പരിക്കൻ കളി കണ്ട ആദ്യ 15 മിനുട്ടുകൾക്ക് ശേഷം പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവ് മുതലെടുത്തുകൊണ്ടാണ് ഡിമരിയ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്.
പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ നിയന്ത്രണം ആദ്യസമയങ്ങളിൽ ഏറ്റെടുത്തത് ബ്രസീലായിരുന്നെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന മരിയയിലൂടെ ഒരു ഗോളിന് മുന്നിലാണ്. ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാൽ ഇത്തവണ അവസരം മുതലാക്കാൻ താരത്തിലായില്ല. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.