Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നും അവഗണന, രണ്ടാമൻ: അർജന്റീനയുടെ പുതിയ ഹീറോയായ എമിലിയാനോ മാർട്ടിനെസിന്റെ കഥ

എന്നും അവഗണന, രണ്ടാമൻ: അർജന്റീനയുടെ പുതിയ ഹീറോയായ എമിലിയാനോ മാർട്ടിനെസിന്റെ കഥ
, ബുധന്‍, 7 ജൂലൈ 2021 (16:42 IST)
ക്ലബ് ഫുട്ബോളിൽ ലോകത്തിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സ്വന്തം രാജ്യത്തിനായി ഒരു പ്രധാന ട്രോഫിയും നേടാൻ അർജന്റീനയുടെ പടത്തലവൻ ലയണൽ മെസിക്ക് സാധിച്ചിട്ടില്ല. എന്തെല്ലാം വെട്ടിപിടിച്ചാലും ഒരു കിരീടം നേടാനാവാതെ അർജന്റീനിയൻ ജേഴ്‌സിയിൽ നിന്നും ഒരു മെസ്സി കളി നിർത്തിയാൽ മെസ്സിക്ക് മാത്രമല്ല, ഫുട്ബോളിന് തന്നെ അതൊരു അപൂർണതയാകും എന്നുറപ്പാണ്. 
 
അതിനാൽ തന്നെ കോപ്പ അമേരിക്കയിലെ കൊളമ്പിയക്കെതിരായ സെമി ഫൈനലിൽ ഷൂട്ടൗട്ടെന്ന ദുസ്വപ്‌നത്തിലേക്ക് അർജന്റീന എടുത്തെറിയപ്പെട്ടപ്പോൾ ലോകമെങ്ങും അർജന്റീനയുടെ എമിലിയാനൊ മാർട്ടിനെസ് എന്ന ഗോൾകീപ്പറുടെ കൈകളിലേക്കും മനക്കരുത്തിലേക്കും ചുരുങ്ങുകയായിരുന്നു. . ഷൂട്ടൗട്ട് മുൻപ് തന്നിട്ടുള്ള ആഘാതങ്ങൾ വേട്ടയാടുന്ന ആരാധക നിര എമിലിയാനൊ മാർട്ടിനെസ് എന്ന വ്യക്തിയിലേക്ക് ചുരുങ്ങുമ്പോൾ ലോകത്തിന്റെ ആകെ പ്രതീക്ഷകളുടെ ഭാരം അർജന്റൈൻ ഗോളിയുടെ നെഞ്ചിലേക്ക് എടുത്ത് വെക്കപ്പെടുകയായിരുന്നു. വെറും രണ്ടാമനായി മാത്രം കളിക്കളത്തിൽ നാളുകൾ ചിലവഴിച്ച മാർട്ടിനെസ് സീറോയിൽ നിന്നും ഹീറോയിലേക്ക് വളരുന്ന ഫുട്ബോളിന്റെ മാന്ത്രിക സൗന്ദര്യമാണ് പിന്നീടവിടെ കായികപ്രേമികൾക്ക് കാണാനായത്.
 
കോപ്പാ അമേരിക്ക ടീമിൽ രണ്ടാം ഗോൾ കീപ്പറായി മാത്രം തിരഞ്ഞെടുക്കപ്പെട്ട മാർട്ടിനസ് 10 വർഷങ്ങൾക്ക് ശേഷം ദേശീയ ജേഴ്‌സിയിൽ മത്സരിക്കുന്ന ആദ്യ പ്രധാന ടൂർണമെന്റായിരുന്നു ഇത്. ഫ്രാങ്കോ അർമാനി എന്ന പരിചയസമ്പന്നനായ ഒന്നാം നമ്പർ ഗോളി ഉണ്ടായിരുന്നിട്ടും മാർട്ടിനെസിന് അവസരം നൽകിയ അർജന്റൈൻ ഗോളി ലയണൽ സ്കലോനിയോട് ആരാധകർക്ക് നന്ദി പറയാം.
 
ദേശീയ ഫുട്ബോളിൽ മാത്രമല്ല ക്ലബ് ഫുട്ബോളിലും അവഗണനയിൽ വലഞ്ഞ ഭൂതകാലമാണ് അർജന്റൈൻ ഗോൾക്കുള്ളത്. 2008-ൽ അർജന്റീനൻ ക്ലബ്ബ് അത്ലറ്റിക്കോ ഇന്റിപെന്റെയ്നെറ്റിലൂടെ കളി തുടങ്ങിയ താരം രണ്ട് വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സണലിലെത്തിയെങ്കിലും വായ്‌പ അടിസ്ഥാനത്തിൽ ലീഗിൽ താഴെയുള്ള മറ്റ് ക്ലബുകളിൽ മാത്രം കളിക്കാനായിരുന്നു വിധി. 2012ൽ മാത്രമായിരുന്നു പ്രീമിയർ ലീഗിൽ മാർട്ടിനെസിന്റെ അരങ്ങേറ്റം. തുടർന്ന് ഫീൽഡ് വെഡ്നെസ്ഡേ, റോതർഹാം യുണൈറ്റഡ്, വോൾവെർഹാംപ്റ്റൺ വാണ്ടററേഴ്സ്, റീഡിങ് തുടങ്ങിയ ക്ലബ്ബുകളിൽ മാറിമാറി കളിച്ചു. സ്പാനിഷ് ക്ലബ്ബ് ഗെറ്റാഫയിലും ഭാഗ്യം പരീക്ഷിച്ചു.
 
നീണ്ട കാലത്തെ അവഗണനക്ക് ശേഷം 2019-2020 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലായിരുന്നു. ആഴ്സണലിന്റെ ബെർൻഡ് ലെനോയ്ക്ക് പരിക്കേറ്റതോടെ മാർട്ടിനെസ് ആഴ്‌സണലിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറിയത്. തുടർന്ന് ആഴ്‌സണലിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായി മാർട്ടിനെസ് വളർന്നു.തുടർന്നുള്ള മാർട്ടിനെസിന്റെ വളർച്ച പെട്ടെന്നായിരുന്നു. ക്ലബ് ഫുട്ബോളിലെ മികച്ച പ്രകടനം മാർട്ടിനെസിനെ അർജന്റൈൻ ക്യാമ്പിലെത്തിച്ചു.
 
2011ൽ നൈജീരിയക്കെതിരെ അർജന്റീനക്കായി ആദ്യ മത്സരത്തിൽ കളിച്ച മാർട്ടിനെസ് 2022 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ 2021 ജൂണിൽ ചിലിക്കെതിരേ ആയിരുന്നു അർജന്റൈൻ ജേഴ്‌സിയിൽ  തന്റെ രണ്ടാം മത്സരത്തിന് പിന്നീട് ഇറങ്ങിയത്. അതിന് ശേഷം സ്കലോനി കൂടെ കൂട്ടിയതിനെ തുടർന്ന് ടീമിൽ അവസരം ലഭിച്ചപ്പോൾ മാർട്ടിനെസ് പോലും പ്രതീക്ഷിച്ചു കാണില്ല യൂറോ സെമി ഷൂട്ടൗട്ടിലെ 3 സേവുകൾക്ക് വേണ്ടി വന്ന 5 നിമിഷങ്ങൾ തന്റെ അവഗണനയുടെ പത്ത് വർഷത്തെ ചരിത്രത്തെ മായ്‌ച്ച് കളയുമെന്ന്.
 
ഒരു രാത്രി മറയുമ്പോൾ ഒരു രണ്ടാം നിരക്കാരനിൽ നിന്നും അയാൾ ഹീറോയിലേക്ക് വളരുകയാണ്. ഫൈനലിൽ ബ്രസീലിനെതിരെ മെസ്സിയും സംഘവും ഇറങ്ങുമ്പോൾ അർജന്റൈൻ കോട്ടയ്ക്ക് കാവലായി മാർട്ടിനെസ് ഉണ്ടെന്ന ധൈര്യം അർജന്റൈൻ ആരാധകരിൽ നിറക്കുന്ന ധൈര്യം ചില്ലറയല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോപ്പ: സ്വപ്‌നഫൈനലിനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടി, ഗബ്രിയേൽ ജെസ്യൂസിന് വിലക്ക്, ഫൈനൽ നഷ്ടമാവും