ഫെറങ്ക് പുഷ്‌കാസ് സ്റ്റേഡിയത്തിലെ അറുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി യൂറോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് യൂറോ കപ്പുകളിൽ കളിക്കുന്ന ആദ്യതാരമായി മാറിയ റൊണാൾഡോ തുടർച്ചയായി അഞ്ച് യൂറോ കപ്പുകളിലും ഗോൾ കണ്ടെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഹംഗറിക്കെതിരേ 86-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ക്രിസ്റ്റ്യാനോ ലോകത്തെ ഞെട്ടിച്ചപ്പോൾ യൂറോ കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡും തന്റെ പേരിലേക്ക് എഴുതിചേർത്തു.എക്‌സ്‌ട്രാ ടൈമിൽ വീണ്ടും വലകുലുക്കിയ താരം 11 ഗോളുകളാണ് യൂറോ കപ്പിൽ നിന്നും മാത്രം സ്വന്തമാക്കിയത്.
2004ലെ യൂറോകപ്പിൽ തുടക്കമിട്ട റോണോ തുടർന്ന് നടന്ന എല്ലാ യൂറോ കപ്പിലും ടീമിന്റെ ഭാഗമായി 2016ൽ യൂറോ കപ്പ് നേടിയ ടീമിലും റോണോ ഭാഗമായി. അന്ന് എക്സ്ട്രാ ടൈമിൽ ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു പോർച്ചുഗലിന്റെ കിരീടനേട്ടം. പോർച്ചുഗലിനായി ഇതുവരെ 106 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡിന് നാല് ഗോളുകൾ മാത്രം അകലെയാണ് താരം. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദേയിയുടെ പേരിലാണ് ഈ റെക്കോർഡ് ഉള്ളത്.