'ഗോളിയുടെ ഇടത് വശത്തേക്ക് ഷൂട്ട് ചെയ്യാനാണ് ഞാന്‍ ആദ്യം തീരുമാനിച്ചത്, മാര്‍ട്ടിനെസാണ് എന്നോട് നടുക്കിലേക്ക് അടിക്കാന്‍ പറഞ്ഞത്'; വെളിപ്പെടുത്തലുമായി ഡിബാല, അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് പണി കിട്ടിയേനെ !
അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ പെനാല്‍റ്റി കിക്ക് എടുത്തതെന്ന് വെളിപ്പെടുത്തുകയാണ് ഡിബാല
ലോകകപ്പ് ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടിനെ കുറിച്ച് വെളിപ്പെടുത്തി അര്‍ജന്റീന താരം പൗലോ ഡിബാല. അര്‍ജന്റീനയ്ക്ക് വേണ്ടി ഒരു കിക്ക് ലക്ഷ്യത്തിലെത്തിച്ചത് ഡിബാലയാണ്. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ പെനാല്‍റ്റി കിക്ക് എടുത്തതെന്ന് വെളിപ്പെടുത്തുകയാണ് ഡിബാല ഇപ്പോള്‍.
' കളിയിലേക്ക് ഇറങ്ങാന്‍ കോച്ച് എന്നോട് പറഞ്ഞപ്പോള്‍ അത് പെനാല്‍റ്റി ഷൂട്ടൗട്ടിന് വേണ്ടിയാണെന്ന് എനിക്ക് മനസ്സിലായി. പരമാവധി കൂള്‍ ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ദിവസങ്ങളില്‍ കളിക്കുന്നതുപോലെ അല്ല ഒരു ലോകകപ്പ് ഫൈനല്‍. അത്ര എളുപ്പമുള്ള കാര്യമല്ല അത്. എന്റെ പെനാല്‍റ്റി കിക്കിന്റെ സമയമായപ്പോള്‍ പന്തിന്റെ അടുത്തേക്ക് കുറേ ദൂരം നടക്കാന്‍ ഉള്ളതുപോലെ എനിക്ക് തോന്നി,' ഡിബാല പറഞ്ഞു.
' കിക്ക് എടുക്കുന്നതിനു മുന്‍പ് ഞാന്‍ ഡിബുവിനോട് (എമിലിയാനോ മാര്‍ട്ടിനെസ്) സംസാരിച്ചു. ഫ്രാന്‍സ് ഒരു കിക്ക് പാഴാക്കി നില്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ എടുക്കാന്‍ പോകുന്ന കിക്ക് വളരെ നിര്‍ണായകമാണ്. പോസ്റ്റിന്റെ മധ്യഭാഗത്തേക്ക് കിക്ക് എടുക്കാന്‍ ഡിബു എന്നോട് പറഞ്ഞു. ലോറിസ് (ഫ്രഞ്ച് ഗോളി) ഏതെങ്കിലും വശത്തേക്ക് ഡൈവ് ചെയ്യാനുള്ള ശ്രമത്തിലായിരിക്കും. ഗോളിയുടെ ഇടത് ഭാഗത്തേക്ക് ആ കിക്ക് എടുക്കാനാണ് ഞാന്‍ ആദ്യം ആലോചിച്ചത്. പക്ഷേ ലോറിസ് ആ ഭാഗത്തേക്കാണ് ഡൈവ് ചെയ്തത്. ഞാന്‍ ഡിബുവിന്റെ വാക്കുകള്‍ അനുസരിച്ച് പോസ്റ്റിന്റെ മധ്യത്തിലേക്ക് അടിച്ചു. ശക്തമായ ഒരു കിക്ക് എടുക്കുകയായിരുന്നു,' ഡിബാല കൂട്ടിച്ചേര്‍ത്തു.